ആരാധകരെയും സുഹൃത്തുക്കളെയും ഉറ്റവരെയും തീരാദുഃഖത്തിലാഴ്ത്തിയാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിട പറഞ്ഞത്. മകള്‍ക്ക് പിന്നാലെ ബാലഭാസ്‌കറും യാത്രപറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രിയപ്പെട്ടവരുടെ വിയോഗം അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.. നന്നേ ചെറുപ്പത്തില്‍ വിവാഹിതരായവരാണ് ബാലുവും ലക്ഷ്മിയും. 22 വയസ് മാത്രമാണ് വിവാഹിതനാകുമ്പോള്‍ ബാലുവിന്റെ പ്രായം. യൂണിവേഴ്സിറ്റി കോളേജിലെ കലാലയ ജീവിതത്തില്‍ മൊട്ടിട്ട പ്രണയം. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നുള്ള വിവാഹം. 2000 ഡിസംബറിലാണ് ബാലഭാസ്‌കറും ലക്ഷ്മിയും വിവാഹിതരാകുന്നത്. ലക്ഷ്മിയെ കണ്ടതും താന്‍ പ്രണയത്തിലായെന്നാണ് ബാലഭാസ്‌കര്‍ പറഞ്ഞത്. വിവാഹിതരായതിന്റെ പിറ്റേ വര്‍ഷം ബാലഭാസ്‌കര്‍ ഗൃഹലക്ഷ്മിക്കായി നല്‍കിയ അഭിമുഖത്തില്‍ നിന്ന്...
ബാലഭാസ്‌കര്‍ ഒന്നിനെയും കാത്തിരിക്കാറില്ല. കാണാന്‍ മോഹിക്കുന്ന സ്വപ്‌നങ്ങള്‍, ജീവിതത്തില്‍ നേരത്തെ എത്തുന്നു. പതിനേഴാം വയസ്സില്‍ സംഗീതം തൊഴിലായി സ്വീകരിച്ചു. ഇരുപത്തിരണ്ടില്‍ പ്രണയിനി ജീവിതസഖിയായി. 'നടക്കാനുള്ളവ ജീവിതത്തില്‍ ഒരുപാട് നേരത്തെ നടക്കുന്നതായി തോന്നിയിട്ടുണ്ട്', കൗമാരം മാറാത്ത മുഖത്ത് ചിരി. ലക്ഷ്മിയുടെ ബാലു, നമ്മുടെ ബാലഭാസ്‌കര്‍.
പൂജപ്പുര ചട്ടമ്പി സ്വാമി റോഡില്‍ ചിത്രാനഗറിലെ പുലരിയില്‍ ലക്ഷ്മിയും ബാലുവും കൂടുവെച്ചതും പ്രണയം പോലെ അപ്രതീക്ഷിതമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ ഹിന്ദി പഠിക്കാനെത്തിയപ്പോഴാണ് ലക്ഷ്മി, ബാലുവിനെ നേരില്‍ കാണുന്നത്. അതിനുമുമ്പ് ദൂരദര്‍ശനില്‍ ഒരഭിമുഖത്തില്‍ കണ്ടിട്ടുണ്ട്. പാട്ടും കേട്ടിട്ടുണ്ട്. 'എന്നുവെച്ച് നേരില്‍ കണ്ടാല്‍ ആളെ അറിയുമായിരുന്നില്ല', ലക്ഷ്മി പറയുന്നു.
അന്ന് ലക്ഷ്മി വിമന്‍സ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി. ബാലഭാസ്‌കര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍.
'യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ സംസ്‌കൃതം എം.എ.യ്ക്ക് ചേര്‍ന്നപ്പോള്‍ ഇവള്‍ അവിടെയെത്തി. കണ്ടതും ഞാന്‍ പ്രണയത്തിലായി. കടുത്ത പ്രണയം. ഒരു വര്‍ഷം പിന്നാലെ നടന്ന് ഏറെ കഷ്ടപ്പെട്ടാണ് ഇവളെ സ്വന്തമാക്കിയത്. 'ആരുനീയോമലേ' എന്ന പാട്ട് പ്രണയതീവ്രതയില്‍ സൃഷ്ടിച്ചതാണ്. പിരിയാനാകാത്ത സുഹൃത്തിനെ പറ്റി ഗൃഹലക്ഷ്മി ഒരഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് ലക്ഷ്മിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത്. അന്നിവള്‍ കുറേ വഴക്കുണ്ടാക്കി. പിന്നീട് പ്രശ്‌നമൊക്കെ മാറി.'
'വിവാഹം കഴിഞ്ഞ് ആദ്യം ഇളയച്ഛന്റെ വീട്ടില്‍ പോയി. അച്ഛനെയും വിവരങ്ങള്‍ ധരിപ്പിച്ചു. ഇവളുടെ വീട്ടിലും പോയിരുന്നു. എം.എ പരീക്ഷ കഴിഞ്ഞതേയുള്ളൂ. ജയിക്കുമെന്ന് പ്രതീക്ഷയില്ല. ഇവള്‍ പരീക്ഷ എഴുതിയതുമില്ല. അടുത്ത തവണ എഴുതും. ചിട്ടയില്ലാത്ത എന്റെ ജീവിതവുമായി ചേര്‍ന്നുപോവുക പ്രയാസം തന്നെ', ഇരുത്തം വന്ന ഗൃഹസ്ഥന്റെ സ്വരം.
'എനിക്ക് സംഗീതം ഒന്നേയുള്ളൂ. അതിന് വേര്‍തിരിവുകളില്ല. ജനകീയസംഗീതത്തിന് സിനിമയില്‍ നിന്ന് വേറിട്ടൊരു ജീവിതമുണ്ടെന്ന് തെളിയിക്കണം. കണ്‍ഫ്യൂഷന്‍ സംഗീതസംഘം അതിനായുള്ളതാണ്. സംഘത്തെപ്പറ്റി വീട്ടുകാര്‍ക്ക് വേവലാതിയുണ്ടായി', കണ്‍ഫ്യൂഷന്‍ ബാന്‍ഡ് കോളേജിന് പുറത്തേക്ക് വരികയാണ്. 'അമ്മാവന്‍ പ്രശസ്ത വയലിനിസ്റ്റ് ബി.ശശികുമാറില്‍ നിന്നാണ് ഗുരുകുലച്ചിട്ടയില്‍ സംഗീതമഭ്യസിച്ചത്. കോളേജിലെത്തിയതോടെ ഫ്യൂഷന്‍ സംഗീതത്തില്‍ താല്‍പര്യമായി. എന്നുവെച്ച് ക്ലാസിക്കല്‍ ഉപേക്ഷിച്ചെന്നല്ല. എന്നാലാവുന്നത് ചെയ്യും.'
'നല്ല സംഗീതം ഇഷ്ടപ്പെടുന്നവരാണ് കണ്‍ഫ്യൂഷനിലുള്ളവര്‍. ഞങ്ങളൊരുമിച്ചാല്‍ മിക്കവാറും പട്ടിണിയാണ്, സംഗീതത്തില്‍ സ്വയം മറക്കും. ഞങ്ങളാരും ലഹരി ഉപയോഗിക്കുന്നവരല്ല. സംഗീതത്തെ ആരാധിക്കുന്നവര്‍', ആത്മാവുള്ള സംഗീതമാണ് മനസ്സിലെന്ന് ബാലഭാസ്‌കര്‍.
സംസാരം സംഗീതക്കുറിച്ചാവുമ്പോള്‍ ബാലഭാസ്‌കര്‍ വാചാലനാവുന്നു. 'ഇവള്‍ സംഗീതത്തെപ്പറ്റി അഭിപ്രായമൊക്കെ പറയും. അപ്പോള്‍ത്തന്നെ കൊട്ടുകൊടുത്ത് ഇരുത്തും', ഒളികണ്ണിട്ട് ലക്ഷ്മിയെ നോക്കി ബാലഭാസ്‌കറിന്റെ പൊട്ടിച്ചിരി. 'ഒരു ആര്‍ട്ട് സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതമിട്ടേക്കും. പിന്നെ...(ലക്ഷ്മിയെ നോക്കി, പറയാമല്ലോ എന്ന ചോദ്യത്തോടെ) ഈ ജൂണില്‍ വയലിന്‍ കച്ചേരിക്ക് യൂറോപ്പില്‍ പര്യടനം നടത്താനും സാധ്യതയുണ്ട്', ബാലഭാസ്‌കര്‍ പറയുന്നു.
ജീവിതത്തെ വരുന്ന രീതിയില്‍ സ്വീകരിക്കുകയെന്നതാണ് ബാലഭാസ്‌കറിന്റെ നയം. ഒന്നിനെക്കുറിച്ചും പരിഭ്രമമില്ല. താങ്ങാവുന്നതിനപ്പുറം വിഷമം വരുമ്പോള്‍ നിറഞ്ഞ ചിരി, അതാണ് ഔഷധം. പുലരിയില്‍ വിഷാദങ്ങളില്ല. ചിരി മാത്രം.
2001 ജൂണില്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.
balabhaskar wife lakshmi marriage interview violinist balabhaskar demise