വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിന്‍ വാദകന്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല(ജാനി) മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്.
ലക്ഷ്മി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിനു സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്.
ഇടയ്ക്കു ബോധം തെളിഞ്ഞപ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷിച്ചത് തന്റെ മകളെയാണ്. മകള്‍ അടുത്ത മുറിയിലുണ്ടെന്നു പറഞ്ഞെങ്കിലും കാണണമെന്നുപറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു. പക്ഷേ, പിന്നെ വീണ്ടും അബോധാവസ്ഥയിലായി.
ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിക്കാത്തത് ഇതുകൊണ്ടാണ്.