സ്റ്റുഡിയോയിലെ സ്പീക്കറുകളിലൂടെ ചിത്രയുടെ കുട്ടിത്തം വിടാത്ത ശബ്ദമൊഴുകുന്നു: വെണ്ണിലാ ചിറകുമായ് മണിമുകില്‍ ശലഭമായ്..'' ദിവസങ്ങള്‍ മാത്രം മുന്‍പ് റെക്കോര്‍ഡ് ചെയ്ത പാട്ടാണ്. വ്യത്യസ്തമായ ഈണം. രാഗഭാവം ഉള്‍ക്കൊണ്ടുതന്നെ തികച്ചും ആധുനികമായ ഓര്‍ക്കസ്ട്രേഷന്‍ ശൈലി. പാട്ട് തീര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗായകന്‍ ജയചന്ദ്രന്‍ ചോദിച്ചു: ഭഭഅസ്സലായി. ആരാ മ്യൂസിക് ഡയറക്ടര്‍?''
കണ്‍സോളിലെ ആള്‍ക്കൂട്ട''ത്തിനിടിയില്‍ നിന്ന് ഒരാള്‍ സങ്കോചത്തോടെ മുന്നോട്ട് കയറിനില്‍ക്കുന്നു മീശമുളക്കാത്ത ഒരു പയ്യന്‍. അടുത്തുനിന്നവരിലാരോ അയാളെ ജയചന്ദ്രന് പരിചയപ്പെടുത്തുന്നു: ഈ കുട്ടിയാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ബാലഭാസ്‌കര്‍.'' നേര്‍ത്ത ലജ്ജ കലര്‍ന്ന പുഞ്ചിരിയോടെ ഒന്നും മിണ്ടാതെ നിന്ന നവാഗത സംഗീത സംവിധായകനെ അത്ഭുതത്തോടെ നോക്കി ജയചന്ദ്രന്‍. പിന്നെ എഴുന്നേറ്റു നിന്ന് കൈകൂപ്പി പറഞ്ഞു: വിശ്വസിക്കാന്‍ പറ്റുന്നില്ല. സീനിയര്‍ ആയ ആരോ കംപോസ് ചെയ്ത പാട്ടാണെന്നാണ് തോന്നിയത്. എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള പാട്ടുകള്‍ ചെയ്യാന്‍ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ. ''നമ്രശിരസ്‌കനായി ആ വാക്കുകള്‍ കേട്ടു നിന്ന ബാലഭാസ്‌കറിന്റെ ചിത്രം ഇന്നുമുണ്ട് ഓര്‍മ്മയില്‍; ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷവും. മംഗല്യപല്ലക്ക്'' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയിട്ട് അധികനാളായിരുന്നില്ല 18 കാരനായ ബാലഭാസ്‌കര്‍.
അന്ന് ജയചന്ദ്രന്റെ കാറിലാണ് സാലിഗ്രാമത്തില്‍ നിന്ന് ബാലു തിരികെ തന്റെ താമസസ്ഥലത്തേക്ക്മടങ്ങിയത്. ചെന്നൈ നഗരവീഥികളിലൂടെയുള്ള യാത്രയിലുടനീളം ജയേട്ടന്‍ തനിക്കിഷ്ടപ്പെട്ട പഴയ പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു ഞങ്ങളെ. മുഹമ്മദ് റഫിയുടേയും പി സുശീലയുടെയും പി.ബി ശ്രീനിവാസിന്റെയുമൊക്കെ പാട്ടുകള്‍. ബാലു ആദ്യമായി കേള്‍ക്കുകയായിരുന്നു അവയില്‍ പലതും. സിനിമയില്‍ നിലനില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഴയ നല്ല പാട്ടുകള്‍ കൂടെക്കൂടെ കേള്‍ക്കണം. മദന്‍ മോഹന്റെയും എം എസ് വിശ്വനാഥന്റെയും ബാബുരാജിന്റെയും പാട്ടുകള്‍.''ജയചന്ദ്രന്റെ മുഖത്തെ ഭാവപ്പകര്‍ച്ചകളും സംസാരവും ആലാപനവും കൗതുകത്തോടെ ആസ്വദിച്ചിരിക്കെ തികച്ചും അപ്രതീക്ഷിതമായി ബാലു പറഞ്ഞു: എനിക്ക് സിനിമയോട് ഭ്രമമില്ല സാര്‍. സിനിമയല്ല എന്റെ സ്വപ്നം. യാദൃച്ഛികമായി ഇവിടെ വന്നുപെട്ടു എന്നേയുള്ളൂ. എന്റെ ജീവിതം തന്നെ വയലിനാണ്. സിനിമയൊക്കെ അതുകഴിഞ്ഞേ വരൂ..'' ഉറച്ച ശബ്ദത്തിലുള്ള ആ വാക്കുകളില്‍ സംഗീതത്തെ ഗൗരവത്തോടെ കാണുന്ന ഒരു കൗമാരക്കാരന്റെ ആത്മവിശ്വാസം മുഴുവന്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ ബാലു ഒന്നുകൂടി പറഞ്ഞു: ജയചന്ദ്രന്‍ സാറിന്റെ ശബ്ദത്തിന്റെ ആരാധകനാണ് ഞാന്‍. എനിക്ക് വേണ്ടി സാര്‍ എന്നെങ്കിലും ഒരു പാട്ട് പാടണം. നല്ല റൊമാന്റിക് ആയ ഒരു പാട്ട്. വലിയൊരു ആഗ്രഹമാണ്.'' ചിരിച്ചുകൊണ്ട് ആരാധകനെ യാത്രയാക്കുന്നു ഭാവഗായകന്‍.
ഒരു വര്‍ഷത്തിനകം ബാലഭാസ്‌കറിന് വേണ്ടി ജയചന്ദ്രന്‍ പാടി; നിനക്കായ്'' എന്ന ആല്‍ബത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം.'' സിനിമാഗാനങ്ങളെക്കാള്‍ ജനപ്രിയമായി മാറിയ ആല്‍ബം ഗാനം. ഞാന്‍ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്ത ഗാനമാണത്.'' പിന്നീടൊരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ബാലു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മവരുന്നു. പ്രണയിനിയെ കുറിച്ചാണ് അതിന്റെ വരികള്‍. അവ ചിട്ടപ്പെടുത്തുമ്പോള്‍ ഞാന്‍ എന്റെ കാമുകിയെ ഓര്‍ത്തു. മറ്റാരേയുമല്ല; എന്റെ പ്രിയപ്പെട്ട വയലിനെ. രാഗമായ് അത് താളമായ് നീയെനിക്കാത്മാവിന്‍ ദാഹമായി, ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരു അനുരാഗമായ് എന്നൊക്കെയുള്ള വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ എന്റെ വയലിന്‍ തന്നെയായിരുന്നു മനസ്സില്‍...''
മരണം വരെ ആ ഇഷ്ടം കാത്തുസൂക്ഷിച്ചു ബാലഭാസ്‌കര്‍. ഒന്നിനുമല്ലാതെ, എന്തിനോ തോന്നിയ ഒരു ഇഷ്ടം.