വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌ക്കര്‍ മടങ്ങുമ്പോള്‍ വേദനയോടെ വിടനല്‍കുകയാണ് സംഗീതലോകം. ബാലഭാസ്‌കര്‍ തിരിച്ചുവരുമെന്നു തന്നെയായിരുന്നു സുഹൃത്തുക്കളും ആരാധകരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ തേടിയെത്തിയ ആ ദുഖ:വാര്‍ത്ത ഇതുവരെ ഉള്‍ക്കൊള്ളുവാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ'- ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം വരെ ആശുപത്രി വൃത്തങ്ങളില്‍ നിന്ന് പ്രതീക്ഷ തരുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരുന്നത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
ബാലഭാസ്‌കര്‍, ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.