പ്രളയദുരന്ത സഹായ ധനശേഖരണത്തിനു നടക്കുന്ന 'ഒരുമ' എന്ന പരിപാടിയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ ഫ്യൂഷന്‍ കച്ചേരി തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ ഏഴിനാണ് പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ആരാധകരെയും സംഗീത ലോകത്തെയും.
ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞ, ധനശേഖരാര്‍ത്ഥം നടക്കുന്ന പരിപാടിയില്‍ ബാലുവിനു പകരം ആ ദൗത്യം വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ഏറ്റെടുത്തു. ആ പരിപാടി ഏറ്റെടുക്കുന്നതായും, ഒരുമ എന്ന പരിപാടി ബാലുവിനു സമര്‍പ്പിക്കുന്നതായും ശബരീഷ് പറഞ്ഞു.
പരിപാടിയെക്കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ കൈലാസ് മേനോന്‍ പങ്കുവയ്ച്ച ഹിരണ്‍ എന്ന ഡിസൈനറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
'ഈ വരുന്ന ഞായറാഴ്ച ബാംഗളൂരില്‍ പ്രളയദുരന്ത സഹായ ധനശേഖരണത്തിനു നടക്കുന്ന 'ഒരുമ' എന്ന പരിപാടിയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ ഫ്യൂഷന്‍ കച്ചേരി ഉണ്ടാവേണ്ടതായിരുന്നു. ബാലു ഇന്നില്ല.
ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞ, ധനശേഖരാര്‍ത്ഥം നടക്കുന്ന പരിപാടിയില്‍ ബാലുവിനു പകരം ആ ദൗത്യം ശബരീഷ് പ്രഭാകര്‍ എന്ന വയലിനിസ്റ്റ് ഏറ്റെടുത്തു. ആ പരിപാടി ഏറ്റെടുക്കുന്നതായും, ഒരുമ എന്ന പരിപാടി ബാലുവിനു സമര്‍പ്പിക്കുന്നതായും പറഞ്ഞുകൊണ്ട് വീഡിയൊ ശബരീഷ് ഇട്ടിരുന്നു.
ബാലഭാസ്‌കറിന്റെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയ പോസ്റ്ററില്‍ ബാലുവിനെ മാറ്റി ശബരീഷിനെ വച്ചാണ് രണ്ടാം പോസ്റ്റര്‍ വന്നത്.രണ്ടും രണ്ട് പോസ്റ്ററാണ്. പക്ഷെ രണ്ടിനേയും ഒരുമിച്ച് വച്ച്, 'ദാ കണ്ടോ, ബാലുവിനെ വെട്ടി ഒട്ടിച്ച് പകരക്കാരന്‍ കയറി' എന്ന ഭാഷയില്‍ ആളുകള്‍ പ്രതികരിക്കുന്നു. കഷ്ടമാണ്. നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ബാലുവും ശബരീഷും പരിപാടി കമിറ്റ് ചെയ്തത് ലാഭം വാങ്ങാതെയാണ്. ഒരാളുടെ മരണത്തിനു ശേഷം അയാള്‍ തുടങ്ങി വച്ച / കമിറ്റ് ചെയ്ത ഒരു കാര്യം നടത്താന്‍ മറ്റൊരാള്‍ തയ്യാറാവുന്നത് തന്നെ ഒരു വലിയ ബഹുമാനമാണ്.ആ ജെസ്റ്റര്‍ കാണിച്ച ശബരീഷിനു നന്ദി.
'എന്നിലൂടെ ബാലു തന്നെയാവും വയലിന്‍ വായിക്കുക' എന്നാണ് ശബരീഷ് ആ വീഡിയോയില്‍ പറഞ്ഞത്. അതെന്നും അങ്ങനെയാണ് - അവസാന 20 വര്‍ഷത്തില്‍ വയലിന്‍ പഠിച്ച പലരിലൂടേയും വരുന്നത് ബാലഭാസ്‌കറിന്റെ വയലിന്‍ സംഗിതം തന്നെയാണ്'.