കലാമണ്ഡലം ഹൈദരാലിയുടെ വലിയ ആരാധകനായിരുന്നു ബാലഭാസ്‌കര്‍. ഹൈദരാലിയെ പോലെ പ്രതിഭയുടെ പാതിവഴിയില്‍ ബാലഭാസ്‌ക്കറും റോഡില്‍ പൊലിഞ്ഞു-കഥകളി വേഷക്കാരനായ കലാമണ്ഡലം കൃഷ്ണകുമാര്‍ പറഞ്ഞു. പ്രിയപ്പെട്ട ബാലുവിനെ അവസാന നോക്കു കാണാന്‍ മകന്‍ അപ്പുവിനോടൊപ്പം കൃഷ്ണകുമാര്‍ പുറപ്പെട്ടത് ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവെച്ചായിരുന്നു.
വടക്കാഞ്ചേരി മിണാലുര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ വയലിന്‍ വിസ്മയത്തെ പരിചയപ്പെടുന്നത് ഒന്നര പതിറ്റാണ്ടു മുന്നെ കലാമണ്ഡലത്തില്‍ നിന്നാണ്.കഥകളി സംഗീതത്തോടുള്ള ആരാധനയില്‍ കലാമണ്ഡലം ഹൈദരാലിയെ കാണാനെത്തിയതായിരുന്നു ബാലഭാസ്‌കര്‍. ഹൈദരാലിയോട് വലിയ ബഹുമാനമായിരുന്നു. ഹൈദരാലിയുടെ ആലാപന മാധുര്യത്തിനായി ഏറെ സമയം ബാലഭാസ്‌ക്കര്‍ പല ദിവസങ്ങളിലും തിരക്കുകള്‍ ഒഴിവാക്കി എത്തുക പതിവാണ്. സ്വര വിസ്മയമായിരുന്ന ഹൈദരാലിയുടെ ആരാധകനാണെന് അഭിമാനത്തോടെ ബാലഭാസ്‌കര്‍ പറയാറുണ്ട്.
കലാമണ്ഡലം കൃഷ്ണകുമാറിന്റെ കുടുംബ സുഹൃത്തായി പിന്നീട് ബാലഭാസ്‌കര്‍. രണ്ട് കുടുംബങ്ങളും അടുത്ത ബന്ധത്തിലായിരുന്നു. കഥകളി അരങ്ങുകള്‍ക്ക് മുന്നില്‍ കൃഷ്ണകുമാറിന്റെ നല്ല ആസ്വാദകനായി ബാലഭാസ്‌കറും തിരിച്ച് ബാലുവിന്റെ വയലിന്‍ വിസ്മയവേദികള്‍ക്ക് മുന്നില്‍ കൃഷ്ണ കുമാറും മകനും സ്ഥാനം ഉറപ്പാക്കിയിരുന്നു.
കഥകളിയിലെ സൂപ്പര്‍ സ്റ്റാര്‍ കലാമണ്ഡലം ഗോപി ആശാനെ പരിചയപ്പെടണമെന്ന മോഹം ബാലഭാസ്‌കര്‍ പ്രകടിപ്പിച്ചു. തന്റെ ഗുരുവായ ഗോപി ആശാന് മുന്നില്‍ ചെന്ന് വയലിനിലെ 'ഉദയ സൂര്യ'നെ പരിചയപ്പെടുത്തി. മുഖഭാവില്‍ നേരിട്ട് ആദ്യമാണെങ്കിലും ബാലഭാസ്‌കറിനെ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്ന ഗോപി ആശാന്റെ മറുപടി വലിയ അംഗീകാരമായിട്ടാണ് ബാലഭാസ്‌കര്‍ അന്ന് കണ്ടത്. സംഗീതത്തിന്റെ വ്യാകരണം അറിയുന്ന കലാമണ്ഡലം സദസ്സിനു മുന്നില്‍ ഫ്യൂഷന്‍ അവതരണം ബാലഭാസ്‌ക്കറിന്റെ ആഗ്രഹമായിരുന്നു.2015ല്‍ ദേശീയ നിള സംഗീതോത്സവത്തില്‍ ബാലഭാസ്‌കറിന് അവസരം ലഭിച്ചു.അന്നത്തെ സംഗീത വിരുന്ന് നിറഞ്ഞ സദസ്സിനും ബാലഭാസ്‌കറിനും ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാവുന്ന മധുരാനുഭവമായി.
കലാമണ്ഡലം സര്‍വീസില്‍ നിന്ന് വിരമിയ്ക്കുന്നതിന് മുന്നോടിയായി കൃഷ്ണകമാറിന്റെ ആരാധകരും ശിഷ്യരും കൃഷ്ണായനം സംഘടിപ്പിച്ചപ്പോള്‍ ബാലഭാസ്‌കര്‍ മുഴുവന്‍ സമയവും കലാമണ്ഡലത്തില്‍ കൃഷ്ണകുമാറിന്റെ കൂടെ ഉണ്ടായിരുന്നു. ചെണ്ടയിലെ ജീനിയസ്സ് മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടിയും ബാലഭാസ്‌ക്കറിന് ഗുരുതുല്ല്യനായിരുന്നു. രണ്ടു പേരും ഒന്നിച്ചു ചേര്‍ന്ന ഫ്യൂഷന്‍ പരിപാടികള്‍ ഏറെ ആവേശത്തോടെയാണ് കലാകേരളം സ്വീകരിച്ചത്.കഥകളിയെയും കഥകളി സംഗീതത്തെയും ഏറെ പ്രണയിച്ച ബാലഭാസ്‌ക്കര്‍ ഇനി ഓര്‍മ്മ.