ചാക്കോ കൊല്ലപ്പെടുന്നത്‌ ഞാന്‍ ജനിച്ചതിന് കൃത്യം 5 വര്‍ഷം മുന്‍പ്; ടൊവിനോ പറയുന്നു


2 min read
Read later
Print
Share

കുറുപ്പിൽ ടൊവിനോ, കൊല്ലപ്പെട്ട ചാക്കോ

തന്റെ സിനിമാ ജീവിതത്തില്‍ ഏറെ വൈകാരികമായ വെല്ലുവിളി സമ്മാനിച്ച ചിത്രമാണ് കുറുപ്പെന്ന് നടന്‍ ടൊവിനോ തോമസ്. കുറുപ്പിലെ ചാര്‍ലി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. കുറുപ്പിനാല്‍ കൊല്ലപ്പെട്ട ചാക്കോയെ ചാര്‍ലി എന്ന പേരിലാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നോട് കഥ പറയുന്ന വേളയില്‍ ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത താനും അനുഭവിച്ചുവെന്ന് ടൊവിനോ പറയുന്നു. താന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പാണ് ചാക്കോ കൊല്ലപ്പെട്ടതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ടൊവിനോയുടെ കുറിപ്പ്

കുറുപ്പിലെ ചാര്‍ലിയെ അവതരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ കുറച്ച് കാരണങ്ങളുണ്ടായിരുന്നു എനിക്ക്. ശ്രീനാഥ് രാജേന്ദ്രന്‍ എന്നോട് തിരക്കഥ പറഞ്ഞു തന്നതു മുതല്‍ തന്നെ കുറുപ്പ് എന്നെ വേട്ടയാടാന്‍ തുടങ്ങി. സ്‌ക്രീനില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വൈകാരികപരമായി വെല്ലുവിളിയായിരുന്നു.

ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത ഞാനും അനുഭവിച്ചു. എന്തെല്ലാമായിരിക്കും ചാക്കോ അനുഭവിച്ചിട്ടുണ്ടാകുക എന്നാണ് ഞാന്‍ ചിന്തിച്ചത്. വളരെ യാദൃശ്ചികമായ എനിക്ക് തോന്നിയത് ഇതാണ്. ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പ്. കേള്‍ക്കുമ്പോള്‍ കുറച്ച് ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ തന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയത്.

ശ്രീ ഏട്ടന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുണ്ട്. ചാക്കോയോടും കുടുംബത്തോടുമുള്ള തന്റെ സ്‌നേഹവും ഈയവസരത്തില്‍ അറിയിക്കുകയാണ്. ചാര്‍ലി എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായിരുന്നു. എന്നെ ഈ സിനിമയുടെ ഭാഗമാക്കിയ വേയ്ഫറര്‍ ഫിലിംസിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നു- ടൊവിനോ കുറിച്ചു.

Content Highlights: Tovino Thomas about playing Charlie, Kurup Movie, Dulquer Salmaan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram