അജ്ഞാതവാസം കഴിഞ്ഞു, ‘കുറുപ്പി’ന് വൻ വരവേൽപ്പ്‌; തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ


1 min read
Read later
Print
Share

ലോകമെമ്പാടുമായി 1500-ഓളം സ്‌ക്രീനുകളിൽ ഒരേസമയം ചിത്രം പുറത്തിറങ്ങിയതിന്റെ ആവേശത്തിലായിരുന്നു ഫാൻസ് അസോസിയേഷനുകൾ

Photo | Facebook, Dulquer Salmaan

കോഴിക്കോട്: കോവിഡിനുശേഷം ആദ്യം തിയേറ്ററുകളിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം ‘കുറുപ്പി’ന് നഗരത്തിലെ തിയേറ്ററുകളിൽ വൻ വരവേൽപ്പ്‌. കോഴിക്കോട്ടുകാരനായ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ 35 കോടിയുടെ ദുൽഖർ ചിത്രം കാണാൻ ആദ്യ ഷോയ്ക്കുതന്നെ അച്ഛനമ്മമാരുമൊത്ത് ക്രൗൺ തിയേറ്ററിലെത്തി.

ചിത്രം പ്രദർശിപ്പിച്ച തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ ആയിരുന്നു. കോവിഡ് നിബന്ധനകാരണം തിയേറ്റർ പ്രവേശനം പകുതി സീറ്റുകളിലൊതുക്കിയതിനാൽ പലരും ആദ്യഷോ കാണാനാവാതെ നിരാശരായി. അപ്‌സര, രാധ, ഇ-മാക്സ്, കൈരളി-ശ്രീ, റീഗൽ തുടങ്ങി എല്ലാ തിയേറ്ററുകളിലും സ്ഥിതി ഇതായിരുന്നു. ചിത്രം കണ്ടിറങ്ങിയവർ പൊതുവേ നല്ല അഭിപ്രായം പ്രകടിപ്പിച്ചു.

ലോകമെമ്പാടുമായി 1500-ഓളം സ്‌ക്രീനുകളിൽ ഒരേസമയം ചിത്രം പുറത്തിറങ്ങിയതിന്റെ ആവേശത്തിലായിരുന്നു ഫാൻസ് അസോസിയേഷനുകൾ.

Read More : കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍| Kurup Review

കിടിലൻ ത്രില്ലർ പാക്കേജ് എന്നവർ വിശേഷിപ്പിക്കുന്ന സിനിമ, കൊലപാതകവും അന്വേഷണവും ഒപ്പം സുകുമാരക്കുറുപ്പിന്റെ വ്യക്തിജീവിതവുമൊക്കെ ചർച്ചചെയ്യുന്നു. 1989മുതൽ പിടികിട്ടാപ്പുള്ളിയായി തുടരുന്ന ഒരാളുടെ കഥ സ്‌ക്രീനിൽ നിറയുമ്പോൾ തിയേറ്ററിൽ കരഘോഷമുയർന്നു.

ഓരോ സിനിമയും ഓരോ അനുഭവം -ശ്രീനാഥ് രാജേന്ദ്രൻ

ഓരോ സിനിമയും ഓരോ അനുഭവമാണെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. ‘‘ആദ്യ ഡി.ക്യു. ചിത്രമായ ‘സെക്കൻഡ്‌ ഷോ’ റിലീസായ ദിവസംപോലെത്തന്നെയാണ് ഇതും. ചിത്രത്തിന്റെ കാര്യത്തിൽ അമിതമായ ആകാംക്ഷയില്ല.

മലയാള ചിത്രപ്രദർശനങ്ങളുടെ ആദ്യ തിരിച്ചുവരവ് ഇതായി എന്നത് യാദൃച്ഛികമാണ്. രണ്ടുവർഷത്തോളം കാത്തിരുന്നിട്ട് സിനിമ തിയേറ്ററുകളിൽ എത്തുന്നതിന്റെ സന്തോഷമുണ്ട്. ‘കുറുപ്പി’ന്റെ ആദ്യ ചർച്ചകൾ നടന്നത് കോഴിക്കോട്ടാണ്. അതാണ് ആദ്യ തിയേറ്റർ ഷോയും ഇവിടെവച്ച് കാണണമെന്ന് തീരുമാനിച്ചത്.

ഓൺലൈൻ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യാൻ റെക്കോഡ്‌ തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. ഇതെല്ലാം അവഗണിച്ച് സിനിമ തിയേറ്ററിലെത്തിച്ചതിൽ സന്തോഷം തോന്നുന്നു. ലഭ്യമായ യഥാർഥവിവരങ്ങളെല്ലാം ചേർത്താണ് സിനിമയൊരുക്കിയത്. അതിശയോക്തിയില്ല. ആരെയും വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്’’ -ശ്രീനാഥ് രാജേന്ദ്രൻ തുടർന്നു.

content highlights : Kurup first day box office collection Dulquer Salmaan Shine Tom Chacko

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram