പ്രീ ബുക്കിങ്ങ് ആരംഭിച്ചപ്പോഴേ 'കുറുപ്പ്' ഹൗസ്ഫുൾ..! കൂടുതൽ ഷോകളുമായി തീയറ്ററുകൾ


2 min read
Read later
Print
Share

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തീയറ്ററുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ

Dulquer

കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാൽ തന്നെ കൂടുതൽ ഷോകൾ തീയറ്ററുകളിൽ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ‌.

മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കോവിഡിന് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമ്പാനൂർ ന്യൂ തീയറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ നടത്താൻ തീരുമാനിച്ചു. കോവിഡിന് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തീയറ്റർ ഉടമയും നിർമാതാവും കൂടിയായ വിശാഖ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തീയറ്ററുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പകലിരവുകൾ' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ്. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. വിനി വിശ്വ ലാലാണ് ക്രീയേറ്റീവ് ഡയറക്ടർ. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

Content Highlights : Dulquer Salmaan Movie Kurup Pre Booking started Sreenath Rajendran Shine Tom chacko

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram