കോഴിക്കോട് രാധാ തിയേറ്ററിൽ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ ആദ്യപ്രദർശനത്തിൽ സ്‌ക്രീനിൽ ദുൽഖറിനെ കണ്ടപ്പോൾ ആഹ്ലാദം പങ്കുവെക്കുന്ന ആരാധകർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
കൊച്ചി: കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക് ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.
ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷനുപുറമേ ‘ഫിയോകി’ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദർശനങ്ങളുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയി.
പ്രദർശനം തടയണമെന്ന ഹർജിയിൽ വിശദീകരണം തേടി
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ ആസ്പദമാക്കിയുള്ള ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ റിലീസിങ്ങും പ്രദർശനവും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശി അഡ്വ. സെബിൻ തോമസ് നൽകിയ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസിന് ഹൈക്കോടതിയുടെ നിർദേശം.
സുകുമാരക്കുറുപ്പിന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് സിനിമയെന്ന് ആരോപിച്ചാണ് ഹർജി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
content highlights : Dulquer Salmaan Movie Kurup collects six crores on first day of release