ചെറിയ പെരുന്നാളിന് തൊട്ടുമുമ്പുള്ള നോമ്പുകാലത്ത് തുണിക്കടയിലും ഇറച്ചിക്കടയിലും തിരക്കുള്ള പോലെ ഒരു നീണ്ട ക്യൂ ബാര്‍ബര്‍ ഷോപ്പിന് മുന്നിലുമുണ്ടാകും. മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ബെക്കാമിന്റെയുമൊക്കെ ഹെയര്‍ സ്‌റ്റൈലില്‍ മുടി വെട്ടി പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുന്നവരാണ് അവര്‍. പിറ്റേന്ന് പുതിയ കുപ്പായവും അത്തറും പൂശി പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരോരുത്തരുടെയും മുടിയുടെ സ്‌റ്റൈലിനെ കുറിച്ചാകും എല്ലാവര്‍ക്കും പറയാനുണ്ടാകുക. മൂര്‍ച്ച കൂട്ടിയ കത്തി കൊണ്ട് ബാര്‍ബര്‍ മുടിയില്‍ താജ്മഹല്‍ പണിയുമ്പോള്‍ നമ്മള്‍ അയാളെ അവിശ്വസിക്കാറില്ല. തല മാറി കഴുത്തിലേക്ക് അയാളുടെ കത്തി നീങ്ങുമെന്ന് നമ്മള്‍ ഭയപ്പെടാറുമില്ല. കാരണം അയാളെ നമുക്ക് അത്രയ്ക്ക് വിശ്വാസമായിരിക്കും.
അത്രയും വിശ്വസ്തനായ ബാര്‍ബറുടെ കഴുത്തില്‍ ഒരു ഭരണകൂടം കത്തിവെച്ചാല്‍ എങ്ങനെയുണ്ടാകും? അതും അയാളെ അവിശ്വസിച്ച്, അയാള്‍ ചെയ്യാത്ത രാജ്യദ്രോഹക്കുറ്റം ചുമത്തി. അത്തരത്തിലൊരു വീക്ഷണ കോണില്‍ ബാവുക്ക എന്ന ബാര്‍ബറുടെ ജീവിതം വരച്ചിടുകയാണ് ബുഹാരി സലൂണ്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്‍ പ്രഭുല്ലാസ്. ഒരു കട്ടന്‍ ചായ കുടിച്ചു തീരുന്ന വേഗത്തില്‍ അയാള്‍ രാജ്യത്തെ ഒറ്റിക്കൊടുത്തവനാകുന്നു. കവലകളില്‍ സാമൂഹ്യ നീതിയെക്കുറിച്ചും മനുഷ്യന്റെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതു കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ബാവുക്കയ്ക്ക് ബാക്കിയാകുന്ന തണല്‍ തന്റെ കുടുംബം മാത്രമാണ്.
തീവ്രവാദ കേസുകളില്‍ അകപ്പെട്ട് രാജ്യത്തെ ജയിലുകള്‍ക്കുള്ളിലാകുന്ന നിരപരാധികളായ ചെറുപ്പക്കാരുടെ പ്രതിനിധി കൂടിയായി ബാവുക്കയുടെ ജീവിതം വായിച്ചെടുക്കാം. ഭരണകൂടം എങ്ങനെയെല്ലാം സാമൂഹികമായ രീതിയില്‍ വിവേചനം നടത്തുന്നുണ്ടെന്നും ചിത്രം വരച്ചിടുന്നു. ഒപ്പം ദേശീയവാദത്തിന്റെ കപട മുഖവും ചിത്രം വലിച്ചുകീറുന്നു. എല്ലാവിധ തിരസ്‌കാരവും പ്രഹസനവും ഏറ്റവാങ്ങേണ്ടി വന്ന ശേഷം നിലനില്‍പ്പിനായി തന്റെ സ്വത്വമായ ബുഹാരി സലൂണിനെ ഉപേക്ഷിച്ച് കപടദേശീയവാദത്തിലേക്ക് കടക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സംവിധായകന്‍ പ്രഭുല്ലാസ് കാണിക്കുന്നത്.
അയാളെ കുറ്റക്കാരാനാക്കുന്നത് ഭരണകൂടം മാത്രമല്ല. അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റാന്‍ പോകുമ്പോള്‍ അതുവരെ ബാവുക്ക എന്നു വിളിച്ചവരും ക്യാമറക്കണ്ണുകളും അയാളെ ഒരു രാജ്യദ്രോഹിയായാണ് കാണുന്നത്. അവിടെ ഭരണകൂടം മാത്രമല്ല, സമൂഹം കൂടിയാണ് അയാളെ പ്രതിക്കൂട്ടിലാകുന്നത് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയുകയാണ്.
അഴിക്കുള്ളില്‍ ജീവിതം അകപ്പെടുന്നതിനുള്ളില്‍ ഹ്രസ്വചിത്രം അവസാനിക്കുന്നില്ല എന്നിടത്താണ് സംവിധായകന്‍ പ്രഭുല്ലാസ് ഈ ചിത്രത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. അഴിക്കുള്ളിലെ ജീവിതം അവസാനിച്ച് അയാള്‍ മറ്റൊരു മുഖവുമായാണ് നാട്ടില്‍ വന്നിറങ്ങുന്നത്. സ്വത്വം ഉപേക്ഷിച്ച് തന്റെ ദേശസ്‌നേഹം പ്രകടമാക്കും വിധത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്ന അയാളില്‍ പിന്നീട് ഒരിധികാരഭാവം വരുകയാണ്. അതായത് ഒരു ഫ്രെയിമില്‍ ബാവുക്ക ഇരയാകുന്നതിനോടൊപ്പം മറ്റൊരു ഫ്രെയിമില്‍ ദേശീയവാദത്തെ കൂട്ടുപിടിച്ച് അയാള്‍ അധികാരിയായി മാറുന്നു. ബാവുക്ക എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട നിര്‍മല്‍ പാലാഴിയും ബാവുക്ക നടക്കുന്ന വഴിയിലൂടെ അയാളെ പിന്തുടര്‍ന്ന കണ്ണന്‍ പട്ടേരിയുടെ ക്യാമറയും ചിത്രത്തിന്റെ മികവ് കൂട്ടുന്നു.
ചിത്രം എന്തു വിഷയം പറയുന്നോ അതു അതുപോലെ വരച്ചിടുന്ന ബുഹാരി സലൂണിലെ പാട്ടിനെ വിസ്മരിച്ച് ഒന്നും പറയാനാകില്ല. 'ദേശങ്ങളെല്ലാം മുറിഞ്ഞു പോകുന്നു, വംശങ്ങളെല്ലാം മുടിഞ്ഞു പോകുന്നു, ശംസൊളി നിലച്ചപോല്‍ ഇരുട്ട് കനക്കുന്നു, റൂഹ് അടരുംപോല്‍ വേദന പരക്കുന്നു...'ഈ വരികള്‍ മാത്രം മതി ബാവുക്കയുടെ ജീവിതത്തെ ഒറ്റഫ്രെയിമില്‍ വായിച്ചെടുക്കാന്‍.