പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം. വെറും മണ്ണിലൂടെ ഏറെദൂരം ഓടി, ഒടുവില്‍ ആകാശത്തിന്റെ അനന്തതയിലേയ്ക്കു പറന്നുയരുന്ന ഒരു നാടന്‍ വിമാനം.
പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചു. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രത്തിന്റെയും പ്രതിസന്ധികളെ മറികടന്നുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒപ്പം, അവന്റെ ചില പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും കഥയും. പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് സിനിമ പറക്കുന്നു. അത് ഒരേസമയം അയാളുണ്ടാക്കുന്ന വിമാനത്തിന്റെ കഥയും അയാളുടെ പ്രണയത്തിന്റെ കഥയുമാണ്.
വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം വിമാനമാണ്. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയാള്‍. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും (സുധീര്‍ കരമന) പാപ്പ എന്നു വിളിക്കുന്ന റോജര്‍ (അലന്‍സിയര്‍) എന്ന പ്രൊജക്ഷനിസ്റ്റുമാണ്. പിന്നെ, ജാനകിയും.
സമീപവാസിയായ ജാനകി (ദുര്‍ഗ ലക്ഷ്മി) യുമായി അയാള്‍ക്കുള്ളത് കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും അവളോടുളള പ്രണയവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ ആഗ്രത്തിന്റെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. ഊണിലും ഉറക്കത്തിലും താനുണ്ടാക്കുന്ന വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഊര്‍ജം പകരുന്നത് അവളാണ്. താനുണ്ടാക്കുന്ന വിമാനത്തില്‍ അവള്‍ക്കൊപ്പം പറക്കുക എന്നതാണ് വെങ്കിടിയുടെ ഏറ്റവും വലിയ ആഗ്രഹം.
വെങ്കിടിയുടെ വിമാനം എന്ന സ്വപ്നവും അയാളുടെ പ്രണയവും സമാന്തരമായാണ് സിനിമ നെയ്തെടുക്കുന്നത്. വിദഗ്ധമായി ഈ രണ്ടു ധാരയേയും കൂട്ടിയിണക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിക്കുന്നണ്ട്. വിമാനം പോലെതന്നെ പ്രണയവും നേരിടുന്ന പരാജയങ്ങളും പ്രതിബന്ധങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. പ്രണയത്തിന്റെ സംഘര്‍ഷങ്ങളും പരിണാമവും മുഖ്യ പ്രമേയത്തോട് കലാത്മകമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.
അതേസമയം, സിനിമയിലെ പ്രണയത്തിന് വിശേഷിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ല എന്നത് വസ്തുതയാണ്. കാലങ്ങളായി സിനിമകളില്‍ കണ്ടുവരുന്ന പ്രതിബന്ധങ്ങള്‍ത്തന്നെയാണ് അവരുടെ പ്രണയത്തിലുമുള്ളത്. ചിലപ്പോഴൊക്കെ അത് ക്ലീഷേകളിലേയ്ക്ക് വഴുതുന്ന സന്ദര്‍ഭങ്ങളുമുണ്ടെന്നതും സത്യമാണ്.
ഒരു പ്രത്യേക കാര്യത്തിനായി തീവ്രമായി ആഗ്രഹിക്കുകയും പ്രതിബന്ധങ്ങളെ മറികടന്ന് അത് നേടിയെടുക്കുകയും ചെയ്യുക എന്ന പ്രമേയവും അത്ര പുതുമയുള്ളതല്ല. എന്നാല്‍ അതിശയോക്തി കലരാതെയും യുക്തിപൂര്‍വകമായും കഥാസന്ദര്‍ഭങ്ങളെ രൂപപ്പെടുത്താനും ദൃശ്യവത്കരിക്കാനുമായി എന്നതാണ് വിമാനത്തിന്റെ മികവ്. പ്രതീക്ഷിക്കുന്ന അന്ത്യത്തിലേയ്ക്കാണ് കഥ നീങ്ങുന്നത് എന്നതുകൊണ്ടുതന്നെ വലിയ ട്വിസ്റ്റുകളോ അപ്രതീക്ഷിത സംഭവങ്ങളോ അല്ല, സ്വാഭാവികമായ ജീവിത സന്ദര്‍ഭങ്ങളാണ് സിനിമയെ ആസ്വാദ്യമാക്കുന്നത്. ചെറിയ മനുഷ്യരുടെ വലിയ സ്വപ്നങ്ങള്‍ പതുക്കെ ചിറകുവിരിക്കുന്നതിന്റെ കൗതുകവും അതിനോടുള്ള താദാത്മ്യപ്പെടലുമാണ് വിമാനത്തിന്റെ കാഴ്ചാനുഭവം. ഒപ്പം, അതു പകര്‍ന്നുനല്‍കുന്ന ജീവിതോര്‍ജവും.
വെങ്കിടിയുടെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. യുവാവായ വെങ്കിടിയില്‍നിന്ന് വൃദ്ധനായ വെങ്കിടിയിലേയ്ക്കെത്തുമ്പോള്‍ രൂപത്തിലും ഭാവത്തിലും കുറച്ചുകൂടി സ്വാഭാവികത ആവാമായിരുന്നു. ജാനകി എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കാന്‍ ദുര്‍ഗ കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. അലന്‍സിയറും സുധീര്‍ കരമനയും ലനയും സ്വാഭാവികമായ അഭിനയംകൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഷഹ്നാദ് ജലാലിന്റെ ഛായാഗ്രണവും വിമാനത്തിന്റെ ജീവവായുവാണ്.
വെറുമൊരു ഫീല്‍ഗുഡ് മൂവി എന്നതിനപ്പുറം മികച്ച ഒരു സിനിമയ്ക്കായുള്ള പ്രദീപ് എം നായരുടെ ശ്രമം വിജയംകണ്ടു എന്ന് ഉറപ്പിച്ചു പറയാം. ആദ്യചിത്രമായിട്ടും അതിന്റെ ബാലാരിഷ്ടതകളൊന്നും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. എന്നുമാത്രമല്ല, കൈയൊതുക്കമുള്ള ഒരു സംവിധായകനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു പ്രദീപ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവിന്റെ നല്ല സിനിമയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുണ്ട്.
Content Highlights: Vimaanam Film Review Prithviraj Movie Review Malayalam Movie