ഉലകനായകന്‍ കമല്‍ ഹാസന് സൂപ്പര്‍താര പരിവേഷമില്ലാത്ത സാധാരണ മനുഷ്യരോട് കമ്പം തുടങ്ങിയിട്ട് കാലം കുറച്ചായി. ഈയിടെ പുറത്തുവന്ന മിക്കവാറും ചിത്രങ്ങളില്‍ നാമതുകണ്ടു. ഉത്തമവില്ലനിലും പാപനാശത്തിലുമൊക്കെ. തൂങ്കാവനത്തിലും കമല്‍ സാധാരണക്കാരനാണ്. അസാധാരണസാഹചര്യങ്ങളില്‍ മാത്രം ഹീറോയാവുന്ന, കുടുംബത്തിന് വേണ്ടി എന്തും ചെയ്യുന്ന, സാധാരണക്കാരന്‍.
പക്ഷേ, സിനിമ ത്രില്ലറാവുമ്പോള്‍ അല്‍പ്പം ഹീറോയിസവും ആക്ഷനുമില്ലാതെ പറ്റില്ലല്ലോ. ദീര്‍ഘകാലം കമലിന്റെ സഹസംവിധായകനായിരുന്ന രാജേഷ് എം. ശെല്‍വ സ്വതന്ത്രസംവിധായകനാവുന്ന തൂങ്കാവനം ഒറ്റ രാത്രിയില്‍ ഒരു ചെന്നൈ നൈറ്റ് ക്ലബില്‍ നടക്കുന്ന സംഭവങ്ങളിലേക്കാണ് ക്യാമറ വെക്കുന്നത്.
സി.കെ.ദിവാകര്‍ എന്ന സി.കെ.ഡിയുടെ വേഷത്തിലാണ് കമല്‍. പ്രായം 35-നു 50-നും ഇടയ്ക്ക് എവിടെയുമാകാം. വൃത്തിയായി ഒതുക്കാത്ത താടിരോമങ്ങള്‍. ഒരു ഗ്ലാമറുമില്ല. നാര്‍ക്കോട്ടിക് കണ്‍ട്രാള്‍ ബ്യൂറോ ഉദ്യോഗസ്ഥനാണ്. ദിവാകറും സഹായി മണിയും ചേര്‍ന്ന് മയക്കുമരുന്നു കടത്തുസംഘത്തില്‍ നിന്നും പത്തുകിലോ ഹെറോയിന്‍ തട്ടിയെടുക്കുന്നു. പ്രതികാരമായി സംഘത്തലവന്‍ ദിവാകറിന്റെ മകനെ തട്ടിക്കൊണ്ടു പോവുന്നു.
ഹെറോയിന്‍ മടക്കിക്കൊടുത്ത് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദിവാകറെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ --ത്രിഷയും കിഷോറുമാണ് ഈ വേഷങ്ങളില്‍-- ദൗത്യം ഏറെക്കുറെ അസാധ്യമാക്കുന്നു. തുടക്കത്തിലേ ഏറ്റ ഗുരുതരമായ പരിക്ക് ദിവാകറെ വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ട്. പലയിടത്തും ഈ മധ്യവയസ്‌കന്‍ യുവാക്കളുടെ പഞ്ചിംഗ് ബാഗ് ആകുന്നു്. പക്ഷേ, നിവൃത്തിയില്ലാതെ വരുമ്പോള്‍ അയാള്‍ ഈറ്റപ്പുലിയുടെ വേഗവും ശൗര്യവുമാര്‍ജ്ജിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ നാടന്‍ കൗശലം പുറത്തെടുക്കുന്നു, ചിലത് പാളുന്നുണ്ടെങ്കിലും.
ദിവാകര്‍ ആരാണ്, എന്താണ്, എങ്ങനെയുള്ള ആളാണ് എന്നതിന് വ്യക്തമായ സൂചനകളൊന്നും കമലഹാസന്റെ തിരക്കഥ നമുക്കാദ്യം തരുന്നില്ല. മകന്റെ രക്ഷയാണ് അയാളുടെ മുഖ്യലക്ഷ്യം. ബാത്ത് റൂമില്‍ ഒരു യുവതി പീഡനത്തിനിരയാവുന്നത് കണ്ടിട്ടും പ്രതികരിക്കാന്‍ പറ്റാത്തത്ര പ്രീഓക്കുപ്പൈഡാണ് ദിവാകര്‍. ഒടുവില്‍ പെണ്‍കുട്ടി സഹായത്തിന് നിലവിളിക്കുമ്പോഴേ ഇടപെടുന്നുള്ളൂ. പിന്തുടരുന്ന പൊലീസുകാരി മല്ലികയെ (തൃഷ) അതീവ നിഷ്ഠൂരമായാണ് അയാള്‍ ഇടിച്ചു വീഴ്ത്തുന്നത്.
ജോലിയില്‍ അമിതമായി അഭിരമിച്ചതിനാല്‍ ഉപേക്ഷിച്ചുപോയ ഭാര്യ (ആശാ ശരത്)യോടും മകനോടും അയാള്‍ മനസ് തുറക്കുന്നേയില്ല. അവരെക്കുറിച്ചറിയുന്നുമില്ല. മകന്‍ ക്രിക്കറ്റാണോ, ഫുട്‌ബോളാണോ കളിക്കുന്നതെന്നുപോലും അയാള്‍ക്കറിയില്ല. ഒടുവില്‍ മകനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയതിനു ശേഷമാണ് അവനോട് പറയുന്നത്, നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവന്‍, നീയാണെനിക്കെല്ലാം എന്ന്. വികാരപ്രകടനങ്ങളുടെ ധാരാളിത്തത്തില്‍ ആരോടും കിടപിടിക്കുന്ന കമലിന്റെ ഉള്ളിലേക്കുള്ള ജാലകം ഒരു നൊടിയെങ്കിലും തുറക്കുന്നത് അപ്പോള്‍ മാത്രമാണ്.
വളരെ നിയന്ത്രണത്തോടെയാണ് കമല്‍ ദിവാകറിനെ അവതരിപ്പിക്കുന്നത്. സത്യത്തില്‍ നമ്മുടെ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന അഭിനയം. നൈറ്റ്ക്ലബ്ബില്‍ തിങ്ങി നിറഞ്ഞ യുവാക്കള്‍ക്കിടയിലൂടെ വന്നും പോയും നില്‍ക്കുന്ന മുഖ്യകഥാപാത്രങ്ങള്‍ക്കിടയിലൂടെ കഥ മുന്നേറുന്നത് പ്രേക്ഷകരറിയില്ല. അത്ര വിദഗ്ധമായാണ് കമലിന്റെ തിരക്കഥയും രാജേഷിന്റെ സംവിധാനവും സാനു വര്‍ഗീസിന്റെ ക്യാമറയും മുന്നോട്ടുനീങ്ങുന്നത്. ജിബ്രാന്റെ നെഞ്ചിടിപ്പേറ്റുന്ന സംഗീതം തൂങ്കാവനത്തിന് മുതല്‍ക്കൂട്ടാണ്. വില്ലനായി വരുന്ന പ്രകാശ് രാജും കടും നിറക്കൂട്ടുകള്‍ ഒഴിവാക്കിയിരിക്കുന്നു. ദിവാകറിന്റെ മകനായി അഭിനയിക്കുന്ന കുട്ടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സിനിമയില്‍ കമല്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്ന ഉലകനായകന്റെ ചില ആത്മകഥാസൂചകങ്ങള്‍ തിരക്കഥയില്‍ ചിതറിക്കിടക്കുന്നു. എന്തിന്, ചിത്രീകരണം മുടങ്ങിപ്പോയതില്‍ വിഷമിക്കുന്ന താരാരാധകരെപ്പോലും. ഉത്തമവില്ലനില്‍ മരണം വിളിപ്പുറത്തെത്തിയപ്പോള്‍ വേദനകളഴിച്ചുവെച്ച് ചിരിയുടെ പൊയ്മുഖമണിഞ്ഞ് പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്ന നായകനെപ്പോലെ ദിവാകര്‍ കടുത്ത വേദനയും ക്ഷീണവും വകവെക്കാതെ ഉറ്റവര്‍ക്കായി രക്ഷാദൗത്യം പൂര്‍ത്തിയാക്കുകയാണ്. ദാര്‍ശനികതയുടെ വിദൂരസ്പര്‍ശമുള്ള സംഭാഷണങ്ങള്‍ക്കിടയിലും "ആത്മരക്ഷാര്‍ത്ഥമുള്ള' ചില ചുംബനങ്ങള്‍ക്ക് കമല്‍ ഈ സിനിമയില്‍ സമയം കണ്ടെത്തിയിട്ടുണ്ട് എന്നത് മറ്റൊരത്ഭുതം. അതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക് ഒരുപക്ഷേ, വിരല്‍ ചൂണ്ടുന്നതാവാം!
കന്നിസംവിധായകന്റെ പരിഭ്രമമൊന്നുമില്ലാതെ കയ്യടക്കത്തോടെയാണ് രാജേഷ് തൂങ്കാവനം ഒരുക്കിയിരിക്കുന്നത്. പക്ഷേ, ഒരു ത്രില്ലറിന് വേണ്ടുന്നത്ര ചടുലത സന്നിവേശിപ്പിക്കാനായില്ലെന്നാണ് എന്റെ പക്ഷം. ആദ്യപകുതിയില്‍ കാര്യങ്ങള്‍ മെല്ലെയാണ്. ഒരുപക്ഷേ, രണ്ടാം പകുതി വളരെയേറെ രസനീയമാക്കുന്നതും അതാവണം. ഹോട്ടലിലെ അടുക്കളയിലുള്ള ഫൈറ്റ് സീനുകള്‍ തകര്‍പ്പനാണ്. ക്ലൈമാക്‌സും അതുപോലെ തന്നെ.
2011-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമ സ്ലീപ് ലെസ് നൈറ്റിന്റെ തമിഴ് രൂപാന്തരമാണ് തൂങ്കാവനം. പേരില്‍ കാണിച്ച കൂറ് ചിത്രത്തിലുമുണ്ട്. കമലും ത്രിഷയും കിഷോറും ധരിക്കുന്ന കോട്ടുകളിലുള്‍പ്പെടെ. ഏതാണ്ട് ഹോളിവുഡ് നിലവാരം വരുന്ന മികച്ച ത്രില്ലര്‍. പക്ഷേ, കമല്‍ ഹാസന്റെ തന്നെ റീമേക്ക് പടം കുരുതിപ്പുനല്‍ പോലെ ശ്വാസം പിടിച്ചുകാണേണ്ട മൂവിയല്ല തൂങ്കാവനം.