സഞ്ജയ് ദത്ത്, സിനിമയേക്കാൾ നാടകീയമായ ജീവിതം നയിക്കുന്ന ഒരാൾ. ചിലപ്പോൾ നായകനായും മറ്റു ചിലപ്പോൾ വില്ലനായും അയാൾ നമുക്ക് മുന്നിലെത്തി. ജീവിതത്തിലും സിനിമയിലും. അത്തരമൊരാളുടെ ജീവിതം സിനിമയാക്കുക എന്ന വെല്ലുവിളി അത്ര ചെറുതൊന്നുമല്ല. എന്നാൽ, രാജ് കുമാർ ഹിറാനി എന്ന സംവിധായകന് അതാണ് ശീലം. രൺബീർ കപുർ എന്ന അതുല്യ നടൻ കൂടി ഒന്നിച്ചപ്പോൾ ഒരുപക്ഷേ ഹിറാനിയുടെ പ്രതീക്ഷകൾക്കപ്പുറത്തുള്ള ഫലമാകും ബോക്‌സോഫീസിൽ ചിത്രം നൽകുക.
സഞ്ജയ്ദത്തിന്റെ കുടുംബവും സൗഹൃദവും കേസുകളുമെല്ലാം കടന്നുവരുന്ന ചിത്രത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തെയും കുട്ടികളെയും പറ്റി പരാമർശമില്ല. എന്നാൽ, അദ്ദേഹത്തിന്റെ അച്ഛനമ്മമാരുമായുള്ള ബന്ധവും ലഹരി ഉപയോഗവും ഉൾപ്പെടെയുള്ള വിഷയങ്ങളെല്ലാം ഹിറാനി അനായാസമായ ഒഴുക്കോടെ സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യപകുതി സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതത്തിലേക്കാണ് വെളിച്ചം വീശുന്നത്. കുത്തഴിഞ്ഞ ജീവിതരീതി അദ്ദേഹത്തെ ഒരു വ്യക്തിയെന്ന നിലയിൽ എങ്ങനെയൊക്കെയാണ് ഉലച്ചുകളയുന്നതെന്ന് ചിത്രം വരച്ചുകാട്ടുന്നു. രണ്ടാംപകുതി പ്രധാനമായും സഞ്ജയ് ദത്തിനെതിരായ കേസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അഭിനേതാക്കളുടെ അസാമാന്യ പ്രകടനമാണ് ചിത്രത്തെ ഒരു ക്ലാസ് സൃഷ്ടിയാക്കുന്നത്. സഞ്ജയ് ദത്തായി അദ്ദേഹം തന്നെയാണോ അഭിനയിക്കുന്നതെന്ന് സംശയം തോന്നിക്കത്തക്ക വിധം അമ്പരപ്പിക്കുന്നതാണ് ചിത്രത്തിലെ രൺബീർ കപുറിന്റെ പ്രകടനം. മനസുകൊണ്ടും ശരീരം കൊണ്ടും സഞ്ജയ് ദത്തിലേക്ക് പരകായ പ്രവേശം നടത്തിയ രൺബീർ, തന്റെ കഥാപാത്രത്തിന്റെ സങ്കീർണതകളെ അത്രമാത്രം അനായാസമായാണ് സ്‌ക്രീനിലെത്തിച്ചത്. ബർഫിയ്ക്ക് ശേഷം രൺബീറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും സഞ്ജു.
സഞ്ജയിന്റെ അച്ഛൻ സുനിൽ ദത്തായി പരേഷ് റാവലും സുഹൃത്ത് കമലേശായി വിക്കി കൗശലും രൺബീറിനൊപ്പം നിന്നു. ചെറുതെങ്കിലും നർഗീസ് ദത്തായി (സഞ്ജയ് ദത്തിന്റെ അമ്മ) മനീഷ കൊയ്‌രാളയും മന്യതയായി (സഞ്ജയ് ദത്തിന്റെ ഭാര്യ) ദിയ മിർസയും ചിത്രത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളായി. അനുഷ്‌ക ശർമയാണ് മറ്റൊരു പ്രധാന കഥാപാത്രം. ഏ.ആർ.റഹ്മാൻ, രോഹൻ, വിക്രം മൺട്രോസെ എന്നിവരുടെ സംഗീതം സഞ്ജുവിന്റെ ജീവിതത്തിലെ വേലിയേറ്റങ്ങളും ഇറക്കങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സഹായകമായി. രവി വർമന്റെ ക്യാമറ ഉജ്ജ്വലമാണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ് അതിന്റെ ഗുണവും ചിത്രത്തിൽ കാണാനുണ്ട്.