ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും എഴുതിച്ചേര്‍ത്ത പേരാണ് സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍. ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ദൈവത്തിനു തുല്ല്യമായി നിലനില്‍ക്കുന്ന വ്യക്തിത്വം. സച്ചിനെ മാറ്റിനിര്‍ത്തി നൊസ്റ്റാള്‍ജിയയുടെ കെട്ടഴിക്കാന്‍ ഒരു ഇന്ത്യക്കാരനുമാകില്ല. അങ്ങനെയൊരു വ്യക്തിയുടെ ജീവിതകഥ സ്‌ക്രീനിന് മുന്നിലെത്തുമ്പോഴുള്ള പ്രതീക്ഷയും വാനോളമായിരിക്കും. എന്നാല്‍ ആ പ്രതീക്ഷയോട് പൂര്‍ണമായി നീതി പുലര്‍ത്താനാകാതെയാണ് സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീസ് എന്ന ചിത്രം ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് എര്‍സ്‌കിന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
സച്ചിന്‍ തന്നെ തന്റെ ജീവിതം പറയുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഡോക്യുമെന്ററിക്കും ഫിക്ഷനുമിടയില്‍ നില്‍ക്കുന്നതാണ്. രാജ്യത്തെ ഓരോ ചരിത്ര മാറ്റങ്ങള്‍ക്കിടയിലും സച്ചിന്‍ എന്ന വികാരം ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ എങ്ങനെ നിലനിന്നുവെന്നും സ്വാധീനം ചെലുത്തിയെന്നുമാണ് രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ പറയുന്നത്.
സച്ചിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ച്ചകള്‍, അഞ്ജലിയുമായുള്ള പ്രണയം, ക്യാപ്റ്റന്‍സിയിലെ വിവാദങ്ങള്‍, മക്കളായ സാറയ്ക്കും അര്‍ജുനുമൊപ്പമുള്ള നിമിഷങ്ങള്‍, അച്ഛന്റെ മരണം, ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളി വിവാദം, ഗ്രെഗ് ചാപ്പലെന്ന പരിശീലകന്റെ പരാജയം, 2011ലെ ലോകകപ്പ് വിജയം, അവസാനം സച്ചിന്റെ വിരമിക്കില്‍ ടെസ്റ്റോടു കൂടി ചിത്രത്തിന് തിരശ്ശീല വീഴുന്നു.
ക്രിക്കറ്റ് കളിക്കുമ്പോഴും ജീവിതത്തിലും മാന്യത കൈവിടാതെ പെരുമാറുന്ന സച്ചിന്റെ കുസൃതി നിറഞ്ഞ കുട്ടിക്കാലത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. വാരിക്കുഴി ഉണ്ടാക്കി കൂട്ടുകാരനെ വീഴ്ത്തുന്ന, അയല്‍ക്കാരന്റെ കാറിന്റെ കാറ്റഴിച്ചു വിടുന്ന വികൃതി പയ്യനായിരുന്നു ചെറുപ്പത്തില്‍ സച്ചിന്‍. പിന്നീട് സഹോദരി സവിത തെണ്ടുല്‍ക്കര്‍ വിനോദയാത്ര പോയി വന്നപ്പോള്‍ കൊണ്ടുവന്ന സമ്മാനമാണ് ക്രിക്കറ്റിലേക്ക് സച്ചിനെ വഴിതിരിച്ചു വിടുന്നത്. അന്ന് സമ്മാനമായി ലഭിച്ച ബാറ്റുകൊണ്ട് സച്ചിന്‍ ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത പേരായി മാറി.
അതിന് കൈത്താങ്ങായി നിന്നത് സഹോദരന്‍ അജിത് തെണ്ടുല്‍ക്കറാണെന്ന് സച്ചിന്‍ പറയുന്നു. രമാകാന്ത് അചരേക്കര്‍ക്ക് കീഴില്‍ ദാദറിലെ ശിവാജി പാര്‍ക്കില്‍ തുടങ്ങിയ പരിശീലനം പിന്നെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ഗ്രൗണ്ടില്‍ ഓരോ ഷോട്ട് പായിക്കുമ്പോഴും മനസ്സില്‍ അജിതിന്റെ മുഖമാണ് എപ്പോഴുമുണ്ടാകുകയെന്നും സച്ചിന്‍ സിനിമയില്‍ വിവരിക്കുന്നുണ്ട്.
സച്ചിനോടൊപ്പം സിനിമയില്‍ ഹര്‍ഷ ഭോഗ്‌ലെയും ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗിഡോന്‍ ഹെയ്ഗും ഇടക്കിടെ ശബ്ദസാന്നിധ്യമായി കടന്നുവരുന്നുണ്ട്. എന്നാല്‍ പലപ്പോഴും അത് വെറും വിവരണമായി മാത്രം മാറുന്നു. സച്ചിന്‍ തന്നെ ജീവിതത്തിലെ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും മുഖത്ത് ഭാവമാറ്റങ്ങളോ വികാരങ്ങളോ കടന്നുവരുന്നില്ല. അച്ഛന്‍ രമേശ് തെണ്ടുല്‍ക്കറുടെ മരണത്തിന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കളിക്കേണ്ടി വന്നതിനെ കുറിച്ച് പറയുമ്പോള്‍ പോലും ആ അപാകത കാണാം. 2003ലെ ലോകകപ്പിന് ശേഷം തുടര്‍ച്ചയായ പരിക്ക് മൂലം കരിയര്‍ അവസാനിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിരുന്നതായും അന്ന് മാധ്യമങ്ങളില്‍ 'endulkar?' എന്ന തലക്കെട്ട് കണ്ടപ്പോള്‍ ആകെ പേടിച്ചു പോയെന്നും സച്ചിന്‍ പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആ ഒരു വികാരത്തോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സച്ചിന്‍ പരാജയപ്പെടുകയാണ് ചെയ്തത്.
അതേസമയം സച്ചിനൊപ്പമുള്ള ജീവിതത്തിലെ സന്തോഷങ്ങളും സമ്മര്‍ദങ്ങളും പ്രേക്ഷകരിലെത്തിക്കുന്നതില്‍ ഭാര്യ അഞ്ജലി തെണ്ടുല്‍ക്കറുടെ ശ്രമം വിജയം കണ്ടു എന്നു പറയാം. എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടി ഒടുവില്‍ പ്രണയം വിവാഹത്തില്‍ വരയെത്തിയ കാര്യങ്ങള്‍ അതേ തീവ്രതയോടെ പറയുന്ന അഞ്ജലി വിവാഹശേഷം സച്ചിന്‍ നിശബ്ദനായതിന്റെ സങ്കടവും മറച്ചുവെക്കുന്നില്ല. താന്‍ കാരണമാണോ സച്ചിന്റെ സ്വഭാവത്തില്‍ ഇങ്ങനെയൊരു മാറ്റം വന്നതെന്ന് ആലോചിച്ച് ഒരുപാട് സങ്കടപ്പെട്ടിരുന്നതായും അഞ്ജലി പറയുന്നു.
എന്നാല്‍ മോശം ഫോമായിരുന്നു സച്ചിന്റെ ഈ മൗനവ്രതത്തിന് പിന്നില്‍. സച്ചിന്റെ ക്രിക്കറ്റ് കരിയറിന് വേണ്ടി താന്‍ മെഡിക്കല്‍ കരിയര്‍ ഉപേക്ഷിച്ചുവെന്നും തിരിഞ്ഞുനോക്കുമ്പോള്‍ അക്കാര്യത്തില്‍ ഇപ്പോള്‍ സന്തോഷമേയുള്ളുവെന്നും അഞ്ജലി ഓര്‍ത്തെടുക്കുന്നു. സച്ചിനും അഞ്ജലിയും തമ്മിലുള്ള വിവാഹ വീഡിയോ കാണിക്കുന്നതാണ് സിനിമയിലെ രസകരമായ മറ്റൊരു നിമിഷം. പഴയ കല്ല്യാണ കാസെറ്റില്‍ കാണുന്ന എല്ലാ തരത്തിലുമുള്ള എഡിറ്റിങ്ങുമുള്ള വീഡിയോയുടെ പശ്ചാത്തലത്തില്‍ ബഡേ അച്ഛാ ലഗ്താ ഹേ എന്ന പാട്ടാണ് ചേര്‍ത്തിരിക്കുന്നത്.
എ.ആര്‍ റഹ്മാനൊരുക്കിയ പശ്ചാത്തല സംഗീതമാണ് പല സ്ഥലത്തും ചിത്രത്തിന്‍ ജീവന്‍ നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ സിനിമ ഇഴഞ്ഞ് നീങ്ങുമ്പോള്‍ പ്രേക്ഷകന് വരുന്ന മടുപ്പ് ഇല്ലാതാകുന്നത് പശ്ചാത്തല സംഗീതമാണ്. ഒരു മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ശേഷം പിന്നീട് അടുത്ത മത്സരത്തില്‍ സച്ചിന്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുമ്പോള്‍ സച്ചിന്റെ ഷോട്ടിനൊപ്പം ഈ പശ്ചാത്തല സംഗീതവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് സച്ചിന്‍ എന്ന വികാരത്തിലേക്ക് പ്രേക്ഷകനെ ഒന്നുകൂടി അടുപ്പിക്കുന്നു.
സച്ചിന്റെ ക്യാപ്റ്റന്‍സിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പരിശീലകനായുള്ള ഗ്രെഗ് ചാപ്പലിന്റെ പരാജയവുമാണ് ചിത്രത്തില്‍ അല്‍പം വിവാദങ്ങളുണ്ടാക്കിയേക്കാവുന്ന ഭാഗങ്ങള്‍. 1996ല്‍ സച്ചിന്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍ സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും അത് ദഹിച്ചില്ലെന്നും അസ്ഹറുദ്ദീന് ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നതായും സച്ചിന്‍ വെളിപ്പെടുത്തുന്നുണ്ട്. അന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള പരമ്പര ഇന്ത്യ തോറ്റതിന് പിന്നാലെ സച്ചിന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും ചെയ്തു.
2007 ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ ഘട്ടത്തിലെ പരാജയത്തിന് പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെയാണ് സിനിമ കുറ്റപ്പെടുത്തുന്നത്. ചാപ്പല്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് പെരുമാറിയതെന്നും ലോകകപ്പിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയെന്നും സച്ചിനെ ഓപ്പണറുടെ റോളില്‍ നിന്ന് ഒഴിവാക്കിയെന്നും ഹര്‍ഭജന്‍ സിങ്ങ് സിനിമയില്‍ പറയുന്നു. അന്നത്തെ ആ പരാജയത്തിന് ശേഷം സച്ചിന്‍ ഏഴു ദിസമാണ് വീടു വിട്ടു പുറത്തിറങ്ങാതെ റൂമിനുള്ളില്‍ കഴിഞ്ഞത്.
സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയാകുന്ന ഫ്രെയിമുകളില്‍ ചിലതാണ് ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലെ നിമിഷങ്ങള്‍. 2005 ഡിസംബറില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറിയെന്ന റെക്കോര്‍ഡ് സച്ചിന്‍ സ്വന്തമാക്കിയപ്പോള്‍ ഡ്രസ്സിങ് റൂമിലുണ്ടായ ആഘോഷം എല്ലാവരിലും ചിരി പടര്‍ത്തുന്നതാണ്. അന്ന് തന്റെ 35ാം ടെസ്റ്റ് സെഞ്ചുറി കുറിച്ച സച്ചിന്‍ 22 വര്‍ഷം പഴക്കമുള്ള ഗവാസ്‌ക്കറുടെ റെക്കോര്‍ഡാണ് മറികടന്ന്. ആ ചരിത്ര നിമിഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ടീമിലെ ഓരോരുത്തരോടും സച്ചിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. പത്രത്തിലെ തലക്കെട്ട് കാണിച്ച് 'സച്ചിന്റെ പേരില്‍ 35 വന്നതുപോലെ എന്റെ പേരിന്റെ കൂടെയും 35 വന്നിട്ടുണ്ട്, പക്ഷേ അത് എന്റെ വയസ്സാണെന്ന് മാത്രം' എന്ന് അനില്‍ കുംബ്ലെ തമാശ പറയുന്നുണ്ട്. ചോദ്യം നീണ്ട മുടിക്കാരനായ ധോനിയുടെ മുന്നിലെത്തുമ്പോള്‍ സച്ചിന്റെ നേട്ടത്തിന് പിന്നില്‍ ബൂസ്റ്റ് ആണെന്നായിരുന്നു ധോനിയുടെ മറുപടി. ഇത്രയും തമാശയുണ്ടാകുന്ന ഇന്ത്യന്‍ ടീമിന്റെ അപരിചിതമായ ഡ്രസ്സിങ് റൂമിനെ പ്രേക്ഷകന് പരിചിതമാക്കുകയാണ് സിനിമ. ഇതിനമുപ്പുറത്തേക്ക് പറയുകയാണെങ്കില്‍ സച്ചിന്‍ ആരായിരുന്നുവെന്ന് ഇനി വരുന്ന തലമുറ ചോദിച്ചാല്‍ അതിനുള്ള ഉത്തരമായി കാണിച്ചുകൊടുക്കാവുന്ന ഒരു സിനിമ.