പാര്‍വതിയുടെയും ഇര്‍ഫാന്റെയും സുന്ദരമായ യാത്ര


ശിഹാബുദ്ദീന്‍ തങ്ങള്‍

2 min read
Read later
Print
Share

ജയയുടെ തിരിച്ചറിവിലേക്കുള്ള യാത്രയാണ് ചിത്രമെന്ന് ചുരുക്കത്തില്‍ പറയാം

പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് കരീബ് കരീബ് സിംഗിൾ. പതിവ് ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്ന ചിത്രം വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ പാര്‍വതിയ്ക്കായി. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരന്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ജയ രണ്ടു വര്‍ഷമായി ഒരു അവധി പോലും എടുത്തിട്ടില്ല. ജോലി കഴിഞ്ഞാല്‍ ഒന്നും ചെയ്യാനില്ലാത്ത ഉറങ്ങാന്‍ പോലും ഗുളികകളുടെ സഹായം വേണ്ടത്ര ആവര്‍ത്തന വിരസമായ ജീവിതമാണ് ജയ നയിക്കുന്നത്. യോഗി എന്ന കവിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍. കഥാപാത്രത്തിന്റെ തന്നെ ഭാഷയില്‍ കഥാപാത്രത്തിന്റെ തന്നെ ഭാഷയില്‍ 'ഇഷ്ടം പോലെ പണമുള്ള', എന്‍ജിനീയറായിട്ടും ജോലി ചെയ്യാത്ത, ജീവിതത്തില്‍ ഒന്നിനോടും കമ്മിറ്റ്‌മെന്റില്ലാത്തയാളാണ് യോഗി. ഒരു ഡേറ്റിങ് സൈറ്റ് വഴി ഇവര്‍ രണ്ടുപേരും കണ്ടുമുട്ടുന്നതും തുടര്‍ന്ന് നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മലയാളിയായ ജയയെന്ന കഥാപാത്രമായി പാര്‍വതി തന്റെ ബോളിവുഡ് അരേങ്ങറ്റം തിളക്കമുള്ളതാക്കി. ജയ ചില സന്ദര്‍ഭങ്ങളില്‍ പറയുന്ന മലയാള സംഭാഷണ ശകലങ്ങള്‍ മലയാളികള്‍ക്ക് കൗതുകം പകരും. സ്ഥിരം ബോളിവുഡ് നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തതയായ ജയയിലൂടെ തന്റേതായ മുദ്ര പതിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നുതന്നെ പ്രേക്ഷകര്‍ക്ക് കണ്ടെടുക്കാനാകുന്ന കഥാപാത്രമാണ് ജയ. യോഗി എന്ന കഥാപാത്രം ഇര്‍ഫാന്‍ ഖാന്റെ കൈയില്‍ ഭദ്രമായിരുന്നു. യോഗിയുടെ വാശികളും നിഷ്‌കളങ്കതയും ദൗര്‍ബല്യവുമെല്ലാം ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പിക്കാനാകാത്ത വിധം ഇര്‍ഫാന്‍ സ്‌ക്രീനിലെത്തിച്ചു.

ജയയുടെ ആംഗിളില്‍ നിന്നാണ് ചിത്രം കഥപറയുന്നത്. ആദ്യ രംഗങ്ങളില്‍ തന്നെ ജയയുടെ ജീവിതത്തെ കുറിച്ചും യോഗിയുടെ സ്വഭാവത്തെ കുറിച്ചുമെല്ലാം കൃത്യമായ കാഴ്ചപ്പാടുകള്‍ നല്‍കാന്‍ സംവിധായിക തനൂജ ചന്ദ്രയ്ക്കായി. ഫ്‌ളൈറ്റ് മിസ്സായാല്‍ ടാക്‌സി പിടിച്ചെത്താമെന്ന് ലാഘവത്തോടെ പറയുന്ന യോഗിയും വാട്ടര്‍ബോട്ടില്‍ പോലും മറ്റൊരാളുമായി പങ്കുവെക്കാത്ത ജയയും തമ്മിലുള്ള 'ഏറ്റുമുട്ടലുകള്‍' ചിത്രത്തിന്റെ ആദ്യപകുതിയെ രസകരമാക്കുന്നു. ഒന്നിനൊന്ന് കോര്‍ത്തിണക്കിയ രംഗങ്ങളും സന്ദര്‍ഭോചിതമായ നര്‍മവും പ്രേക്ഷകനെ പിടിച്ചിരുത്തും.

അതേസമയം, ആദ്യപകുതിയിലെ പേസ് ചിത്രത്തിന് രണ്ടാം പകുതിയില്‍ നഷ്ടമാകുന്നുണ്ട്. ജയയും യോഗിയും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളിലേക്കാണ് രണ്ടാം പകുതി പുരോഗമിക്കുന്നത്. ഇവിടെ സംവിധായികയ്ക്ക് ചിത്രത്തില്‍ അതുവരെയുണ്ടായിരുന്ന കൈയടക്കം കൈമോശം വരുന്നുണ്ട്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി അല്‍പം ദൈര്‍ഘ്യമേറിയതായി തോന്നിയേക്കാം. എന്നാല്‍, അതുവരെ തുടര്‍ന്നുവന്നിരുന്ന കഥാപരിചരണത്തോട് നീതി പുലര്‍ത്തിക്കൊണ്ടുതന്നെ തനൂജ ചിത്രത്തെ പരിസമാപ്തിയിലേക്ക് എത്തിക്കുന്നുണ്ട്.

ഒരു റൊമാന്റിക് കോമഡിയെന്നോ റോഡ് മൂവിയെന്നോ അല്ലെങ്കില്‍ ഇത് രണ്ടുമെന്നോ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് കരീബ് കരീബ് സിംഗിള്‍. ഒരു കഥയിലേക്ക് മുന്നേറുകയല്ല സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിക്കുകയാണ് ചിത്രം ചെയ്യുന്നത്. 'നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സ്ഥലമില്ലെ'ന്ന് യോഗിയോടും 'ഒരു സഹായിയെയല്ല സുഹൃത്തിനെ ആവശ്യമുള്ളപ്പോള്‍ ഇനിയെന്നെ വിളിച്ചാല്‍ മതി'യെന്ന് തന്റെ കൂട്ടുകാരിയോടും പറയുന്ന ജയയുടെ തിരിച്ചറിവിലേക്കുള്ള യാത്രയാണ് ചിത്രമെന്ന് ചുരുക്കത്തില്‍ പറയാം.

Content Highlights: Qarib Qarib Singlle Movie Review Irrfan Khan Parvathy Rajeev Masand Tanuja Chandra Bollywood Hindi Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram