പൈപ്പിന്‍ ചുവട്ടില്‍ പ്രണയം മാത്രമല്ല ഉള്ളത്


ശിഹാബുദ്ദീന്‍ തങ്ങള്‍

2 min read
Read later
Print
Share

പൈപ്പിന്‍ ചുവട്ടിലെ സംഭവവികാസങ്ങള്‍ സാമാന്യം നന്നായി തിരശ്ശീലയില്‍ എത്തിച്ച ഡോമിന്‍ സംവിധായകനെന്ന നിലയില്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം'. പേരുകൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രം ഒരു തുരുത്തിനെയും അവിടത്തെ ജനങ്ങളുടെ ജീവിതവും ജീവിതപ്രശ്‌നങ്ങളുമാണ് അവതരിപ്പിക്കുന്നത്. പ്രണയത്തില്‍ മാത്രമൊതുങ്ങാതെ കാലിക പ്രസക്തിയുള്ള വിഷയങ്ങളിലേക്കും പൈപ്പിന്‍ ചുവട്ടിലെ പ്രണയം വിരല്‍ ചൂണ്ടുന്നുണ്ട്.

ഗോവൂട്ടി എന്ന ഗോവിന്ദന്‍കുട്ടിയാണ് (നീരജ് മാധവ്) ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഗോവൂട്ടിയുടെ പ്രണയിനി ടെസയായി റീബ മോണിക്ക ജോണ്‍ എത്തുന്നു. ഗോവൂട്ടിയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം കഥ പറയുന്നത്. പെയിന്റ് പണിക്കാരാണ് ഗോവൂട്ടിയും സുഹൃത്തുക്കളും. ഒരിടത്ത് ജനിച്ച് കളിച്ച് വളര്‍ന്നവര്‍. ഇവര്‍ക്കൊപ്പം തുരുത്തിലെ കുട്ടികളും ചേരുമ്പോള്‍ ഗോവൂട്ടിയുടെ സംഘം പൂര്‍ത്തിയായി.

ജോലിയ്ക്കിടയിലും സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നയാളാണ് ഗോവൂട്ടി. ചെറുപ്രായത്തില്‍ തന്നെ തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റെങ്കിലും ദ്വീപിലെ കുടിവെള്ള പ്രശ്‌നത്തിന് ഉള്‍പ്പെടെ പരിഹാരമുണ്ടാക്കാന്‍ തന്നാലാവുന്ന പരീക്ഷണങ്ങളൊക്കെ ചെയ്യുന്നുണ്ട് ഇയാള്‍. ഗോവൂട്ടിയും ടെസയും തമ്മിലുള്ള പ്രണയം തുരുത്തിലെ പരസ്യമായ രഹസ്യമാണ്. ടെസയുടെ അപ്പന്‍ കുഞ്ഞച്ചനാണ് ഇവരുടെ പ്രണയത്തിലെ വില്ലന്‍. ഈ പശ്ചാത്തലത്തിലാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം വികസിക്കുന്നത്.

തുരുത്തും തുരുത്തിലെ കഥാപാത്രങ്ങളെയുമാണ് ആദ്യ പകുതിയില്‍ ചിത്രം പരിചയപ്പെടുത്തുന്നത്. കഥാപാത്രങ്ങളിലേക്ക് എത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അവരെ ഐക്യരൂപമുള്ള ഒരു കഥയിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു. എഡിറ്റിങ്ങില്‍ ഒഴിവാക്കപ്പെടേണ്ടിയിരുന്ന പല രംഗങ്ങളും പ്രേക്ഷകന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനേ ഉപകരിച്ചുള്ളൂ.

രണ്ടാം പകുതിയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന് ലക്ഷ്യബോധം നല്‍കുന്നത്. വളരെയൊന്നും വ്യത്യസ്തമല്ലെങ്കിലും സിനിമയെ കൃത്യമായ ദിശയിലേക്ക് നയിക്കാന്‍ രണ്ടാം പകുതിയില്‍ സംവിധായകനായി. വികാരനിര്‍ഭരമായ ഏതാനും രംഗങ്ങളും രണ്ടാം പകുതി സമ്മാനിക്കുന്നുണ്ട്. എന്നാല്‍, ക്ലൈമാക്‌സിലേക്ക് പുരോഗമിക്കുന്ന സംഭവങ്ങള്‍ ഇനിയും മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു എന്ന തോന്നലും ചിത്രത്തിനൊടുവില്‍ ബാക്കിയാണ്.

ആദ്യമായി നായകനാകുന്നതിന്റെ പരിഭ്രമങ്ങളില്ലാതെ ഗോവിന്ദന്‍കുട്ടിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നീരജ് മാധവിനായിട്ടുണ്ട്. തുരുത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സാധാരണക്കാരനായി മാറുന്നതില്‍ നീരജ് വിജയിച്ചു. അതേസമയം, സങ്കീര്‍ണമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നീരജ് ഇനിയും പക്വത പ്രാപിക്കേണ്ടിയിരിക്കുന്നു. ചിത്രത്തിലെ നായികമാരായ റീബയും ശ്രുതിയും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

സുധി കൊപ്പയാണ് അഭിനേതാക്കളില്‍ എടുത്തുപറയേണ്ട പ്രകടനം നടത്തിയ ഒരാള്‍. ചില രംഗങ്ങളില്‍ സുധിയുടെ പ്രടകനം ഹൃദയത്തില്‍ തൊടുന്നതാണ്. കുട്ടികളുടെ പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. പലപ്പോഴും കഥപറച്ചിലിന്റെ പേസ് നിലനിര്‍ത്തുന്നത് ഇവരുടെ സ്വാഭാവികതയാര്‍ന്ന അഭിനയമാണ്. ഇന്ദ്രന്‍സിന്റെ കാമിയോ പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ചില പുതുമുഖങ്ങളുടെ പ്രകടനവും ബാലിശമായിപ്പോയി. ധര്‍മജന്‍ ബോള്‍ഗാട്ടി, ശരത് കുമാര്‍, സേതുലക്ഷ്മി, ജാഫര്‍ ഇടുക്കി, ബേബി, മേരി, ഋഷി എസ്. കുമാര്‍ തുടങ്ങി വലിയ താരനിര തന്നെ തുരുത്ത് നിവാസികളായി ചിത്രത്തില്‍ എത്തുന്നുണ്ട്.

തിരക്കഥയിലെ പതര്‍ച്ചകള്‍ക്കിടയിലും പൈപ്പിന്‍ ചുവട്ടിലെ സംഭവവികാസങ്ങള്‍ സാമാന്യം നന്നായി തിരശ്ശീലയില്‍ എത്തിച്ച ഡോമിന്‍ സംവിധായകനെന്ന നിലയില്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ബിജിബാലിന്റെ സംഗീതം ചിത്രത്തിന്റെ താളമറിഞ്ഞുള്ളതായി. സന്തോഷ് വര്‍മ, ഹരിനാരായണന്‍ എന്നിവര്‍ എഴുതിയ വരികളും സന്ദര്‍ഭങ്ങള്‍ക്കൊപ്പം നിന്നു. പവി കെ. പവനാണ് ഛായാഗ്രഹണം. എഡിറ്റിങ് സന്തോഷ് നന്ദകുമാര്‍.

Content Highlights: Pyppin Chuvattile Pranayam Review, Movie Review, First Day First Review, Mathrubhumi Movie Review, Malayalam Movie, New Malayalam Release, Domin D'Silva Reba Monica John Sarath Kumar Neeraj Madhav

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram