നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത കാമ്പസ് രാഷ്ട്രീയം പ്രമേയമായുള്ള ചിത്രമാണ്. കെഎസ്‌ക്യൂ, എസ്എഫ്. വൈ എന്നിങ്ങനെയാണ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കലോത്സവത്തിലെ രംഗങ്ങളും ഏതാനും ചില ഒളിവ് രംഗങ്ങളും ഒഴിച്ചാല്‍ സിനിമയുടെ ഭൂരിഭാഗംവും ചിത്രീകരിച്ചിരിക്കുന്നത് മഹാരാജാസ് കോളജില്‍ തന്നെയാണ്. ഇന്ന് എസ്. എഫ്.എെയുടെ ചെങ്കോട്ട എന്ന് അറിയപ്പെടുന്ന ഈ കാമ്പസില്‍ എങ്ങനെ എസ്എഫ്ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്. രചനയും ടോം തന്നെ. സംവിധായകനായ അനൂപ് കണ്ണനാണ് നിര്‍മാതാവ്.
പോള്‍ (ടൊവീനോ) സുഭാഷ് (നീരജ് ) രൂപേഷ് (രൂപേഷ് പീതാംബരന്‍) എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രമേശ് എന്ന കണ്ണൂര്‍ക്കാരന്‍ കഥാപാത്രമായി സുബീഷ് സുധിയും അഭിനയിക്കുന്നു. ടൊവീനോയ്ക്ക് ഈ സിനിമയില്‍ രണ്ടു ഗെറ്റപ്പുകളുണ്ട്. മികച്ച പ്രകടനമാണ് ടൊവീനോ കാഴ്ച്ച വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ മയങ്ങി പൈങ്കിളി കളിച്ച് നടക്കുന്ന പോള്‍ എന്ന കഥാപാത്രം ഇടവേള എത്തുന്നതോടെ അടിമുടി മാറുകയും വിപ്ലവം തലയ്ക്ക് പിടിക്കുകയും ചെയ്യുന്നു. പിന്നീട്, കാമ്പസിൽ പാര്‍ട്ടിയുടെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് പോളും സുഭാഷും അവര്‍ക്കൊപ്പമുള്ളവരും. ടൊവീനോ കാമ്പസിൽ പ്രണയിക്കുന്ന അനു എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായാണ് ഗായത്രി സുരേഷ് അഭിനയിക്കുന്നത്. ഏതാനും ചില സീനുകളില്‍ മാത്രമൊതുങ്ങുന്ന കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമില്ല.
കണ്ണൂര്‍ എന്നാല്‍ ബോംബിന്റെ നാടാണെന്നും അവിടെ കൊല്ലുംകൊലയും പതിവാണെന്നുമുള്ള ധാരണ അതേപടി ഈ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്. വളരെ സീരിയസായ രംഗങ്ങളില്‍ ചില തമാശകള്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചത് ചടപ്പുണ്ടാക്കി. അതിന് ഉദാഹരണമാണ് പോളും സുഭാഷും കെഎസ്‌ക്യൂവിന്റെ യൂണിയന്‍ ഓഫീസില്‍ കയറി വെല്ലുവിളിച്ച് പുറത്തിറങ്ങിയതിന്ശേഷമുള്ള സീന്‍. ഇത്തരത്തിലുള്ള ചില സീനുകള്‍ ഏച്ചുകെട്ടാന്‍ ശ്രമിച്ചതും, അവിടെയും ഇവിടെയും ലിപ്പ്സിങ്ക് നഷ്ടപ്പെട്ടതും മാത്രമാണ് ഈ ചിത്രത്തിന്റെ പോരായ്മ. അതേസമയം മണികണ്ഠന്‍ അയ്യപ്പന്റെ സംഗീതവും പ്രകാശ് വേലായുധന്റെ ക്യാമറയും കൊള്ളാം. വിഷ്വലുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാന്‍ ഇവയ്ക്ക് സാധിച്ചു.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ക്ലൈമാക്സ് സീന്‍ കാണുമ്പോള്‍ രാഷ്ട്രീയ കാമ്പസിൽ പഠിച്ചിട്ടുള്ള ആളുകള്‍ക്ക് രോമാഞ്ചമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ലൈമാക്സ് പ്രതീക്ഷിക്കാവുന്നതാണെങ്കിലും ടൊവീനോയുടെ പ്രകടനവും ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും അതിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. കാമ്പസിലും കോളജ് ഹോസ്റ്റലിലും സ്ഥിരമായി നടക്കുന്ന കാര്യങ്ങള്‍ അതേപടി സിനിമയിലേക്ക് എടുത്തിട്ടുണ്ട് സംവിധായകന്‍. സിനിമ തുടങ്ങുന്ന സമയത്ത് എസ്എഫ്.വൈ പ്രവര്‍ത്തകര്‍ കാമ്പസിൽ കെഎസ്‌ക്യൂകാരുടെ തല്ലുകൊള്ളാനായി മാത്രം വരുന്നവരാണ്. പിന്നീട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് കാമ്പസിൽ പിടി നല്‍കുന്നത്. രൂപേഷ് പീതാംബരന്‍ എന്ന കെഎസ്‌ക്യൂ നേതാവ് കാമ്പസിനുള്ളില്‍ ചോദ്യം ചെയ്യപ്പെടാത്ത ഏകാധിപതിയാണ്. അയാളെ തറപറ്റിച്ച് കാമ്പസിൽ ജനാധിപത്യം സ്ഥാപിക്കുന്നതാണ് സിനിമ.
കാമ്പസ് രാഷ്ട്രീയ ചിത്രങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് മെക്സിക്കന്‍ അപാരത. പേരിന് സിനിമയുടെ കഥയുമായി ബന്ധമുണ്ടെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ മാത്രം ബോധ്യമാകുന്ന ഒന്നാണ്. എല്ലാവര്‍ക്കും കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രമാണെങ്കിലും കോളേജില്‍ പഠിക്കുന്ന എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണിത്. രാഷ്ട്രീയമില്ലാത്ത കാമ്പസുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഏറെയും. അത്തരം കാമ്പസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കാമ്പസ് രാഷ്ട്രീയം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ചിത്രം സഞ്ചരിക്കുന്നത് ഇടതുപക്ഷത്തിനൊപ്പമാണ്.