ഇപ്പോള്‍ കുടുംബസമേതം ഒരു ചിത്രത്തിന് പോകണമെങ്കില്‍ ചുരുങ്ങിയത് 800 രൂപയെങ്കിലും കൈയില്‍ വേണം. രണ്ടര മണിക്കൂര്‍ സമയവും ഇന്ധനവും എല്ലാം ചെലവാക്കി ചിത്രം കണ്ടിറങ്ങുമ്പോള്‍ തലവേദനയാണ് ബാക്കിയെങ്കിലോ. പണത്തിനുവേണ്ടി മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന നെട്ടോട്ടങ്ങളുടെ ആയിരം തവണ പറഞ്ഞ കഥതന്നെ കണ്ടിറങ്ങുമ്പോള്‍ ഈ സാമ്പത്തിക ചിന്ത കടന്നുവരും. ഈയൊരു ബോധത്തോടുകൂടി കഥയെയും തിരക്കഥയെയും സിനിമയെയും സമീപിച്ചെങ്കിലേ ഇനി മലയാള സിനിമ രക്ഷപ്പെടൂ എന്നതിനും 'ഒരായിരം കിനാക്കള്‍' എന്ന ചിത്രം അടിവരയിടുന്നു.
ഈ വേനലവധിക്കാലം ഒരായിരം എന്ന പരസ്യവാചകവും ബിജുമേനോനിലും നിര്‍മല്‍ പാലാഴിയിലുമെല്ലാമുള്ള പ്രതീക്ഷയും കൊണ്ടാണ് ആദ്യദിനം ആദ്യഷോയ്ക്കുതന്നെ കയറിയത്. എല്ലാം ഒരു പാഴ്ക്കിനാവാണെന്ന് ചിത്രം തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍തന്നെ ബോധ്യപ്പെട്ട് തുടങ്ങി. ഈ ചിത്രം കണ്ടുചിരിക്കാന്‍ ഇത്തിരി പാടുപെടും. വെടിയും പുകയുമെ ഉള്ളോ, കുടുംബങ്ങള്‍ കയറുമോ എന്ന് സായികുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നുണ്ട്. കുടുംബങ്ങള്‍ എന്തായാലും കയറുമെന്ന് നായകന്‍ പറയുന്നുമുണ്ട്. അത് മറ്റൊരു പാഴ്ക്കിനാവ്. ഏത് വെള്ളരിക്കാപട്ടണത്തിലാണാവോ ഈ കഥ നടക്കുന്നത്. എല്ലാ കഥകള്‍ക്കും യുക്തിബോധം നിര്‍ബന്ധമാണെന്നല്ല. പക്ഷേ, അവതരണരീതികൊണ്ട് പ്രേക്ഷകന്റെ യുക്തിബോധത്തോട് സംവദിക്കാനും അവനെ വിനോദിപ്പിക്കാനും കഴിയുന്നില്ലെങ്കില്‍ ആ ചിത്രം ഒരു പരാജയം തന്നെയാണ്.
ലണ്ടനില്‍ നിന്ന് തിരിച്ചെത്തി കാശെല്ലാം പൊടിച്ചുതീര്‍ത്ത് ശ്രീറാം തന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ പണം തേടുന്നു. ഇത് കണ്ടറിഞ്ഞ ഒരു ഉഡായിപ്പിന്റെ ഉസ്താദ് അയാളെ വളഞ്ഞ വഴിയിലൂടെ കാശുണ്ടാക്കാന്‍ കൂടെ കൂട്ടുന്നു. അതുണ്ടാക്കുന്ന പൊല്ലാപ്പുകളും വഴിത്തിരിവുകളുമാണ് സിനിമ. ഇതെങ്ങിനെയെങ്കിലും ഒന്ന് തീര്‍ന്നുകിട്ടിയാ മതിയെന്ന് പ്രേക്ഷകനെക്കൊണ്ട് തോന്നിപ്പിക്കും വിധമാണ് അവതരണം. ബിജുമേനോനെപോലുള്ള അനുഗൃഹീതനായ ഒരു നടനെ ഇങ്ങനെ കൊണ്ടുപോയി നശിപ്പിച്ചതിന് അദ്ദേഹത്തിന്റെ ആരാധകര്‍ ക്ഷമിക്കുമെന്നു തോന്നുന്നില്ല. പേടിത്തൊണ്ടനും വളഞ്ഞവഴി കാശുണ്ടാക്കുന്നതിനോട് യോജിക്കാത്തവനുമായ നായകന്‍വരെ ഉഡായിപ്പിന്റെ ഭാഗമായി മാറുന്നതും അങ്ങനെ നേടിയ കാശുകൊണ്ട് പണക്കാരനാവുന്നതും കുറ്റങ്ങള്‍ക്ക് കൂട്ടുനിന്നതും പുകമറയ്ക്കുള്ളിലാവുന്നതും ഒട്ടും നല്ലൊരു മുല്യബോധമല്ല മുന്നോട്ട് വെക്കുന്നത്.
കലാഭവന്‍ ഷാജോണിന്റെ കഥാപാത്രാവിഷ്‌കാരം മാത്രമാണ് ആകെയുള്ളൊരാശ്വാസം. അങ്ങേയറ്റം വില്ലനും കാശുണ്ടാക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നവനുമാണെങ്കിലും നന്മയുടെ ചില അംശങ്ങളുമുള്ള ഈ കഥാപാത്രത്തെ ഷാജോണ്‍ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്.
മലയാളസിനിമ മഹേഷിന്റെ പ്രതികാരം, രക്ഷാധികാരി ബൈജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എസ് ദുര്‍ഗ, സുഡാനി തുടങ്ങിയ ചിത്രങ്ങളെപ്പോലെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് ഇറങ്ങി ചിരിച്ചും ചിന്തിപ്പിച്ചും മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്ന ഇത്തരം സിനിമകള്‍ ഒരുക്കുമ്പോള്‍ ആദ്യം പറഞ്ഞ സാമ്പത്തിക ചിന്തയെങ്കിലും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടാവട്ടെ എന്നു മാത്രം പ്രാര്‍ഥിക്കുന്നു. പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ചിത്രം രണ്‍ജിപണിക്കരും ജോസ്‌മോന്‍ സൈമണും ബ്രിജേഷ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മിച്ചത്. കുഞ്ഞുണ്ണി എസ്. കുമാറാണ് ക്യാമറ.
Content Highlights: Orayiram Kinakkalal Moview Review Biju Menon Roshan Mathew, Shajohn, Sharu P Varghese, Nirmal Palazh