ഓരോ തവണയെത്തുമ്പോഴും ആരാധകര്‍ക്കായി എന്തെങ്കിലുമൊക്കെ കാഴ്ചവെയ്ക്കുന്ന നടനാണ് വിജയ്. ദീപാവലിയോടനുബന്ധിച്ച് ആറ്റ്‌ലിക്കൊപ്പം മെര്‍സല്‍ എന്ന ബ്രഹ്മാണ്ഡ ചിത്രവുമായി എത്തിയപ്പോഴും അതിന് മാറ്റമുണ്ടായിട്ടില്ല. മൂന്ന് അവതാരങ്ങളുമായി കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് താരം. ഇതേ കൂട്ടുകെട്ടില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'തെറി'യേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുണ്ട് മെര്‍സല്‍.
മെര്‍സല്‍ എന്നാല്‍ വിസ്മയിപ്പിക്കുക എന്നാണ് അര്‍ഥം. പേരിനെ അന്വര്‍ത്ഥമാക്കുംവിധമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ദളപതി, ഡോക്ടര്‍ മാരന്‍, മജീഷ്യനായ വെട്രി എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് കഥയുടെ കാതല്‍. മാസ് രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തെ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത വിധത്തിലാണ് ആറ്റ്‌ലി അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്വന്തം ഗുരുവായ ഷങ്കറിന്റെ അതേ പാതയിലാണ് ആറ്റ്‌ലിയും സഞ്ചരിക്കുന്നത് എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പല രംഗങ്ങളിലും ആറ്റ്‌ലിയുടെ സംവിധാനശൈലി ഷങ്കറിനെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആളപ്പോറാന്‍ തമിഴാ എന്ന ഗാനം തന്നെ അതിനുദാഹരണം.
ഇതേ കൂട്ടുകെട്ടിലെ കഴിഞ്ഞ ചിത്രമായ തെറിയില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആറ്റ്‌ലി അവതരിപ്പിച്ചതെങ്കില്‍ ഇത്തവണ അത് ആസ്പത്രികളില്‍ നടക്കുന്ന കൊള്ളകള്‍ക്കെതിരെ പ്രതികരിക്കുന്ന നായകനെയാണ്. സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യ ആസ്പത്രികളും രോഗികളോട് പെരുമാറുന്ന രീതിയിലെ അന്തരം വ്യക്തമായി പറയാന്‍ മെര്‍സലിനായിട്ടുണ്ട്. ഒരു പണക്കാരന് കിട്ടുന്ന അതേ അളവിലുള്ള ചികില്‍സാ സൗകര്യം പാവപ്പെട്ടവനും കിട്ടണമെന്നാണ് ചിത്രം വാദിക്കുന്നത്. സേവനം എന്നതിലുപരി വ്യാപാരമായി ആസ്പത്രികളെ കാണുന്നതിലെ അപകടം കൃത്യമായി പറയാന്‍ തിരക്കഥാകൃത്തുകൂടിയായ ആറ്റ്‌ലിക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഈ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെയാണ് സിനിമ സഞ്ചരിക്കുന്നത് എന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു.
താരങ്ങളുടെ പ്രകടനത്തില്‍ വിജയ് തൊട്ടുതന്നെ തുടങ്ങാം. ആരാധകര്‍ എന്ത് പ്രതീക്ഷിച്ചോ അത് തന്നെ നല്‍കാന്‍ താരത്തിനായിട്ടുണ്ട്. ഡോക്ടറേക്കാളും മാജിക്കുകാരനേക്കാളും ഒരുപടി മുകളില്‍ നില്‍ക്കുന്നത് രൂപം കൊണ്ടും വ്യത്യസ്തമായ ദളപതിയാണ്. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരാണ് നായികമാര്‍. ഇവരില്‍ മുന്നിട്ടുനിന്നത് നിത്യാമേനോന്‍. എസ്.ജെ.സൂര്യയുടെ വില്ലന്‍ വേഷവും മെര്‍സലിന്റെ ഹൈലൈറ്റാണ്. സ്‌പൈഡറിലെ ചുടലയ്ക്ക് ശേഷം സൂര്യ അവതരിപ്പിച്ച ഡാനിയല്‍ ആരോഗ്യരാജ് നായകനൊപ്പം തന്നെ നില്‍ക്കുന്നുണ്ട്. ഡോക്ടറായെത്തിയ ഹരീഷ് പേരടിയും തന്റെ ഭാഗം നന്നാക്കി. ക്ലീഷേ കോമഡി നമ്പറുകളില്‍ നിന്ന് വടിവേലുവും കോവൈ സരളയും മാറി സഞ്ചരിച്ചു എന്നത് മെര്‍സലിനെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഘടകം തന്നെയാണ്.
അണിയറയിലേക്ക് വന്നാല്‍ എ.ആര്‍.റഹ്മാന്റെ സംഗീതം സൃഷ്ടിക്കുന്ന ഓളം ചെറുതൊന്നുമല്ല. അനല്‍ അരശിന്റെ സംഘട്ടനരംഗങ്ങളും ആരാധകരില്‍ ആവേശം സൃഷ്ടിക്കുന്നുണ്ട്. മാസ് കാഴ്ചകള്‍ പറയുന്നതിനൊപ്പം തന്നെ സമകാലീന സംഭവവികാസങ്ങളിലേക്കും ക്യാമറ തിരിക്കുന്നുണ്ട് ഈ വിജയ് ചിത്രം. ഒഡിഷയില്‍ ആംബുലന്‍സ് കിട്ടാത്തതിനേ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് കിലോമീറ്ററുകളോളം നടന്നത് വികാരനിര്‍ഭരമായാണ് അവതരിപ്പിച്ചതെങ്കില്‍ നോട്ടുനിരോധനത്തെ പരിഹസിക്കുകയാണ് ചിത്രം. ടി.വിയും ഫ്രഡ്ജും വാഷിങ് മെഷീനും എന്തിന് വോട്ടിന് പണം പോലും നല്‍കുന്ന നാട്ടില്‍ എന്തുകൊണ്ട് മരുന്ന് സൗജന്യമായി നല്‍കുന്നില്ല എന്നാണ് മെര്‍സല്‍ ഉയര്‍ത്തുന്ന ചോദ്യം.
സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യക്കുറവ് ചൂണ്ടിക്കാണിച്ച് ഭയപ്പെടുത്തിയാണ് സ്വകാര്യ ആസ്പത്രികള്‍ രോഗികളെ ചൂഷണം ചെയ്യുന്നതെന്നും മെഡിക്കല്‍ പരിശോധനയില്‍ ഒരു കെണി ഒളിഞ്ഞുകിടക്കുന്നുണ്ടെന്നും ചിത്രം പറയുന്നു.