വിഷ്ണുവും ബിബിനും ചേര്‍ന്ന് തിരക്കഥ എഴുതി, വിഷ്ണു നായകനായ, നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ ഒരേസമയം ചിരിക്കും ചിന്തയ്ക്കും വഴിയൊരുക്കുന്നു. ചില്ലറക്ഷാമ പ്രതിസന്ധിക്കിടയിലും തിയ്യറ്ററില്‍ പ്രേക്ഷകനെ നിറയ്ക്കാന്‍ ഈ ചിത്രത്തിന് സാധിച്ചേക്കും. മുഴുനീള കോമഡിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പറയുന്നത് സിനിമാമോഹിയായ കൃഷ്ണന്‍ നായരുടെ കഥയാണ്. കിച്ചു എന്ന വിളിപ്പേരുള്ള, നായക സങ്കല്‍പങ്ങളുടെ ഏഴയലത്ത് പോലും വരാത്ത കട്ടപ്പനക്കാരന്‍ ഋത്വിക്ക്, പക്ഷെ, തിയ്യറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തില്‍ കയറും. ഓര്‍ത്തിരിക്കാന്‍ ഒരുപാട് നര്‍മമുഹൂര്‍ത്തങ്ങള്‍ ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
അമര്‍ അക്ബര്‍ അന്തോണിക്ക് പിന്നിലെ കൂട്ടുകെട്ട് കട്ടപ്പനയിലെ ഋത്വിക്ക് റോഷന് വേണ്ടി വീണ്ടും ഒന്നിക്കുമ്പോള്‍ തിയ്യറ്ററില്‍ പൊട്ടിച്ചിരിയും കൂട്ടച്ചിരിയുമാണ് ഉയരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് എഴുതിയ തിരക്കഥ കോമഡി, സെന്റിമെന്റ്സ്, പ്രണയം, പാട്ട് എല്ലാം ഒത്തിണങ്ങിയ പക്കാ എന്റര്‍ടെയ്നറാണ്. യുക്തി, ബുദ്ധിജീവിസം, വേള്‍ഡ് ക്ലാസിക്കുകളുടെ ഹാങോവര്‍ എന്നിവ തിയ്യറ്ററിന്റെ പടിക്കല്‍ ഉപേക്ഷിച്ച് തനി നാടന്‍ മലയാളിയായി തിയ്യറ്ററിൽ കയറിയാല്‍ മുടക്കിയ കാശിന്റെ ഇരട്ടിക്ക് ചിരിച്ച് തിരിച്ചിറങ്ങാം.
ശ്രീനിവാസന്‍, ധനുഷ്, രജനീകാന്ത് എന്നിവരാണ് കിച്ചു എന്ന നായകമോഹിയുടെ ആരാധനാമൂര്‍ത്തികള്‍. സിനിമയില്‍ പലയിടത്തായി ശ്രീനിവാസനൊക്കെ പണ്ട് ചെയ്ത തരം കഥാപാത്രം എന്ന് സംവിധായകന്‍ പറയിപ്പിക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന നായക പദവിയിലേക്ക് പുതുതായി ഉയര്‍ത്തപ്പെട്ട നടനില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനത്തിന് അപ്പുറമായിരുന്നു കിച്ചു എന്ന കഥാപാത്രം. റിയലിസ്റ്റിക്കായി അഭിനയിക്കാനായി എന്നത് വിഷ്ണുവിന്റെ നേട്ടം തന്നെയാണ്. ഒറ്റ സീനിലാണെങ്കിലും സഹതിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ്ജും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജയന്‍ കാലഘട്ടത്തില്‍ ജയനോടുള്ള ആരാധന മൂത്ത മകന് കൃഷ്ണന്‍ നായര്‍ എന്ന് പേരിട്ട് മലയാള സിനിമയിലെ നായക നടനായി വളര്‍ത്താന്‍ താല്പര്യപ്പെടുന്ന അച്ഛന്‍ സുരേന്ദ്രനില്‍ തുടങ്ങുന്ന സിനിമ ഈ താല്പര്യം മകനിലേക്കും കൈമാറുന്നു. സിനിമയില്‍ ചെറിയ കള്ളന്‍ വേഷങ്ങള്‍ ചെയ്തു നടക്കുന്ന കിച്ചുവിന് നായകനാകാന്‍ മോഹം തുടങ്ങുന്നതോടെ കഥ റോക്കറ്റ് പോലെ കുതിക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങള്‍ നര്‍മത്തില്‍ കോര്‍ത്തിണക്കിയാണ് നാദിര്‍ഷാ കട്ടപ്പനയിലെ ഋത്വിക്ക് റോഷനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനാകാന്‍ നടക്കുന്ന നായകന്മാരുടെ കഥ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇടുക്കിയിലെ ഋത്വിക്ക് റോഷന് അവയില്‍ നിന്നൊക്കെ മാറിനിന്ന് ചിരിപടര്‍ത്താനാകും. വെളുത്ത അച്ഛനും അമ്മയ്ക്കും ജനിക്കുന്ന കറുത്തവനായ മകന്റെ വിഷമങ്ങളും സങ്കടങ്ങളും അപകര്‍ഷതാബോധവും കഥയുടെ രസച്ചരടിനെ കൂട്ടി യോജിപ്പിക്കുമ്പോള്‍ ആര്‍ക്കും പ്രതീക്ഷിക്കാവുന്ന ക്ലീഷേ ക്ലൈമാക്സ് അൽപ്പം രസംകൊല്ലിയാകുന്നുണ്ട്.
എല്ലാ സിനിമകളിലും ഉള്ളതുപോലെ പണിയൊന്നുമില്ലാതെ നായകനൊപ്പം നടക്കുന്ന വാലായി ഇതിലുള്ളത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായി വിഷ്ണുവിനെയും ധര്‍മ്മജനെയും കാണിച്ചത് ഉള്‍ക്കൊള്ളാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രയാഗാ മാര്‍ട്ടിന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ നായികമാരായി തകര്‍ത്തു. മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചായന്റെ മകളായി എത്തിയ പെണ്‍കുട്ടിയാണ് ലിജോമോള്‍ ജോസ്. ഗേള്‍ നെക്സ്റ്റ് ഡോര്‍ ഫീലിംഗ് സിനിമയില്‍ ഉടനീളം നിലനിര്‍ത്താന്‍ ലിജോമോള്‍ക്കായി എന്നത് വരാനിരിക്കുന്ന സിനിമകളിലേക്കുള്ള അവസരങ്ങളുടെ വാതിലാണ്.
സിനിമയുടെ മൊത്തം കെട്ടുറപ്പിന് പാട്ടുകള്‍ നിര്‍ണായക ഘടകമാണെന്നിരിക്കെ നാദിര്‍ഷായ്ക്ക് ആ പണി മറ്റാരെയെങ്കിലും ഏല്‍പിക്കാമായിരുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം മികച്ച് നിന്നപ്പോള്‍ കല്ലുകടിയായി തോന്നിയത് നാദിര്‍ഷായുടെ സംഗീതസംവിധാനവും പാട്ടെഴുത്തുമാണ്. അതിഥി താരങ്ങളായി എത്തിയ സിജു വില്‍സണ്‍, രാഹുല്‍ മാധവ്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കഥയുടെ ഗതിമാറ്റത്തിന് അവസരമൊരുക്കി. ആദ്യം കോമഡിയിലൂടെയും പിന്നെ ഗൗരവത്തോടെയും അഭിനയിച്ച് സിദ്ധിഖും സലീംകുമാറും കൈയടി നേടി. ചില്ലറക്ഷാമത്തെ തുടര്‍ന്ന് സിനിമകള്‍ വിരളമായി മാത്രം റിലീസ് ചെയ്യുന്ന ഈ സമയത്ത് കൈയടിച്ച് ചിരിക്കാന്‍ പ്രേക്ഷകര്‍ക്ക് ധൈര്യമായി കട്ടപ്പനയ്ക്ക് ടിക്കറ്റെടുക്കാം.