നാശത്തിന്റെ വക്കിലെത്തിയ ലോകത്തിന്റെ രക്ഷയ്ക്കെത്തുന്ന പ്രൊഫസര്‍ ലാങ്ഡനായി വീണ്ടും ടോം ഹാങ്ക്സ് എത്തിയ മിസ്റ്ററി ത്രില്ലറാണ് ഇന്‍ഫെര്‍നോ. വിഖ്യാത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണിന്റെ അതേ പേരിലുള്ള നോവലാണ് റോണ്‍ ഹോവാര്‍ഡ് സിനിമയാക്കിയിരിക്കുന്നത്. ഡാവിഞ്ചി കോഡ്, എയ്ഞ്ചല്‍സ് ആന്‍ഡ് ഡീമന്‍സ് എന്നീ സിനിമകള്‍ക്ക് പിന്തുടര്‍ച്ചയായി എത്തിയ ഇന്‍ഫെര്‍ണോ സാങ്കേതിക മികവുള്ള ചിത്രമാണെങ്കിലും എല്ലാം തികഞ്ഞതെന്ന് പറയാന്‍ കഴിയില്ല.
ലോകത്ത് ജനസംഖ്യ കൂടുതലാണ് അതുകൊണ്ട് പകുതി ആളുകളെ കൊന്നു കളഞ്ഞേക്കാം എന്നുള്ള ആശയവുമായി എത്തുന്ന ശതകോടീശ്വരന്‍ സോര്‍ബിസ്റ്റ് അതിനായി ഒരു വൈറസ് വികസിപ്പിക്കുന്നു. ഇത് ഒരു മ്യൂസിയത്തില്‍ ഒളിപ്പിച്ചു വെയ്ക്കുകയും ഇത് കണ്ടെത്താനുള്ള ചില സൂചനകള്‍ ഒരു ചിത്രത്തില്‍ ഒളിപ്പിക്കുകയും ചെയ്യുന്നു. ചിത്രത്തിലെ സൂചനകള്‍ വ്യാഖ്യാനിച്ച് വൈറസിനെ കണ്ടെത്തേണ്ട ദൗത്യവുമായാണ് ടോം ഹോങ്ക്സ് കഥാപാത്രമെത്തുന്നത്.
സിനിമയുടെ ആദ്യ മണിക്കൂര്‍ ആസ്വാദ്യകരമാണെങ്കിലും ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങള്‍ ഏതാണ്ട് ഊഹിക്കാവുന്നതാണ്. കുറേ അധികം വിശദീകരണങ്ങള്‍ കൊണ്ട് ചിലപ്പോഴെങ്കിലും സിനിമ ബോറടിപ്പിക്കുന്നുണ്ടായിരുന്നു. ഇര്‍ഫാന്‍ ഖാന്‍ എന്ന ബോളിവുഡ് നടന്റെ സാന്നിദ്ധ്യം കൊണ്ട് ലോകവ്യാപക റിലീസിനും ഒരാഴ്ച്ച മുന്‍പാണ് സിനിമ ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. വളരെ നിര്‍ണായകമായ കഥാപാത്രമായാണ് ഇര്‍ഫാന്‍ ചിത്രത്തിലെത്തുന്നത്.
ചിത്രത്തില്‍ കല്ലുകടിയായത് പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്ത കഥയും ഉപകഥകളും ഒടുവിലായി കാണിക്കുന്ന ടോം ഹോങ്ക്സിന്റെ പ്രണയവുമാണ്. ലോകാരോഗ്യ സംഘടന തോക്കും ബോംബുമെടുത്ത് വില്ലന്മാര്‍ക്ക് പിന്നാലെ പായുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നത്. ലോകാരോഗ്യ സംഘട തോക്കെടുക്കുന്നതായി കാണിക്കുമ്പോള്‍ കഥയും സിനിമയും ജനത്തില്‍നിന്ന് വീണ്ടും അകലുന്നു.
ഇറ്റലി, ഇസ്താംബൂള്‍ തുടങ്ങിയ സ്ഥലങ്ങള്‍ അതിമനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റായി പ്രതിഷ്ഠിച്ചിരിക്കുന്ന ട്വിസ്റ്റില്‍ കാണികള്‍ക്ക് സംശയവും അവിശ്വാസ്യതയുമുണ്ടാകുന്നുണ്ട്. ഡാന്‍ ബ്രൗണ്‍ എഴുതിയ ഇന്‍ഫെര്‍നോ വായിച്ചു തീര്‍ക്കാന്‍ ഒരാഴ്ച്ച വേണമെങ്കില്‍ ഈ സിനിമ രണ്ടു മണിക്കൂറിനുള്ളില്‍ കണ്ടു തീര്‍ക്കാം എന്ന ആശ്വാസമുണ്ട്.
മിസ്റ്ററി ത്രില്ലറുകളുടെ തമ്പുരാനായ ഡാന്‍ ബ്രൗണ്‍ പ്രൊഫസര്‍ ലാങ്ഡനെ ഇനിയെങ്കിലും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിശ്രമിക്കാന്‍ അനുവദിക്കണമെന്നാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര മാധ്യമത്തിലെ റിവ്യുവില്‍ എഴുതിയിരിക്കുന്നത്. ആവശ്യത്തിന് ലാങ്ഡന്‍ ലോകത്തെ രക്ഷിച്ചുകഴിഞ്ഞു ഇനി അദ്ദേഹത്തെ മറ്റ് ദൗത്യങ്ങളെന്തെങ്കിലും ഏല്‍പ്പിക്കു എന്നൊരു അപേക്ഷയും ഒരാള്‍ എഴുതിയിരിക്കുന്നതായി കണ്ടു.
പുസ്തകത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് നിരൂപകര്‍ പങ്കുവെയ്ക്കുന്നതെങ്കിലും സിനിമയെക്കുറിച്ച് പറയുന്നത് പുസ്തകത്തിന്റെ മോശം ആവിഷ്‌ക്കാരമെന്നാണ്. അതിഗംഭീരമെന്ന അഭിപ്രായമില്ലെങ്കിലും തീര്‍ച്ചയായും ഒരു തവണ കാണാനുള്ള ചിത്രമുണ്ട് ഇന്‍ഫെര്‍ണോ.