സന്യാസിയാണെന്നറിഞ്ഞിട്ടും ഉപഗുപ്തനെ പ്രണയിച്ചവളാണ് വാസവദത്ത. കഥയാണെങ്കിലും നമുക്കിടയില്‍ എവിടെയൊക്കെയോ ഉപഗുപ്തന്മാരും അവരെ പ്രണയിക്കുന്ന വാസവദത്തമാരും ഇപ്പോഴുമുണ്ട്. ഇതിന് ബലം പകരുന്ന കാഴ്ചകളാണ് ലെനിന്‍ രാജേന്ദ്രന്റെ 'ഇടവപ്പാതി'യില്‍ നമുക്ക് കാണാനാവുക.
ഇടമുറിയാതെയുള്ള പ്രണയക്കാഴ്ചകളാണ് ഇടവപ്പാതിയുടെ പ്രധാന പ്രത്യേകത. കുമാരനാശാന്റെ കരുണയിലെ വാസവദത്തയുടേയും ഉപഗുപ്തന്റേയും കഥ, ഗവേഷക വിദ്യാര്‍ത്ഥിനിയായ യാമിനിയുടേയും ബുദ്ധസന്യാസിയായ സിദ്ധാര്‍ത്ഥന്റേയും പ്രണയത്തിനൊപ്പം ഇഴചേര്‍ത്ത് പറയുകയാണ് സംവിധായകന്‍. ഇതിന് ബലം കൂട്ടാനായി കുമാരനാശാന്റെ കരുണയിലെ വരികളും ഗാനശകലങ്ങളായി ഉപയോഗിച്ചിരിക്കുന്നു.
ലാസ്സ എന്ന ഭൂമിയെ സ്വപ്‌നം കാണുന്ന, സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയുന്ന ഒരുജനതയുടെ ആകുലതകളും പ്രതീക്ഷകളും ഇതിനൊപ്പം തന്നെ സംവിധായകന്‍ വരച്ചിടുന്നു. അയല്‍രാജ്യങ്ങള്‍ ടിബറ്റിനെ കബളിപ്പിക്കുകയാണെന്ന പ്രതിഷേധ സ്വരവും ചിത്രത്തിലുണ്ട്.
ഓരോ കഥാപാത്രങ്ങളും സ്വന്തം വ്യക്തിത്വത്തില്‍ അടിയുറച്ച് നില്‍ക്കുന്നു. വാസവദത്തയായും ഗവേഷക വിദ്യാര്‍ത്ഥിയായും വേഷമിട്ടിരിക്കുന്ന ഉത്തര ഉണ്ണിയാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. വാസവദത്തയുടെ അമ്മയായ മാതംഗിയായി മനീഷാ കൊയ്‌രാള തന്റെ ഭാഗം മനോഹരമാക്കി. ബുദ്ധസന്യാസിയായി സിദ്ധാര്‍ത്ഥ് ലാമ (യോദ്ധ ഫെയിം) തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. രത്‌നവ്യാപാരിയായി എത്തിയ ബോളിവുഡ് താരം പ്രശാന്ത് നാരായണിന്റെ പ്രതിനായക വേഷം കൈയടി നേടുന്നതാണ്. മലയാളികളുടെ പ്രിയനടന്‍ ജഗതീ ശ്രീകുമാര്‍ അഭിനയിച്ച് പാതിയാക്കിയ വേഷമായിരുന്നു ഇത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകും വഴിയുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഈ വേഷം പ്രശാന്ത് നാരായണിലേക്കെത്തിയതെന്ന് ഇതിനൊപ്പം പറയുന്നു.
ഇവര്‍ക്കൊപ്പം തന്നെ എടുത്ത് പറയേണ്ട ഒരു കഥാപാത്രമാണ് കെല്ലി ഡോര്‍ജെ അവതരിപ്പിച്ച പ്രൊഫസ്സര്‍. തെലുങ്ക് മസാല ചിത്രങ്ങളിലെ സ്ഥിരം വില്ലനായ കെല്ലിയുടെ ഏറ്റവും വ്യത്യസ്തമായ വേഷമാണിതെന്ന് നിസ്സംശയം പറയാം.
തുടക്കരംഗങ്ങളില്‍ ചില കഥാപാത്രങ്ങള്‍ പറയുന്ന ആലങ്കാരികത നിറഞ്ഞ സംഭാഷണങ്ങള്‍ സാധാരണ പ്രേക്ഷകര്‍ക്ക് ദഹിച്ചെന്ന് വരില്ല. ഇത് മാത്രമാണ് ചിത്രത്തില്‍ കല്ലുകടിയായി തോന്നുന്ന ഏകഭാഗവും. രമേഷ് നാരായണ്‍, മോഹന്‍ സിതാര എന്നിവര്‍ ഒരുക്കിയ ഗാനങ്ങളും ശ്രീവത്സൻ ജെ മേനോന്റെ പശ്ചാത്തലസംഗീതവും ഇമ്പമുള്ളതാണ്. മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.
'നമസ്‌കാരമുപഗുപ്ത, വരികഭവാന്‍ നിര്‍വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്'
എന്ന വാസവദത്തയുടെ (യാമിനിയുടേയും) പ്രാര്‍ത്ഥനയാണ് കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനിലും ചിത്രം ബാക്കിവെയ്ക്കുന്നത്.