നടന് നീരജ് മാധവ് തിരക്കഥാകൃത്തായ ആദ്യ സിനിമയാണ് ലവ കുശ. നീ കോ ഞാ ചാ എന്ന സിനിമയ്ക്ക് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്ത സിനിമയില്‍ ടൈറ്റില്‍ റോളില്‍ നീരജിനൊപ്പം അജു വര്‍ഗ്ഗീസുമുണ്ട്. കഥയില്‍ നായക സ്ഥാനമൊന്നുമല്ലെങ്കിലും ആദിമധ്യാന്തം പ്രാധാന്യമുള്ള കഥാപാത്രമായി ബിജു മേനോനുണ്ട്.
നാടോടിക്കാറ്റിന് ശേഷം രണ്ട് സിനിമകളില്‍ മാത്രമാണ് ദാസനും വിജയനും അതേ നടന്‍മാര്‍ക്കൊപ്പം വീണ്ടുമെത്തിയിരുന്നത്. എന്നാല്‍ പിന്നീടിറങ്ങിയ പല സിനിമകളിലും കാലത്തിനൊത്ത കോലവുമായി ദാസവിജയന്‍മാരുടെ പകര്‍പ്പുകളുണ്ടായിട്ടുണ്ട്. കൂടുതലും വികലമായിരുന്നുവെന്ന് മാത്രം. തൊഴിലില്ലായ്മ മൂലം പൊറുതിമുട്ടിയപ്പോള്‍ രണ്ട് കൂട്ടുകാര്‍ ഉപജീവനത്തിനായി നടത്തിയ പല ശ്രമങ്ങളും അവരുടെ മണ്ടത്തരം കൊണ്ട് 'അതിബുദ്ധി' കൊണ്ടും അമ്പേ പരാജയപ്പെടുന്നതായിരുന്നു ദാസന്‍വിജയന്‍ സീരീസ് സിനിമകളുടെ കഥാവഴി. അവരുടെ ആനമണ്ടത്തരങ്ങള്‍ക്കിടയിലും ശിക്കാരി ശംഭുവിനെ പോലെ സാഹചര്യങ്ങള്‍ അവരെ വീരന്‍മാരാക്കും. എന്നാല്‍ ഈ രണ്ട് കഥാപാത്രങ്ങളെ അനുകരിച്ചെത്തിയ സിനിമകളേറെയും യുക്തിയെ പരിഗണിക്കാതെ കഥയുണ്ടാക്കാനുള്ള സൂത്രപ്പണി മാത്രമായാണ് ദാസനും വിജയനും പകര്‍പ്പുകളുണ്ടാക്കിയത്. ലവകുശയും ഇതേ തന്ത്രമാണ് പയറ്റിനോക്കിയത്.
വിദേശ കോപ് ആക്ഷന്‍ ഡ്രാമകളുടെ മൂഡില്‍ കാറില്‍ പോലീസ് വേഷത്തില്‍ വന്നിറങ്ങുന്ന നീരജ്-അജു കഥാപാത്രങ്ങളില്‍ നിന്നാണ് ലവകുശയുടെ തുടക്കം. സ്പൂഫ് കോമഡി ചിത്രമാണോ തോന്നിപ്പിക്കുന്നതാണ് പരിചയപ്പെടുത്തല്‍ രംഗം. കഥയിലേക്ക് കടക്കുമ്പോള്‍ തമിഴ്നാട്ടിലെ ടസ്മാക് ഷോപ്പിന് മുന്നിലുണ്ട് ക്യൂവില്‍ നിന്ന് 'ആക്സ്മികമായി' കണ്ടുമുട്ടുകയാണ് ലവകുശമാര്‍. ഷെയറിട്ടുള്ള മദ്യപാനത്തിലെ തുടക്കം തുടര്‍യാത്ര ഒരുമിച്ചാകാമെന്ന തീരുമാനത്തിലെത്തിച്ചു. തൊഴിലില്ലായ്മ മൂലം ആരെ പറ്റിച്ചും പത്ത് കാശുണ്ടാക്കാന്‍ പാടുപെടുന്ന തൊഴില്‍രഹിത നായകന്മാരാണ് ഇവരെന്ന് നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും പിടികിട്ടും. ചെന്നൈ ജീവിതം വിട്ട് നാട്ടിലേക്ക് തീവണ്ടി കയറുന്ന ലവകുശന്‍മാരെ തേടി ആദ്യ ദൗത്യം സൃഷ്ടിക്കപ്പെടുകയാണ്. ഈ ട്വിസ്റ്റില്‍ നിന്നാണ് വഴിത്തിരിവും വളവും തിരിവും ഒടിവുമൊക്കെയാണ് സിനിമയുടെ മുന്നേറ്റം.
സിനിമയുടെ സ്വഭാവം എന്താണെന്ന് നിശ്ചയമില്ലാതെ പോകുംവഴി പോകട്ടും എന്ന മട്ടിലൊരുക്കിയ തിരക്കഥയിലാണ് ലവകുശയുടെ സഞ്ചാരം. സ്പൂഫ് എന്ന് സൂചന നല്‍കുന്ന തുടക്കത്തില്‍ നിന്ന് സാന്ദര്‍ഭിക ഹാസ്യത്തിലേക്ക് അടുത്ത വെട്ടിത്തിരിയല്‍. അവിടെ നിന്ന് സ്വല്‍പ്പം സീരിയസാവും. പിന്നീടെപ്പോഴെ ഏതാണ്ടെല്ലാവരും തോക്കെടുത്ത് അണ്ടര്‍ കവര്‍ ആക്ഷന്‍ ത്രില്ലറിലേക്ക്. കേന്ദ്രകഥാപാത്രങ്ങളാണോ കണ്ടിരിക്കുന്നവരാണോ കോമാളികളെന്ന് പല ഘട്ടത്തിലും സംശയിച്ചു പോകും.
പ്രേമം എന്ന സിനിമയ്ക്ക് ശേഷം പുറത്തുവന്ന പല ചിത്രങ്ങളും ആ സിനിമയുടെ സക്സസ് ഫോര്‍മുല ആവര്‍ത്തിക്കാന്‍ ശ്രമിച്ചത് സംഭാഷണങ്ങളിലും, അഭിനേതാക്കളുടെ ഇടപെടലിലും കൂടുതല്‍ സ്വാഭാവികത വരുത്തിയും നിഷ്‌കളങ്കമെന്ന് തോന്നുന്ന ചില കൗണ്ടറുകള്‍ കാരക്ടര്‍ റോളുകളിലുളള താരങ്ങളിലൂടെ അവതരിപ്പിച്ചുമാണ്. ദ്വയാര്‍ത്ഥ സ്വഭാവമുള്ള തമാശകളില്‍ നിന്നുള്ള മോചനമാണ് ഈ വക നമ്പരുകളെങ്കിലും കഥാന്തരീക്ഷത്തിനോ, സിനിമയുടെ സമഗ്ര ഭാവത്തിനോ യോജിക്കാത്ത വിധം സ്വാഭാവികതയെന്ന് തോന്നിപ്പിക്കാന്‍ പാടുപെട്ടുള്ള 'അഭിനയം' കടന്നുവരുന്നത് അസഹനീയമാണ്. ആ വഴിക്കാണ് നീരജ് മാധവും ഗിരീഷ് മനോയും ലവകുശന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. ഇന്നസെന്റിനെ മിമിക്രി വേദിയില്‍ അവതരിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനൊപ്പം സംഭാഷണ ശൈലിയിലെ തപ്പലും തടയലും, പുരികമിളക്കലും അനുകരിക്കുന്നത് കാണുമ്പോഴുള്ള നിരാശയാണ് ഇത്തരം കൗണ്ടര്‍ തമാശകളും അഭിനയവുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്നത്. തിരക്കഥയെക്കാള്‍ തനിക്ക് വഴങ്ങുന്നതെന്താണെന്ന് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന പാട്ടിനൊപ്പിച്ചുള്ള ചുവടുകളിലൂടെ നീരജ് മാധവ് അനുഭവപ്പെടുത്തുന്നുണ്ട്.
പല സിനിമകളിലായി നൂറാവര്‍ത്തി കണ്ട സ്വര്‍ണക്കടത്തും അണ്ടര്‍ കവര്‍ മിഷനും തട്ടിക്കൊണ്ടുപോകലും രക്ഷാദൗത്യവുമെല്ലാം സംഭാഷണങ്ങളിലെ പഴമ പോലും ഉപേക്ഷിക്കാതെ ആവര്‍ത്തിക്കുകയാണ് ലവകുശ. സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനെ ഓര്‍മിപ്പിക്കുന്ന ക്ലീന്‍ ഷേവ് ക്ലീഷേ വില്ലനെ പോലും ഈ സിനിമ ഉപേക്ഷിക്കാന്‍ മെനക്കെട്ടിട്ടില്ല. വിജയ് ബാബുവും അശ്വിന്‍ കുമാറുമാണ് ഇവിടെ സ്പോക്കണ്‍ ഇംഗ്ലീഷ് ട്യൂഷനുള്ള വില്ലന്‍മാര്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് ട്രാക്കിംഗ്, സ്പൈ ക്യാം പോലുള്ള സാങ്കേതികവിദ്യകളെ കഥാഗതിയില്‍ ഉള്‍പ്പെടുത്തി പുതിയ കുപ്പിയിലിറക്കി നോക്കിയതൊഴിച്ചാല്‍ സംഗതി പഴയ ബോംബുകഥ തന്നെ.
ഹാസ്യരംഗങ്ങള്‍ മികച്ച ടൈമിംഗോടെയും കൈകാര്യം ചെയ്യുന്ന നടന്‍മാരാണ് അജുവും നീരജും. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ സിനിമകളിലടക്കം നീരജ് ഹാസ്യസന്ദര്‍ഭങ്ങളിലെ വഴക്കം നേരത്തെ അറിയിച്ചതുമാണ്. ഹ്യൂമര്‍ ആണോ സീരീയസ് ആണോ എന്ന് ആശയക്കുഴപ്പത്തിലായ കഥാപാത്രങ്ങളുടെ ആധി ഇവരുടെ പ്രകടനത്തിലുമുണ്ട്. ലവകുശന്‍മാരെ നിലംപരിശരാക്കുന്ന കൗണ്ടര്‍ ഡയലോഗുകളില്‍ കൈവിട്ടുപോയ സിനിമയെ രക്ഷിച്ചെടുക്കാന്‍ ബിജു മേനോന്‍ കഥാപാത്രം ശ്രമവും അവസാനത്തിലേക്ക് കടക്കുമ്പോള്‍ പാഴാവുകയാണ്.
തിയറ്ററുകളിലെ കയ്യടികള്‍ക്കൊപ്പമുള്ള വാണിജ്യ ശാസ്ത്രവും, കയ്യടിച്ചവരുടെ മന:ശാസ്ത്രവും പരിഗണിച്ച് സിനിമയെടുക്കുമ്പോഴും ആകര്‍ഷകമായൊരു കഥാപദ്ധതി അനിവാര്യമാണ്. ഏച്ചുകെട്ടലും എപ്പിസോഡിക് കോമഡികളും പലകുറി വിജയിച്ച ഹാസ്യനമ്പരുകളും ആവര്‍ത്തിച്ചാല്‍ ഇരിപ്പത്രയും മടുപ്പാകുമെന്ന് ലവ കുശ ഓര്‍മ്മപ്പെടുത്തുന്നു.
പ്രിയദര്‍ശന്‍ സിദ്ദിഖ്-ലാല്‍ എന്നിവര്‍ ഒരു കാലത്ത് ആവര്‍ത്തിച്ച കൂട്ടയോട്ടം കോമഡി ക്ലൈമാക്സുകള്‍ സ്വീകരിക്കപ്പെട്ടത് രസകരമായ നര്‍മസൃഷ്ടിയിലും ഭദ്രമായ അവതരണത്തിലുമായിരുന്നു. ഇവിടെ ദാസൻ-വിജയന്‍ മാതൃകയിലുള്ള രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചതിനപ്പുറം ആസ്വാദ്യകരമായോ, ആകര്‍ഷകമായോ ഒരു കഥാഘടന ഉണ്ടാക്കാന്‍ ശ്രമമുണ്ടായില്ല. വാടകവീട്, ട്രെയിന്‍, സിഐഡി ദൗത്യം എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച ഹാസ്യ എപ്പിസോഡുകളും ദുര്‍ബലമായിരുന്നു. അവിടവിടെയായി തിരുകിയ സോഷ്യല്‍ മീഡിയാ ട്രോളുകളുടെ സ്വഭാവമുള്ള തമാശകളും ഏല്‍ക്കുന്നില്ല. ചുരുക്കത്തില്‍ തട്ടിക്കൂട്ടിലെ നിരാശയാണ് ലവകുശ.