മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍, അതിഭാവുകത്വമില്ലാതെ പറയുന്നത് ചില ചെറിയ വലിയ കാര്യങ്ങള്‍, സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്ന ഈ ചിത്രം സാധാരണ സ്ത്രീകളെക്കുറിച്ചാണ്. ആ കഥാപാത്രങ്ങള്‍ ഒരു പക്ഷേ നിങ്ങളായിരിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും ജിവിക്കുന്നവരായിരിക്കാം. എന്തായാലും ഒരിക്കലെങ്കിലും കണ്ണു തുറന്ന് നോക്കണമെന്ന ഓര്‍മപ്പെടുത്തുകയാണ് സംവിധായകന്‍ വസന്ത്.
സ്ത്രീസമത്വത്വം അല്ലെങ്കില്‍ സ്ത്രീ ശാക്തീകരണം ഇവയെക്കുറിച്ച് ഉദ്ഘോഷിക്കുന്ന തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളൊന്നും ഈ ചിത്രത്തിലില്ല. പകരം നമ്മുടെ സമൂഹം എത്ര വേര്‍തിരിവോടെയാണ് സ്ത്രീകളെയും പുരുഷന്‍മാരെയും കാണുന്നത് എന്ന് 'സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' പറഞ്ഞു തരുന്നു. ജയമോഹന്‍, ആദവന്‍, അശോകമിത്രന്‍ എന്നിവരെഴുതിയ ചെറു കഥകളെ അടിസ്ഥാനമാക്കിയാണ് വസന്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തരായ മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന ഈ ചലച്ചിത്ര സമാഹാരം ചെറിയ വേദനയോടെ അല്ലാതെ കണ്ടു തീര്‍ക്കാനാവില്ല. അത്രയും വൈകാരികഭാരമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.
കുടുംബ വ്യവസ്ഥിതിയും ചെറുപ്പത്തിലുള്ള വിവാഹവും ഗര്‍ഭധാരണവുമൊക്കെ കാരണം വ്യക്തിത്വം തന്നെ പണയം വയ്ക്കേണ്ടി വരുന്ന മൂന്ന് സ്ത്രീകളാണ് ഈ ചലച്ചിത്ര സമാഹാരത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മൂന്ന് കഥകളും മൂന്ന് കാലഘട്ടങ്ങളില്‍ അരങ്ങേറുന്നു. എന്നാല്‍ ലിംഗ വിവേചവും സ്ത്രീവിരുദ്ധതയും എല്ലാ കാഘഘട്ടങ്ങളിലും ഒരുപോലെ. സ്ത്രീയുടെ ആത്മാഭിമാനം എല്ലായ്പ്പോഴും ചോദ്യം ചെയ്യപ്പെടുകയാണെന്ന് ചിത്രം കാണിച്ചു തരുന്നു. എന്നാല്‍ ഇത് ദുഖപുത്രികളുടെ കഥയല്ല, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. മുറിവേറ്റപ്പെട്ടവരുടെ പോരാട്ടത്തിന്റെ കഥയാണ്. സുരക്ഷിതമെന്ന് നാം കരുതുന്ന വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെയും അപമാനത്തിന്റെയും നേര്‍ കാഴ്ചയാണ്.
കാളിശ്വരി ശ്രീനിവാസ്, പാര്‍വതി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നത്. സരസ്വതി, ദേവകി ശിവരഞ്ജിനി എന്നിങ്ങനെ യഥാക്രമം മൂന്ന് കാലഘട്ടങ്ങളിലെ സ്ത്രീകളെ ഇവര്‍ പ്രതിനിധാനം ചെയ്യുന്നു. ലോക പ്രശസ്ത സംവിധായകന്‍ ജാക്വസ് ഒഡ്യാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ക്രൈം ഡ്രാമ ദീപനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് കാളിശ്വരി ശ്രീനിവാസ്. തമഴ്ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിതചിതയാണ് ലക്ഷ്മി പ്രിയ ചന്ദ്രമൗലി. പാര്‍വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ല. മൂവരുടെയും സ്വാഭാവിക പ്രകടനമാണ് ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്.
മൂന്ന് കഥകളിലും പൊതുവായ ചില രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം എന്തെങ്കിലും ഒരു വസ്തു എടുക്കാന്‍ അല്ലെങ്കില്‍ സുരക്ഷിതമായി വയ്ക്കാന്‍ സ്റ്റൂളില്‍ അല്ലെങ്കില്‍ ഏണിയില്‍ വലിഞ്ഞു കയറുന്ന സ്ത്രീയാണ്. അതുപോലെ മൂന്ന് ചിത്രങ്ങളുടെയും ആദ്യ ഷോട്ട് കടപ്പുറമാണ്. ഇതിലെല്ലാം എന്തൊക്കെയോ അര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട.് അത് പ്രേക്ഷകരുടെ യുക്തിക്ക് വിട്ടു നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ക്ലോസപ്പ് ഷോട്ടുകള്‍ പരമാവധി കുറിച്ച് ലോങ് ഷോട്ടുകളിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. ഈ വേറിട്ട പരീക്ഷണം വലിയ വിജയമാണെന്ന് തന്നെയാണ് സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും നമുക്ക് മുന്‍പില്‍ തെളിയിച്ചു കാണിക്കുന്നത്.
Content Highlights : IFFK 2018 SIVARANJANIYUM INNUM SILA PENGALLUM Movie Review