വെല്‍ക്കം ടൂ സെന്‍ട്രല്‍ ജയിലിന് ശേഷം ദിലീപ് ഫാന്‍സ് ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. ദിലീപിന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് കുറച്ചുകാലം റിലീസ് മാറ്റിവെച്ച ചിത്രം ദിലീപ് ഫാന്‍സ് തിയേറ്ററില്‍ വരവേറ്റത് വലിയ ആവേശത്തോടെയാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ദിലീപിന് സെന്‍ട്രല്‍ ജയിലില്‍ പിഴച്ചപ്പോള്‍ ഇത്തവണ വന്നിരിക്കുന്നത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രവുമായാണ്. ഡോക്ടര്‍ ലവിന്റെ സംവിധായകനായ കെ. ബിജുവിന്റെ രണ്ടാം സംവിധാന സംരംഭത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ.വൈ. രാജേഷാണ്. നടനും കൂടിയായ അരുണ്‍ ഘോഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ഒരു മൈതാനവും അതിനെ ചുറ്റിപറ്റി നടക്കുന്ന കബഡി മത്സരവുമാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ് നില്‍ക്കുന്നത് ദിലീപ് കഥാപാത്രമായ ജോര്‍ജ്ജേട്ടനാണ്. തൃശൂര്‍ ഭാഷയാണ് ദിലീപും കൂട്ടുകാരും സംസാരിക്കുന്നത്. പണിയില്ലാതെ നടക്കുന്ന തൃശൂരിലെ ചേട്ടന്മാര് വീട്ടുകാര്‍ക്ക് ഒരു ഭാരമാണെങ്കിലും നാട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടെന്ന ക്ലീഷേ ഈ സിനിമയിലും ആവര്‍ത്തിക്കുന്നു. സ്‌കൂളില്‍വെച്ചു തന്നെ ജോര്‍ജ്ജിന്റെ കൂടെ കൂടിയ കൂട്ടുകാരാണ് ഷറഫുദ്ദിനും വിനയ് ഫോര്‍ട്ടും. ഇവരുടെ രസകരമായ ജീവിതവും കബഡി കളിയുമാണ് ഈ ചിത്രത്തിലുടനീളം.
നര്‍മ രംഗങ്ങളില്‍ ശ്രദ്ധയൂന്നിയാണ് ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് തന്നെ ഇനി കളിയില്‍ അല്‍പ്പം കാര്യമെന്ന മുന്നറിയിപ്പോടെയാണ്. പിന്നെ സിനിമ സീരിയസായിട്ടാണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. സ്പോര്‍ട്ട്സ് മൂവികളുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റില്ലെങ്കിലും സ്പോര്‍ട്ട്സ് മൂവികള്‍ പിന്തുടര്‍ന്ന് പോരുന്ന സ്ഥിരം ഫോര്‍മാറ്റാണ് സെക്കന്‍ഡ് ഹാഫില്‍ കഥ പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്. രജീഷാ വിജയന്‍ എന്ന മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ താരം ഈ സിനിമയില്‍ പേരിന് മാത്രമുള്ള നായികയാണ്. വിരലിലെണ്ണാവുന്ന സീനും ഡയലോഗും മാത്രമുള്ളൊരു സൈഡ് കിക്ക് ക്യാരക്ടറാണ് രജീഷയുടേത്. സിനിമയില്‍ ചില ട്വിസ്റ്റുകളും വൈകാരികരംഗങ്ങളും ഉപകഥകളും സംവിധായകന്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
ടി.ജി. രവി, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, മുരുകന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. സിനിമയുടെ കഥ പറഞ്ഞു തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഇന്നസെന്റിന്റെ ശബ്ദമാണ്. തൃശൂരുകാരനായത് കൊണ്ടാണെന്ന് തോന്നുന്നു ഇന്നസെന്റിനെ തന്നെ ആ ദൗത്യം ഏല്‍പ്പിച്ചത്. ഗോപീ സുന്ദറാണ് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ദിലീപ് ബ്രാന്‍ഡ് സിനിമകള്‍ക്ക് കൈയ്യടിക്കുന്ന താരാരാധകര്‍ക്ക് കണ്ണുമടച്ച് ഈ സിനിമയ്ക്ക് കയറി ഉച്ചത്തില്‍ കൈയടിക്കാം.