ഫൈനല്‍സ് റിവ്യൂ; പ്രിയപ്പെട്ടവരുടെ സ്വപ്‌നങ്ങളെ പ്രണയിക്കുന്നവര്‍ക്ക്...


അനസൂയ

2 min read
Read later
Print
Share

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ആലീസ് എന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

ന്ത്യയിലെ കായികരംഗത്തേക്ക് കേരളത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍, അന്താരാഷ്ട്ര കായിക വേദികളിലെ മെഡലുകളുടെ എണ്ണമാണ്‌ മറുപടി. പി.ടി ഉഷ, അഞ്ചു ബോബി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജ്, ഷൈനി വില്‍സണ്‍, ടി.സി.യോഹന്നാൻ, മാന്വൽ ഫെഡ്രിക്സ്... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കായിക പ്രതിഭകളുടെ പേരുകൾ നമുക്ക് അഭിമാനത്തോടെ വിളിച്ചു പറയാനുണ്ട്. അവര്‍ക്കെല്ലാവര്‍ക്കുള്ള സമര്‍പ്പണമാണ് ഫൈനൽസ് എന്ന കൊച്ചു സിനിമ. അതിലുപരി വിജയത്തിലേക്കുള്ള കുതിപ്പിനിടെ കാലിടറിവീണ് നൊമ്പരമായി മാറിയ ഷൈനി ഷൈലസ് എന്ന സൈക്ലിസ്റ്റിന്റെ ഓര്‍മകളിലേക്ക് നമ്മളെ മടക്കിക്കൊണ്ടുപോവുകയാണ് ഫൈനല്‍സ്...

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ആലീസ് എന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മുന്‍ കായികതാരവും പരിശീലകനുമായ വര്‍ഗീസിന്റെ മകള്‍. സ്‌പോര്‍ട്സ് ഫെഡറേഷനെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സ്വന്തം സ്വപ്‌നങ്ങളെല്ലാം പാതിവഴിയില്‍ കൈവിട്ടുപോയ വര്‍ഗീസ് അതെല്ലാം സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ആലീസിലൂടെയാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആലീസ്. അവളുടെ യാത്രയ്ക്ക് കട്ട പിന്തുണയുമായി സുഹൃത്ത് മാന്വലും ഒരു നാട് മുഴുവനുമുണ്ട്. വാഗമണ്ണില്‍ നടക്കുന്ന കേരള സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് മത്സരിക്കാനെത്തുന്ന ആലീസിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നു. ഈ മത്സരത്തില്‍ ആലീസ് വിജയിക്കുമോ?. ഫൈനല്‍സ് കണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം.

സംവിധായകന്‍ പി.ആര്‍ അരുണിനെ സംബന്ധിച്ച് ഒരു 'സ്റ്റാര്‍ട്ടിങ്' ആയിരുന്നു ഫൈനല്‍സ്. ആ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചുവെന്ന് തന്നെ വിലയിരുത്താം. കാരണം നമ്മള്‍ കണ്ടുശീലിച്ചൊരു ഒരു സ്‌പോര്‍ട്സ് ഡ്രാമയുടെ ട്രാക്കിലൂടെയല്ല ഫൈനല്‍സ് സഞ്ചരിക്കുന്നത്. ചില സിനിമകള്‍ കാണുമ്പോള്‍ തന്നെ തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവും. പ്രത്യേകിച്ച് സ്‌പോര്‍ട്സ് സിനിമകളുടെ കാര്യത്തില്‍. ഒരു തരത്തിലുമുള്ള പ്രവചനങ്ങള്‍ക്കും വിട്ടുകൊടുക്കാതെ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തിലാണ് അരുണ്‍ ഫൈനല്‍സ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയിരിക്കുന്നത്. ആലീസ് എന്ന സൈക്ലിസ്റ്റിന്റെ ജീവിതം മാത്രമല്ല ഫൈനല്‍സ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. കായികതാരങ്ങൾക്കൊപ്പം നിൽക്കേണ്ട സ്‌പോര്‍ട്സ് ഫെഡറേഷന്‍ പോലുള്ളവയുടെ പൊള്ളത്തരങ്ങളിലേയ്ക്കും ആലീസിലൂടെ വിരൽചൂണ്ടുന്നുണ്ട് ചിത്രം. അതുപോലെ പരിശീലകപദവി ലൈംഗിക ചൂഷണങ്ങള്‍ക്കുള്ള മറയാക്കി കൊണ്ടുനടക്കുന്ന, പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തി വീണ്ടും ആ സ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നവരെയും പ്രതികൂട്ടിലാക്കുന്നുണ്ട് ഫൈനല്‍സ്.

അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ആദ്യം അഭിനന്ദിക്കേണ്ടത് വര്‍ഗീസിനെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിനെയാണ്. കാര്‍ക്കശ്യമുള്ള എന്നാല്‍ ശാന്തപ്രകൃതക്കാരനായ പിതാവിന്റെ വേഷം ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. സുരാജിലെ വലിയ നടന്റെ അനന്തസാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞു. അതുപോലെ കേന്ദ്രകഥാപാത്രമായ ആലീസായെത്തിയ രജിഷ വിജയനും ആലീസിന്റെ സുഹൃത്ത് നിരഞ്ജ് മണിയന്‍പിള്ളരാജുവും. ഇരുവരും ഏറെ കയ്യടക്കത്തോടെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. അവര്‍ക്കൊപ്പമെത്തിയ സോന നായര്‍, ടിനി ടോം, മുത്തുമണി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Content Highlights: Finals movie Review, Rajisha Vijayan, Niranj Maniyanpilla Raju, Suraj Venjaramoodu, Sports Drama, Cyclist Story

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram