ചിരിപ്പിക്കാതെ ഡാകിനി | Movie Rating: 1.5/5


പി.എസ്. ധനാദ്

2 min read
Read later
Print
Share

ബാലപ്രസിദ്ധീകരണങ്ങളിലെ ചിത്രകഥകള്‍പോലും എപ്പോഴോ ഉപേക്ഷിച്ച ധീരനായ ഗുണ്ടയെ ബുദ്ധികൊണ്ടും അബദ്ധത്തില്‍ പൊട്ടുന്ന വെടികൊണ്ടും രക്ഷപ്പെട്ടുവരുന്ന നായകന്റെ സംഘത്തിന്റെ വിജയഗാഥകള്‍ എത്ര പാടിപ്പഴകിയതാണെങ്കിലും ഡാകിനിയിലൂടെ അത് വീണ്ടും തുറക്കുകയാണ് രാഹുല്‍ റിജി നായര്‍.

കാലമെത്ര മുന്നോട്ടുപോയാലും മലയാള സിനിമയെ എത്രമാത്രം പിന്നോട്ടുനടത്താമെന്ന് കരുതിയിറങ്ങുന്ന ചിലരുണ്ട്, അത്തരക്കാരുടെ പിടിയിലകപ്പെട്ട ഒന്നാണ് രാഹുല്‍ റിജി നായരുടെ ഡാകിനി. ഒറ്റമുറി വെളിച്ചമെന്ന ഓഫ് ബീറ്റ് ചിത്രത്തിന്റെ അവാര്‍ഡ് പെരുമയുമായി രാഹുല്‍, ഡാകിനിയുമായെത്തുമ്പോള്‍ ആ സംവിധായകക്കുപ്പിയില്‍ അദ്ഭുതങ്ങളുണ്ടാകുമെന്ന് വിശ്വസിച്ചുപോയവരെ ചിത്രം നിരാശപ്പെടുത്തുന്നു.

ബാലപ്രസിദ്ധീകരണങ്ങളിലെ ചിത്രകഥകള്‍പോലും എപ്പോഴോ ഉപേക്ഷിച്ച ധീരനായ ഗുണ്ടയെ ബുദ്ധികൊണ്ടും അബദ്ധത്തില്‍ പൊട്ടുന്ന വെടികൊണ്ടും രക്ഷപ്പെട്ടുവരുന്ന നായകന്റെ സംഘത്തിന്റെ വിജയഗാഥകള്‍ എത്ര പാടിപ്പഴകിയതാണെങ്കിലും ഡാകിനിയിലൂടെ അത് വീണ്ടും തുറക്കുകയാണ് രാഹുല്‍ റിജി നായര്‍. പ്രതിഭാധനരായ ഒരു സംഘം നടീനടന്‍മാരെ വേണ്ടുംവണ്ണം ഉപയോഗിക്കാന്‍ ദുര്‍ബലമായ തിരക്കഥയ്ക്കും സംവിധാനത്തിനും കഴിയാതെ പോയി എന്നതാണ് വാസ്തവം. ഓര്‍മയില്‍ ഒന്നും ബാക്കിനിര്‍ത്താതെ ഡാകിനി കടന്നുപോകുന്നു.

ഹ്യൂമര്‍-ഹൊറര്‍ ചിത്രമെന്ന ലേബലൊട്ടിച്ചാണ് ഡാകിനി എത്തുന്നതെങ്കിലും പേരിന് പോലും ചിരി ഇല്ലാതായത് ചിത്രത്തെ പിറകോട്ടുവലിക്കുന്നു. ഒരേ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന സമപ്രായക്കാരായ നാല് അമ്മൂമ്മമാര്‍. അവരുടെ ചെറിയ ചെറിയ ആഘോഷങ്ങളും ജീവിത മുഹൂര്‍ത്തങ്ങളുമാണ് ആദ്യപകുതിയില്‍ അവതരിപ്പിക്കുന്നത്. മക്കളും കൊച്ചുമക്കളുമൊക്കെ വിദേശത്തായ ഒറ്റപ്പെട്ട ജീവിതത്തെ മറികടക്കാന്‍ അമ്മൂമ്മമാര്‍ നടത്തുന്ന ചീട്ടുകളിയും മക്കളെ ഒളിച്ചുള്ള കള്ളടിയുമൊക്കെ ചിരി വിടര്‍ത്താന്‍ സംവിധായകന്‍ ഉപയോഗിച്ചുനോക്കുന്നുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര ഏശുന്നില്ല.

ആദ്യപകുതിയില്‍ അജു വര്‍ഗീസെന്ന ജീമോന്റെ കടയിലേക്ക് റെക്കോഡ് വരപ്പിക്കാനെത്തുന്ന കോളേജുകാരി പെണ്‍കുട്ടി ചിരി പടര്‍ത്താന്‍വേണ്ടി വെട്ടിയൊട്ടിച്ചതുപോലെ കഥയില്‍നിന്നും മാറിനില്‍ക്കുന്നു. നാല് അമ്മമാര്‍ക്കും തുല്യ പ്രാധാന്യമാണ് ഉള്ളതെങ്കിലും പോളി വിത്സന്‍ അവതരിപ്പിക്കുന്ന മോളിക്കുട്ടിയാണ് കൂടുതല്‍ സീനുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കാര്‍ മെക്കാനിക്കായ മോളിക്കുട്ടിയായി തകര്‍പ്പന്‍ പ്രകടനമാണ് പോളി കാഴ്ചവെച്ചത്. അലന്‍സിയര്‍ ലോപ്പസ് അവതരിപ്പിക്കുന്ന കുട്ടന്‍പിള്ളയുമായി പ്രണയത്തിലായിരുന്നുവെങ്കിലും ഇരുവഴികളില്‍ പിരിഞ്ഞുപോയി. പിന്നെ തിരികെയെത്തിയുള്ള പ്രണയസീനുകളില്‍ നല്ല പ്രകടനം കാഴ്ചവെച്ച് കോമ്പിനേഷന്‍ സീനുകളില്‍ അലന്‍സിയറിനെ പൗളി വില്‍സന്റെ മോളിക്കുട്ടി പിന്നിലാക്കുന്നുണ്ട്.

മോളിക്കുട്ടിയും കുട്ടന്‍പിള്ളയും പ്രണയജീവിതത്തിന്റെ രണ്ടാം എപ്പിസോഡ് തുടങ്ങുമ്പോള്‍തന്നെ വില്ലനായി ചെമ്പന്‍ വിനോദിന്റെ മായന്‍ നടത്തുന്ന ഇടപെടലുകളാണ് കഥയുടെ തുരുത്ത്. മോളിക്കുട്ടിക്കും കുട്ടന്‍പിള്ളയ്ക്കും വേണ്ടി എല്ലാവരും ഒരുമിച്ചിറങ്ങുകയാണ്. അതിനിടയില്‍ അവര്‍ക്ക് പറ്റുന്ന അമളികളും പരിശ്രമങ്ങളും പറഞ്ഞുവയ്ക്കാനാണ് സംവിധായകന്‍കൂടിയായ തിരക്കഥാകൃത്ത് ശ്രമിക്കുന്നത്.

സരസ ബാലുശ്ശേരിയുടെ വത്സല എന്ന കഥാപാത്രവും സേതുലക്ഷ്മിയുടെ സരോജവും സാവിത്രി ശ്രീധരന്റെ മോഡേണ്‍ ലുക്ക് അമ്മാമ്മയും മോശം തിരക്കഥയിലും സംഭാഷണങ്ങളിലും കിടന്ന് ശരീരഭാഷയിലൂടെ നല്ല പ്രകടനം നടത്തുന്നുണ്ട്. അത് മാത്രമാണ് ഈ സിനിമയുടെ ഏക ആശ്വാസവും. ചെമ്പന്‍ വിനോദിന്റെ മോഡേണ്‍ ലുക്ക് വില്ലന്‍ മായനും അഭിനയം മോശമാക്കുന്നില്ല. വെട്ടാനും കൊല്ലാനും പോകുമ്പോഴും നീറ്റായിരിക്കണമെന്ന് കോട്ടും സ്യൂട്ടുമിട്ട് കുത്തിക്കൊലയ്ക്ക് ഇറങ്ങുന്ന ചെമ്പന്‍ കഥാപാത്രം പറഞ്ഞുവെക്കുന്നുമുണ്ട്. അതേ ഗെറ്റപ്പിലാണ് നടപ്പും. മായന്‍ എന്ന വില്ലന്‍ പുരാതന വസ്തുക്കള്‍ ശേഖരിക്കുന്ന ഹോബിയുള്ള ആളായി തിരക്കഥയില്‍ പറഞ്ഞുപോകുന്നുണ്ട്. മായന്റെ ശേഖരത്തിലെ രണ്ട് പഴയ കാറുകള്‍ സിനിമയില്‍ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നുവെങ്കിലും ക്ലൈമാക്സ് സീനുകളില്‍ ഇവ പ്രേക്ഷകന്റെ സകലയുക്തിയെയും ചോദ്യംചെയ്യുന്നു. മായനെ വെട്ടിച്ച് കടന്നുകളയുന്ന വില്ലത്തികള്‍ക്ക് പിന്നാലെ മായന്‍ പായുന്നത് 70 മോഡല്‍ കാറിലാണ്. അതാവട്ടെ ഒരു ഘട്ടത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടിലെത്തുമ്പോള്‍ യുക്തിയുള്ള പ്രേക്ഷകന്റെ നെറ്റിചുളിയും. പക്ഷേ, ഫണ്‍ ആന്‍ഡ് ഹൊറര്‍ എന്ന ലേബലുള്ളതിനാല്‍ ആശ്വസിക്കാം.

കാമ്പും കഴമ്പും തിരക്കഥയിലില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുവെങ്കിലും ഡാകിനിയുടെ കുപ്പിയില്‍ പ്രേക്ഷകര്‍ എത്രമാത്രം കയറുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Content Highlights : dakini movie review aju varghese chemban vinod rahul reji nair

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram