വെള്ളിമൂങ്ങ എന്ന ഹിറ്റ്ചിത്രത്തിന് ശേഷം ജിബു ജേക്കബ്-ബിജു മേനോന്‍-അജു വര്‍ഗീസ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ആദ്യരാത്രി. ഇത്തവണയും ഇതേ കൂട്ടുകെട്ട് വിജയം കണ്ടുവെന്നാണ് ആദ്യ ദിനം തിയ്യറ്ററില്‍ നിന്നും വരുന്ന പ്രേക്ഷക പ്രതികരണങ്ങള്‍.
കായലാല്‍ ചുറ്റപ്പെട്ട കുട്ടനാട്ടിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലെ സര്‍വജനസമ്മതനായ മനോഹരന്റെ കഥയാണ് ചിത്രം പറയുന്നത്. പണ്ട് മുതലേ നാട്ടിലെ സകല കാര്യങ്ങള്‍ക്കും ഓടി നടന്നിരുന്ന മനോഹരന് പത്തിരുപത്തിരണ്ടു കൊല്ലം മുന്‍പ് ഒരു പ്രത്യേക സാഹചര്യത്തില്‍ കല്യാണ ബ്രോക്കറുടെ കുപ്പായം അണിയേണ്ടി വരുന്നു. കല്യാണത്തലേന്ന് സ്വന്തം പെങ്ങള്‍ ഒളിച്ചോടിപ്പോയതിന്റെ അപമാനഭാരവും അതറിഞ്ഞ് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചതിന്റെ സങ്കടവും മനോഹരനെ ഒരു പ്രേമവിരോധിയാക്കി മാറ്റിയിരുന്നു. മദ്യവിമുക്തമായ കിനാശ്ശേരി എന്ന പോലെ പ്രണയമുക്തമായ മുല്ലശ്ശേരിയാണ് മനോഹരന്റെ സ്വപ്നം. മനോഹരന്‍ എന്ന് മുതല്‍ ബ്രോക്കറായോ അന്ന് മുതലിങ്ങോട്ട് ഒരാള്‍ പോലും മുല്ലശേരിയില്‍ പ്രണയിച്ചോ, ഒളിച്ചോടിയോ വിവാഹിതരായിട്ടില്ല.
ഇതിനിടെ തന്റെ മുന്‍ കാമുകിയുടെ മകളും സ്വന്തം മാതാപിതാക്കളെ പോലെ മനോഹരന്‍ കണ്ടിരുന്ന അധ്യാപക ദമ്പതികളുടെ കൊച്ചുമകളുമായ അശ്വതി എന്ന അച്ചുവിന്റെ കല്യാണം നടത്തുന്ന കാര്യം ഇയാള്‍ ഏറ്റെടുക്കുന്നു. നാട്ടിലെ ചെറിയൊരു പ്രമാണിയായ കുഞ്ഞുമോനുമായി അച്ചുവിന്റെ കല്യാണം ഇയാള്‍ ഉറപ്പിക്കുന്നു. എന്നാല്‍ ബെംഗളൂരുവിൽ പഠിക്കുന്ന അച്ചുവിന് കോളേജിലെ പയ്യനുമായി പ്രണയം ഉണ്ടെന്ന് അറിയുന്നതോടെ ഇവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് രസച്ചരടില്‍ കോര്‍ത്ത് ജിബു അവതരിപ്പിച്ചിരിക്കുന്നത്.
എന്തു വേഷം കിട്ടിയാലും മനോഹരമാക്കുന്ന ബിജു മേനോന്‍ മനോഹരനെയും മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ എവിടെയൊക്കെയോ വെള്ളിമൂങ്ങയിലെ മാമച്ചനും കുഞ്ഞിരാമായണത്തിലെ മനോഹരനും കടന്നുവരുന്നില്ലേ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. കുഞ്ഞുമോനായെത്തിയ അജു വര്‍ഗീസും മനോഹരന്റെ സന്തത സഹചാരിയായ കുഞ്ഞാറ്റയായി എത്തുന്ന മനോജ് ഗിന്നസും ബിജു സോപാനവുമെല്ലാം നിറഞ്ഞ ചിരിക്കുള്ള വക നല്‍കുന്നുണ്ട്.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ അശ്വതി എന്ന അച്ചുവായി എത്തുന്നത്. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടിയെ യുവതിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ചിലയിടങ്ങളില്‍ കല്ലുകടിയായിട്ടുണ്ട്.. എങ്കിലും തന്റെ വേഷം അനശ്വര മികച്ചതാക്കി.
വിജയരാഘവന്‍, ശ്രീലക്ഷ്മി, പൗളി വല്‍സണ്‍ തുടങ്ങി ചിത്രത്തില്‍ മറ്റു കഥാപത്രങ്ങളായി എത്തിയ താരങ്ങളും സന്ദര്‍ഭത്തിനൊത്ത നര്‍മ്മങ്ങളും ആദ്യരാത്രിയെ മനോഹരമാക്കുന്നു. അധികം ചിന്തിക്കാനോ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകാനോ താത്പര്യമില്ലാത്ത, സിനിമാപ്രേമികള്‍ക്ക് രണ്ടരമണിക്കൂര്‍ രസിച്ചിരുന്ന് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ആദ്യരാത്രി.
Content Highlights : Adhyarathri Movie Review Biju Menon Jibu Jacob Aju Vargheese Anaswara Rajan