പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ചു കൊണ്ട് ലേഖനമെഴുതിയ യുവതി ക്ഷമ ചോദിച്ചു കൊണ്ട് രംഗത്ത്. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ പ്രിയങ്കയെ 'ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്' എന്നാണ് വിശേഷിപ്പിച്ചത്. വിവാദ ലേഖനം പിന്‍വലിച്ചതിനു പിന്നാലെ പ്രിയങ്കയോട് ക്ഷമ ചോദിച്ചു കൊണ്ട് ലേഖിക ട്വീറ്റ് ചെയ്തു.
'പ്രിയങ്കയോടും നിക്കിനോടും വായനക്കാരോടും ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. വര്‍ഗീയത, വംശീയ സ്പര്‍ദ്ധ എന്നിവക്ക് മാപ്പര്‍ഹിക്കാത്തതാണ്. ഞാന്‍ എഴുതിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. തെറ്റാണു ചെയ്തത്. ക്ഷമിക്കണം.'- എന്നായിരുന്നു ലേഖികയുടെ ട്വീറ്റ്.
പ്രിയങ്കയുടെയും നിക്കിന്റെയും യഥാര്‍ഥ സ്നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ആഗോളതലത്തില്‍ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തില്‍ പറഞ്ഞിരുന്നത്.
ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരുന്നു. സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനിപ്പോള്‍ അതിയായ സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങള്‍ അലട്ടില്ലെന്നും നടി പറഞ്ഞു. എന്നാല്‍ നിക്കിന്റെ സഹോദരനും അദ്ദേഹത്തിന്റെ കാമുകിയുമായ സോഫി ടര്‍ണെറും ലേഖനത്തെ എതിര്‍ത്ത് ട്വീറ്റ് ചെയ്തു. പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തിരുന്നു.