A.M.M.A. നേതൃത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി


സ്വന്തംലേഖകന്‍

രേവതി, പത്മപ്രിയ, പാര്‍വതി, റിമ കല്ലിങ്കല്‍, ബീന പോള്‍, അഞ്ജലി മേനോന്‍, ദീദീ ദാമോദരന്‍, സജിത മഠത്തില്‍, അര്‍ച്ചന പത്മിനി തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എ.എം.എം.എയുമായി നടന്ന ചര്‍ച്ചയില്‍ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായില്ലെന്ന് ഡബ്ലൂ.സി.സി അംഗങ്ങള്‍ ആരോപിച്ചു.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ കല്ലിങ്കല്‍, ദീദീ ദാമോദരന്‍, സജിത മഠത്തില്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല?- രേവതി ചോദിച്ചു.

ദിലീപിനെ പുറത്താക്കും വരെ പോരാടാനുറച്ച് അവര്‍: ഇനി വരാനിരിക്കുന്നത് സ്ഫോടനം

എ.എം.എം.എയുടെ തെറ്റായ നടപടി തിരുത്തുമെന്ന് കരുതിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് ഡബ്ലൂ.സി.സി അംഗങ്ങളെ മൂടിയെന്നും പാര്‍വതി പറഞ്ഞു.

രാജിക്കത്ത് തയാറാക്കിയാണ് ഞങ്ങള്‍ ഇടവേള ബാബുവിനെ വിളിച്ചത്. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന് പറഞ്ഞു. അവര്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്സ് നോട്ട് അവരെ കേള്‍പ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി- പാര്‍വതി പറഞ്ഞു.

മാസ്സ് എന്‍ട്രിയും ട്വിസ്റ്റും, ക്ലൈമാക്സില്‍ പഞ്ച് ഡയലോഗും; ഈ വാര്‍ത്താസമ്മേളനം സൂപ്പര്‍ ഹിറ്റ്!

ഇരയ്ക്കൊപ്പം നില്‍ക്കാന്‍ വ്യക്തിപരമായി തയാറാണെന്നും എന്നാല്‍ ജനറല്‍ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നും മോഹന്‍ലാല്‍ ചോദിച്ചതായി ഡബ്ലൂ.സി.സി അംഗങ്ങള്‍ വെളിപ്പെടുത്തി. നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ അവള്‍ അപേക്ഷിച്ചാല്‍ എക്സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറല്‍ ബോഡിയില്‍ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം. ഓഗസ്റ്റ് 7 ന് നടന്ന മീറ്റിങ്ങിനിടെ നടന്ന പ്രസ്മീറ്റില്‍ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങള്‍ പോയതോടെ അവരുടെ ഭാവം മാറി. നിയമവശങ്ങള്‍ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങള്‍ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാല്‍ സംയുക്ത പ്രസ്താവന നടത്താതെ സ്വന്തമായി പ്രസ്താവന നടത്തി വഞ്ചിച്ചു- ഡബ്ലൂ.സി.സി ആരോപിച്ചു.

ആക്രമണത്തെ അതിജീവിച്ച നടിയെ നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി.

ഞങ്ങള്‍ ഇപ്പോള്‍ ഇത് സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണ്. പതിനേഴ് വയസ്സായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും- രേവതി പറഞ്ഞു.

ഈ 'ഊള'കള്‍ക്ക് പിറകേ നടക്കാന്‍ താല്‍പര്യമില്ല; ശക്തമായ നിലപാടുമായി അര്‍ച്ചന പത്മിനി
അര്‍ച്ചന പറയുന്നത് ശുദ്ധ കള്ളമാണ്; നടപടി സ്വീകരിക്കുമെന്ന് ബി.ഉണ്ണികൃഷ്ണന്‍.​

ദേശീയ തലത്തില്‍ മീ ടൂ ക്യാമ്പയിന്‍ ശക്തമാകുമ്പോള്‍ ആമിര്‍ ഖാന്‍ അക്ഷയ് കുമാര്‍ പോലെയുള്ള താരങ്ങള്‍ എടുക്കുന്ന നിലപാടിനെ റിമ കല്ലിങ്കല്‍ പ്രശംസിച്ചു.

ഇവിടെ ഒരു നടന്‍ കുറ്റാരോപിതനായപ്പോള്‍ ഉടന്‍ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണന്‍ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി പരസ്യമായി ആരോപണമുന്നയിട്ടും ആലോചിക്കാമെന്നാണ് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്- റിമ കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമയുടെ സെറ്റില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായപ്പോള്‍ ഫെഫ്കയില്‍ പരാതി നല്‍കിയെന്നും എന്നാല്‍ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നും നടി അര്‍ച്ചന പദ്മിനി പറഞ്ഞു.

മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റില്‍ വച്ച് ദുരനുഭവം ഉണ്ടായത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും വളരെ മോശമായ അനുഭവമുണ്ടായി. ഫെഫ്കയില്‍ രണ്ടു തവണ പരാതി നല്‍കിയിട്ടും ബി.ഉണ്ണിക്കൃഷ്ണനോ സിബി മലയിലോ ഒരു നടപടിയുമെടുത്തില്ല. ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടും അവരുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്- അര്‍ച്ചന പറഞ്ഞു.

അമ്മയുടെ നേതൃത്വം അലങ്കരിക്കുന്നവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോരാട്ടവുമായി മുന്‍പോട്ട് തന്നെ പോകുമെന്നും ഡബ്ലൂ.സി.സി വ്യക്തമാക്കി.

അയാള്‍ പറഞ്ഞു; ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്, കൊന്നിട്ടാല്‍പോലും ആരും അറിയില്ല

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram