ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് നടന് വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖര്‍ രംഗത്ത്. ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്.
വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇതിനോട് പ്രതികരിച്ചത്. ഇത് കൂടാതെ നിരവധി പേരാണ് ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വിവേകിന്റേത് തീര്‍ത്തും അര്‍ത്ഥ ശൂന്യമായ പ്രവര്‍ത്തിയായി പോയെന്നും വ്യക്തിഹത്യ നടത്തുകയാണ് വിവേക് ചെയ്തതെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമേ മഹാരാഷ്ട്ര വനിതാ കമ്മീഷന് താരത്തിനെതിരെ കേസ് എടുക്കാനൊരുങ്ങുകയാണെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മൂന്ന് ഘട്ടങ്ങളെ ഐശ്വര്യയുടെ പ്രണയങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടാണ് വിവേക് ട്വീറ്റ് ചെയ്തത്. നടന് സല്മാന് ഖാനുമായുള്ള പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനുമായുള്ള പ്രണയത്തെ എക്സിറ്റ് പോളായും ഒടുവില്‍ അഭിഷേകുമായുള്ള വിവാഹത്തെയും കുടുംബജീവിതത്തെയും തിരഞ്ഞെടുപ്പ് ഫലമായും വിശേഷിപ്പിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്.
അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന് സിംഗ് എന്ന വ്യക്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും മീമിനൊപ്പം വിവേക് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
2000-ലാണ് ഐശ്വര്യ സല്‍മാനുമായി പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. സല്‍മാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ഐശ്വര്യ വിവേക് ഒബ്റോയുമായി പ്രണയത്തിലായെങ്കിലും ആ പ്രണയവും അധികകാലം നീണ്ടുനിന്നില്ല.
പിന്നീട് ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്മാന് ഖാന് തന്നെ ഭീഷണിപ്പെടുത്തി എന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്മാന് പ്രശ്നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്മാന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്ന് 2017-ല്‍ ഒരു അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു. 2007-ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്.
Content Highlights : Vivek Oberoi Slammed Over His Tweet Abou Aiswarya Rai Sonam Kapoor Reacts To Vivek Oberois Tweet