തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വടപളനിയിലുള്ള ഓഫീസായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.
ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം. വിശാല്‍ ജി.എസ്.ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായി തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ബി.ജെ.പി. നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തു വന്നതിന്റെ പിറ്റേ ദിവസമാണ് റെയ്ഡ് നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെയാണ് വിശാല്‍ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
2013ലാണ് വിശാല്‍ ഫിലിം ഫാക്ടറി സ്ഥാപിച്ചത്. കഥകളി, നാന്‍ സിഗപ്പു മനിതന്‍, ആമ്പള എന്നിവയാണ് ഇവര്‍ നിര്‍മിച്ച ചിത്രങ്ങള്‍.
Share this Article
Related Topics