ക്രിക്കറ്റ് ബോളിവുഡിനെ മിന്നുകെട്ടിയ വിരുഷ്‌ക വിവാഹം ആരാധകര്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് വിരാട് കോലി അനുഷ്‌കയെ മിന്നു ചാര്‍ത്തിയത്.
ഇന്ത്യന്‍ ക്യാപ്റ്റനുമായുള്ള തന്റെ വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവച്ച അനുഷ്‌കയുടെ ട്വീറ്റായിരുന്നു ബോളിവുഡിലെ ആ വര്‍ഷത്തെ സുവര്‍ണ ട്വീറ്റും.
അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. ഗോസിപ്പുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്ന് മാധ്യമങ്ങള്‍ വരെ മനസിലാക്കിയത് ഏറെ വൈകിയാണ്. ഔദ്യോഗിക പ്രതികരണം വന്നത് പോലും വിവാഹ ശേഷമായിരുന്നു.
ഇത്രയും രഹസ്യമായി വിവാഹം നടത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്‌ക. തങ്ങള്‍ തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങായിരുന്നു ആഗ്രഹിച്ചതെന്നും ഭക്ഷണം തയ്യാറാക്കുന്ന ആള്‍ക്കാരോട് വരെ തങ്ങള്‍ പേരുകള്‍ മാറ്റിയാണ് പറഞ്ഞതെന്നും അനുഷ്‌ക വോഗിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
"ഹോം സ്റ്റൈല്‍ വിവാഹമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. വെറും 42 പേര്‍ മാത്രമായിരുന്നു അതിഥികളായുണ്ടായിരുന്നത്. ഞാനും വിരാടും വിവാഹിതരാകുന്നു, അത്ര മാത്രം, അല്ലാതെ സെലിബ്രിറ്റി വിവാഹമായിരുന്നില്ല ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഭക്ഷണം തയ്യാറാക്കുന്നവരോട് വരെ വ്യാജ പേരുകളിലാണ് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നത്. വിരാടിന്റെ പേര് രാഹുല്‍ എന്നായിരുന്നു"-അനുഷ്‌ക പറയുന്നു.
2017 ഡിസംബര്‍ 11-നാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികള്‍ പരസ്യമാക്കിയത്.
Content Highlights : Virushka Wedding Virat Kohli Became Rahul To Keep Wedding A Secret Anushka Virat Kohli