ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌കയുടെയും ജീവിതത്തിലെ മനോഹരനിമിഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൗസ്ഫുള്ളായി ഓടുകയാണ്. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹ സീനുകളെ വെല്ലുന്ന മനോഹാരിതയിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്ന വരന്റെയും വധുവിന്റെയും കണ്ണിലെ തിളക്കവും മനോഹരമായ പുഞ്ചിരിയും കുസൃതിയുമെല്ലാം പകര്‍ത്തിയിക്കുന്നത് ജോസഫ് രാധിക് ആണ്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോസഫ് തന്റെ ജീവിതത്തില്‍ നൂറ് കണക്കിന് പ്രണയ നിമിഷങ്ങള്‍ ഇതുപോലെ പകര്‍ത്തി കഴിഞ്ഞു. തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിമിഷങ്ങള്‍ ഒപ്പിയെടുത്തതും ജോസഫിന്റെ ആ ക്യാമറ കണ്ണുകള്‍ തന്നെ.
വിവാഹത്തിന് മുന്‍പ് അനുഷ്‌ക തനിക്ക് മുമ്പില്‍ ഒരു അപേക്ഷ വെച്ചുവെന്ന് ജോസഫ് പറയുന്നു. 'എനിക്ക് വേണ്ടത് എന്റെ വിവാഹത്തിലെ മനോഹര നിമിഷങ്ങളാണ്. സിനിമ പോലിരിക്കുന്ന ഒന്നും എനിക്ക് വേണ്ട.'
അനുഷ്‌കയ്ക്ക് നല്‍കിയ ആ വാക്ക് പാലിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജോസഫിപ്പോള്‍. നിരവധിയാളുകളാണ് വിവാഹ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറെന്ന നിലയില്‍ ജോസഫിന് ഏറ്റവും അംഗീകാരം ലഭിച്ച വര്‍ക്കുകളിലൊന്നാണ് കോലി-അനുഷ്‌ക വിവാഹം.
ഡിസംബര്‍ 11 നായിരുന്നു കോലി-അനുഷ്‌ക വിവാഹം. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. കഴിഞ്ഞാഴ്ച്ച തന്നെ കോലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.