കാറപടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍.
ബാലഭാസ്‌കറിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ട്. ശനിയാഴ്ച ഇദ്ദേഹത്തിന്റെ കാലിനു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് വിജയകരമായിരുന്നു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ശരീരം പ്രതികരിക്കുന്നുണ്ട്. ഒരാഴ്ചയോളം വെന്റിലേറ്ററില്‍ തുടരേണ്ടി വരും. ലക്ഷ്മിയുടെ ശരീരത്തിലെ പരുക്കുകള്‍ കുറഞ്ഞുവരികയാണ്- അധികൃതര്‍ അറിയിച്ചു.
അതേസമയം ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസിലെ ന്യൂറോസര്‍ജനെ എത്തിക്കാനായി ശശി തരൂര്‍ എംപി ഇടപെട്ടു. ഇക്കാര്യം എയിംസ് ഡയറക്ടര്‍ ഡോ. ഗൗലേറിയോടും കേന്ദ്ര മന്ത്രി ജെ.പി.നദ്ദയോടും സംസാരിച്ചതായി ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിഷയം കേന്ദ്രമന്ത്രിയുടെ മുന്നില്‍ എത്തിയിരുന്നില്ല. വളരെ പെട്ടെന്നു ന്യൂറോസര്‍ജനെ അയയ്ക്കാമെന്ന് ഉറപ്പു ലഭിച്ചതായും ശശി തരൂര്‍ അറിയിച്ചു.
തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ടു വയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. കുട്ടിയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Share this Article
Related Topics