ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ധ്രുവ് വിക്രം നായകനാകുന്ന ആദിത്യവര്‍മ്മ തീയേറ്ററുകളിലെത്തുകയായി. സിനിമയുടെ ഓഡിയോ ലോഞ്ച് താരനിബിഡമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടത്തിരുന്നു. ചിയാന്‍ വിക്രമും മകന്‍ ധ്രുവും തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. നിറഞ്ഞ ആരാധകസദസ്സ് ഇരുവരെയും എതിരേറ്റു. ധ്രുവിനെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണ് വിക്രം സംസാരിച്ചത്.
'ധ്രുവിനെപ്പോലെ എനിക്ക് സംസാരിക്കാന്‍ അറിയില്ല.' വിക്രം പറഞ്ഞു തുടങ്ങി. 'ധ്രുവ് വേദിയില്‍ കയറിനിന്ന് എന്തു പറയുമെന്നായിരുന്നു എന്റെ ഇതുവരെയുള്ള ടെന്‍ഷന്‍. എന്നാല്‍ ഇപ്പോള്‍ ധ്രുവിന്റെ പ്രസംഗം കേട്ടപ്പോള്‍ അതൊക്കെ മറന്നു. പ്ലസ്ടു ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ അവസ്ഥയാണിപ്പോഴെനിക്ക്. ഏറെ വെല്ലുവിളി തന്ന സേതു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഈ ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മകളെ വിവാഹം ചെയ്തയയ്ക്കുന്നവരെ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ തന്നെയാണ് എനിക്ക് ഇപ്പോള്‍ ധ്രുവിന്റെ കാര്യത്തില്‍. മകന്‍ അഭിനയത്തിലേക്ക് വരുമെന്ന പ്രതീക്ഷിച്ചിരുന്നേയില്ല. വളരെ ക്രിയേറ്റീവ് പേഴ്‌സണ്‍ ആണ് ധ്രുവ്. ഇഷ്ടമുള്ള എന്തു ജോലിയ്ക്ക് വേണമെങ്കിലും പൊക്കോളാന്‍ ഞാന്‍ ധ്രുവിനോടു പറഞ്ഞിരുന്നു. അവന്‍ അവന്റെ അച്ഛനെപ്പോലെ സിനിമയിലേക്കു തന്നെ വന്നു.
ധ്രുവിനെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടു വരുമ്പോള്‍ കാമ്പുള്ള ഒരു കഥ ആവശ്യമായിരുന്നു. നിര്‍മ്മാതാവ് മുകേഷ് സാറിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. ഈ സിനിമ ചെയ്യട്ടേയെന്നു ചോദിച്ചുകൊണ്ട് നിരവധി താരങ്ങള്‍ അദ്ദേഹത്തിനടുത്ത് എത്തിയിരുന്നു. എന്നാല്‍ ധ്രുവിനെക്കൊണ്ടേ ആദിത്യവര്‍മ്മ ചെയ്യിക്കൂ എന്നത് അദ്ദേഹമെടുത്ത തീരുമാനമാണ്. ധ്രുവിന്റെ ഡബ്‌സ്മാഷ് വീഡിയോകള്‍ കണ്ടാണ് മുകേഷ് സാര്‍ ആ തീരുമാനത്തിലെത്തിയത്. സിനിമയെക്കുറിച്ചറിഞ്ഞപ്പോള്‍ ഇത്ര ഹെവി ആയിട്ടുളള റോള്‍ ഈ ചെറുപ്രായത്തില്‍ ധ്രുവിനെക്കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്ന ടെന്‍ഷനായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ സിനിമ കാണാന്‍ പോകുകയാണ്. അത് കണ്ടിട്ടു നിങ്ങള്‍ തന്നെ അഭിപ്രായം പറയൂ. അച്ഛനെന്ന നിലയില്‍ എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല.' സ്വതസിദ്ധമായ ശൈലിയില്‍ വിക്രം പറഞ്ഞു.
സിനിമയിലെ അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ എടുത്തെടുത്ത് പറഞ്ഞ് പ്രസംഗിച്ച ധ്രുവിനോട് അച്ഛനെക്കുറിച്ചു പറയാനുള്ള ആവശ്യവുമായി ആരാധകര്‍ അക്ഷമരായി സദസ്സില്‍ നിന്നും ആര്‍പ്പുവിളികള്‍ മുഴക്കി. 'ഇവിടെ എന്തു പറയണമെന്നു ഞാന്‍ കൃത്യമായി പഠിച്ചിട്ടാണ് വന്നത്. ഇതുവരെ പറഞ്ഞതൊക്കെ അതിന്റെ ധൈര്യത്തിലാണ്. ഇനി അച്ഛനെക്കുറിച്ച് പറയാന്‍ ഒന്നും പഠിക്കേണ്ടതില്ല. അച്ഛന്‍ നല്ലൊരു നടനാണെന്ന് അറിയാം. അതിലുപരി അച്ഛന്‍ നല്ലൊരു അച്ഛനും കൂടിയാണ്. എന്റെ അഭിനയവും സ്വഭാവവും നടത്തവുമെല്ലാം അപ്പ തന്നെയാണ്. അദ്ദേഹം ഇപ്പോള്‍ ഒരു ഇരുപതുകാരനാണെങ്കില്‍ എന്തെല്ലാം ചെയ്യുമായിരുന്നോ അതു തന്നെയാണ് ഞാനും സിനിമയില്‍ ചെയ്തിട്ടുള്ളത്. അച്ഛനും അമ്മയുമാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കാനുള്ള പ്രധാന കാരണം.' ധ്രുവ് വികാരാധീനനായി പറഞ്ഞു. ഇരുവരും ഒന്നിച്ച് പാട്ടുകൂടി പാടിയാണ് വേദി വിട്ടത്.
Content Highlights : vikram and dhruv vikram talk at adithya varma audio launch