ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനാകുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ നേടിയ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് സിനിമയുടെ പേരിനാധാരം. ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമാണ് മുത്തയ്യ മുരളീധരന്‍ എന്നും അദ്ദേഹത്തിന്റെ ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും വിജയ് സേതുപതി പ്രതികരിച്ചു.
'മുരളിയെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുരളി നേരിട്ട് തന്നെ ചിത്രവുമായി സഹകരിക്കുമെന്നതും ക്രിക്കറ്റുമായി ബന്ധപ്പെട്ട് എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുമെന്നും ഉള്ളതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മുരളിയോടും ചിത്രത്തിന്റെ നിര്‍മാതാക്കളോടും എനിക്ക് നന്ദിയുണ്ട്'. വിജയ് സേതുപതി പറഞ്ഞു. തന്റെ ജീവചരിത്ര സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നതില്‍ താന്‍ അതീവ സന്തോഷവാനാണ് എന്ന് മുത്തയ്യ മുരളീധരനും വ്യക്തമാക്കി.
ഡാര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.
Content Highlights : Vijay Sethupathi to play cricketer Muttiah Muralitharan In His Biopic 800