സാധാരണ വിജയ് ചിത്രങ്ങൾ തിയേറ്ററുകളിലാണ് വലിയ തരംഗം സൃഷ്ടിക്കുക. ഇക്കുറി പക്ഷേ, ബഹളം കൂടുതൽ പുറത്തായിരുന്നു. ചരക്കു സേവന നികുതിയുടെയും നോട്ട് നിരോധനത്തിന്റെയുമെല്ലാം പേരിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുമായി പുതിയ ചിത്രം മെർസലിന് കൊമ്പുകോർക്കേണ്ടി വന്നതോടെ ചില്ലറ ബഹളമല്ല തിഴ്നാട്ടിൽ ഉണ്ടായത്. പുതിയ ചിത്രം മെർസലിന്. ബി.ജെ.പി. നേതാക്കളുടെ ആവശ്യപ്രകാരം രംഗങ്ങൾ നീക്കം ചെയ്യാമെന്ന് നിർമാതാക്കൾ സമ്മതിച്ചെങ്കിലും വൻ പിന്തുണയാണ് പ്രേക്ഷകരിൽ നിന്നു മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ലഭിച്ചത്. ഈ പിന്തുണയ്ക്കെല്ലാം നേരിട്ട് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നായകൻ വിജയ്.
സി.ജോസഫ് വിജയ് എന്ന തന്റെ മുഴുവൻ പേരും വലിയ ചുവപ്പ് അക്ഷരത്തിൽ എഴുതിയ ലെറ്റർപാഡിലാണ് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള വിജയിന്റെ വാർത്താക്കുറിപ്പ്. ലെറ്റർ പാഡിന്റെ മുകളിൽ ജീസസ് സേവ്സ് എന്നും എഴുതിയിട്ടുണ്ട്. സാധാരണ നിലയില്‍ ജോസഫ് വിജയ് എന്ന തന്റെ മുഴുവന്‍ പേര് വിജയ് ഉപയോഗിക്കാറില്ല.
വിജയ് ക്രിസ്ത്യാനിയായതു കൊണ്ടാണ് സിനിമയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നു പറഞ്ഞ ബി.ജെ.പി. ദേശീയ സെക്രട്ടറി ഡി.രാജയ്ക്കുള്ള മറുപടിയായി ലെറ്റർ പാഡിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. രാജയുടെ ഈ ആരോപണത്തിനെതിരെ വൻ വിമർശമാണ് ഉയർന്നത്.
"മെര്‍സലിനെതിരെ പലവിധ എതിര്‍പ്പുകളും ഉണ്ടായിരുന്നു. ഇതിന് മറുപടിയായി സിനിമാ മേഖലയില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കള്‍, നടന്മാർ, നടികർ സംഘം, തെന്നിന്ത്യൻ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍, ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെല്ലാം എനിക്കും മെര്‍സലിന്റെ മൊത്തം സംഘത്തിനും പിന്തുണയുമായി വന്നിരുന്നു. മെര്‍സല്‍ ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു." - വിജയ് പറഞ്ഞു
ഒക്ടോബർ 18 നാണ് മെര്‍സല്‍ റിലീസ് ചെയ്തത്. ചിത്രം ആദ്യ ആഴ്ച തന്നെ 150 കോടിക്ക് മീതെ കളക്ഷന്‍ നേടിയിരുന്നു. നിത്യാ മേനോന്‍, സാമന്ത അക്കിനേനി, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്.