അന്യഭാഷാ ചിത്രങ്ങളെ എന്നും നെഞ്ചോടു ചേര്‍ത്തിട്ടുള്ളവരാണ് മലയാളികള്‍. അതില്‍ ഏറെ പ്രിയപ്പെട്ടതാണ് തമിഴ് സിനിമകളും താരങ്ങളും. രജനീകാന്ത് മുതല്‍ പുതുതലമുറ താരങ്ങളില്‍ ശിവകാര്ത്തികേയന് വരെ കേരളത്തില്‍ ആരാധകരുണ്ട്. അതില്‍ ഏറെ ആരാധകരുള്ള ഒരു താരമാണ് വിജയ്. അദ്ദേഹത്തെ ഒരു നോക്കു കാണാനും ഒപ്പം നിന്നൊരു ചിത്രമെടുക്കുവാനും വേണ്ടി ചെന്നൈയിലേക്ക് വണ്ടി കയറുന്ന ആളുകള്‍ നിരവധിയാണ്. അങ്ങനെയൊരു ആരാധികയാണ് തിരുവനന്തപുരം സ്വദേശിനി ശരണ്യ വൈശാഖ്. വിജയിനെ നേരിട്ടു കണ്ട ആഹ്ളാദം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് ഈ പെണ്‍കുട്ടിയെ അണ്ണന് സഹോദരി എന്ന് വിളിച്ച് തമിഴ്നാട്ടില്‍ നിന്നുപോലും ആശംസകള്‍ തേടിയെത്തിയത്. ശരണ്യയ്ക്കൊപ്പം വിജയ് നില്ക്കുന്ന ചിത്രം നടി സമന്ത സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത് തരംഗമായിരുന്നു.
പൊതുവേ സ്ത്രീകള്‍ സജീവമല്ലാത്ത ഫാന്‍സ് അസോസിയേഷനുകളില്‍ എത്തിപ്പെട്ടത് ഏറെ പരിഹാസങ്ങളും അവഗണനകളും സഹിച്ചാണെന്ന് ശരണ്യ പറയുന്നു. വിജയ് ഫാന്‍സ് അസോസിയേഷന് തുടങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഭാരവാഹികളായ ബിന്ദുവും സൗമ്യയും.
''ഫാന്‍സ് അസോസിയേഷനില്‍ എന്റെ സുഹൃത്തുക്കളായ ബിന്ദു, സൗമ്യ എന്നിവര്‍ എത്തിയത് ഏറെ കഷ്ടപ്പെട്ടാണ്. അവരാണ് പെണ്‍കുട്ടികളുടെ ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചത്. സൗമ്യയാണ് പ്രസിഡന്റ് ബിന്ദു ചേച്ചി വൈസ് പ്രസിഡന്റ്. ബിന്ദു ചേച്ചിയും സൗമ്യയും അണ്ണനെ കാണാന്‍ 2016 ല്‍ ചെന്നൈയിലേക്ക് വന്നു. പക്ഷേ കഴിഞ്ഞില്ല. അന്ന് ചില ആണ്‍കുട്ടികളും വിജയ് ഹേറ്റേഴ്സും അവരെ കളിയാക്കി. നിങ്ങള്‍ ഒരിക്കലും വിജയിനെ കാണില്ലെന്ന് അവര്‍ പറഞ്ഞു. ഈ ചിത്രം അവരെ പരിഹസിച്ചവര്ക്ക് ചെകിട്ടത്ത് നല്കുന്ന അടിയാണ്. ബിന്ദു ചേച്ചി പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. അവര്‍ക്ക് അവരുടെ ബുദ്ധിമുട്ടുകളെല്ലാം അണ്ണനെ കണ്ട് പറയണം എന്നുണ്ട്. സൗമ്യയുടെ ആഗ്രഹം അണ്ണന് അവളുടെ വിവാഹത്തിന് വരണം എന്നാണ്. വിജയ് അണ്ണനെ കാണാന്‍ കൊതിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരുടെ ആഗ്രഹം കൂടി നിറവേറണം.''
ബിന്ദു പറയുന്നതിങ്ങനെ..
''എനിക്ക് ഡാന്‍സ് ഇഷ്ടമാണ്. പോക്കിരിയിലെ പാട്ടുകള്‍ കണ്ടപ്പോള്‍ വീട്ടില്‍ സിനിമ കാണണമെന്ന് പറഞ്ഞ് വാശിപിടിച്ചു. അങ്ങനെ അണ്ണന്റെ സിനിമകള്‍ കണ്ടു തുടങ്ങിയതാണ്. ഇപ്പോള്‍ കടുത്ത ആരാധികയാണ്''- സൗമ്യ പറഞ്ഞു.
Content Highlights: Vijay kerala fans women vijay women fans association saranya Vysakh bindu souwmya