തമിഴ്സിനിമകളോട് ഏറെ ആരാധന പുലര്‍ത്തുന്ന വ്യക്തിയാണ് താനെന്ന് യുവനടന്‍ വിജയ് ദേവേരക്കൊണ്ട. തന്റെ ആദ്യ തമിഴ്ചിത്രമായ നോട്ടയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന നോട്ട നിര്‍മിക്കുന്നത് കെ.ഇ ജ്ഞാനവേല്‍ രാജയാണ്.
തമിഴ് സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. തമിഴ്‌സിനിമാ താരങ്ങളെയും. രജനികാന്തിന്റെ സ്‌റ്റൈലാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. വിജയിന്റെ നൃത്തമാണ് എനിക്കേറെ ഇഷ്ടം. അദ്ദേഹം മികച്ച നര്‍ത്തകനാണ്.
സത്യത്തില്‍ വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ വിജയ് ചിത്രങ്ങളുടെ ട്രെയിലറുകളും കണ്ടിട്ടുണ്ട്. ഒരു സിനിമ മുഴുവനായും ഇതുവരെ കണ്ടിട്ടില്ല- ദേവേരകൊണ്ട പറഞ്ഞു.
അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവേരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡിയ്ക്കു ശേഷം അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു.
പിന്നീട് മഹാനടി ഗീത ഗോവിന്ദം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ടാക്‌സിവാല, ഡിയര്‍ കോമറേഡ് എന്നീ ചിത്രങ്ങളാണ് ദേവേരക്കൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.