ഇനി ഇതാവർത്തിക്കരുത്; ആരാധകർക്ക് താക്കീതുമായി വിജയ്


വിജയ്, തമന്ന എന്നിവര്‍ വേഷമിട്ട സുറ എന്ന ചിത്രത്തെ കളിയാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം

പ്രിയതാരത്തെയും അവര്‍ അഭിനയിച്ച സിനിമയെയും പരിഹസിക്കുന്നത് പലപ്പോഴും ആരാധകര്‍ക്ക് ദഹിക്കാറില്ല. വിമര്‍ശിക്കുന്നവരെ പലപ്പോഴും കേട്ടലറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാകും ഇവര്‍ നേരിടുക. തമിഴ് സൂപ്പര്‍താരം വിജയ് അഭിനയിച്ച ഒരു സിനിമയെ പരിഹസിച്ചതിന് അത്തരത്തിലുള്ള അധിക്ഷേപത്തിന് വിധേയയായിരിക്കുകയാണ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ ധന്യ രാജേന്ദ്രന്‍.

വിജയ്, തമന്ന എന്നിവര്‍ വേഷമിട്ട സുറ എന്ന ചിത്രത്തെ ധന്യ ട്വിറ്ററിൽ കളിയാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത ട്രോള്‍ ആക്രമണമായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ആരാധകരുടെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ച് വിജയ് തന്നെ രംഗത്തെത്തി.

ഞാന്‍ സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്നു. സിനിമയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് അവരുടെ കാഴ്ചപ്പാടാണ്. സാഹചര്യം എന്തു തന്നെയാകട്ടെ സ്ത്രീകള്‍ക്കെതിരെ ഇത്തരത്തിലുള്ള മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അധികാരമില്ല. മേലില്‍ ആരും ഇതാവര്‍ത്തിക്കരുത്- വിജയ് പത്രക്കുറിപ്പില്‍ പറയുന്നു.

ഷാരൂഖ് ഖാന്‍ നായകനായ ഹാരി മെറ്റ് സേജല്‍ എന്ന സിനിമയെക്കുറിച്ച് പറയുമ്പോഴാണ് ധന്യ സുറയെക്കുറിച്ച് പരാമര്‍ശിച്ചത്.

വിജയിന്റെ സുറ ഇന്റര്‍വെല്‍ വരെ കണ്ട തനിക്ക് ഹാരി മെറ്റ് സേജാല്‍ അത്രപോലും കാണാന്‍ തോന്നിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram