തമിഴ് നടന്‍ വിജയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സഞ്ജീവ്. വിജയുടെ മെര്‍സല്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങില്‍ അവതാരകനായിരുന്നു സഞ്ജീവ്.
പൊതുവെ ശാന്ത സ്വഭാവമുള്ള വിജയിനെ ഒരിക്കല്‍ താന്‍ വല്ലാതെ പ്രകോപിപ്പിച്ചുവെന്നും തുടര്‍ന്ന് അതൊരു വലിയ വഴക്കില്‍ ചെന്നു കലാശിച്ചുവെന്നും തുറന്ന് പറയുകയാണ് സഞ്ജീവ്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് മനസ്സു തുറന്നത്.
'വഴക്കിന് പിന്നിലുള്ള കാരണം എന്താണെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ സംഭവം എന്താണെന്ന് ഞാന്‍ പറയാം. ഞാനും വിജയും പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളും ഒരിക്കല്‍ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയില്‍ ഞാനും വിജയും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോള്‍ കളി കാര്യമായി. വിജയിനെ പൂര്‍ണമായി മനസ്സിലാക്കാതെ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കില്‍ അവസാനിച്ചു.
എന്റെ ചില വാക്കുകള്‍ പരിധി കടന്നപ്പോള്‍ വിജയ് മേശയില്‍ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോവുകയായിരുന്നു. ആറു മാസത്തോളം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. വിജയ് ദേഷ്യപ്പെട്ടാല്‍ ഒരിക്കലും ബഹളമുണ്ടാക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആ മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു.
ഞാനായിരുന്നു തെറ്റ് ചെയ്തത്. അതു മനസ്സിലാക്കിയപ്പോള്‍ വിഷമമായി. മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഞാനിനി ഇടപെടുകയില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരിക്കല്‍ ഒരു പൊതുവേദിയില്‍ ഞാന്‍ ഈ കാര്യം പറയുകയും വിജയിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വച്ചു പുലര്‍ത്താന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം'- സഞ്ജീവ് പറഞ്ഞു.