വെയില്‍ എന്ന സിനിമയുടെ സംവിധായകന്‍ ശരത് മനസുതുറക്കുന്നു:
ഷെയിന്‍ നിഗം കിസ്മത്ത് ചെയ്യുന്ന സമയം മുതല്‍ ഞാനും ഷെയിനും പരിചയക്കാരാണ്. അന്നാണ് കഥ പറയുന്നത്. അന്നുമുതല്‍ തുടങ്ങിയ സൗഹൃദം. ഒരു സഹോദരനോടുള്ള സ്‌നേഹം അന്നും ഇന്നും എനിക്ക് ഷെയിനോടുണ്ട്. ആറു വര്‍ഷത്തെ തന്റെ പരിശ്രമത്തിന്റെ ഫലമാണ് വെയില്‍ സിനിമ. ആ കാത്തിരിപ്പ് പൂര്‍ത്തീകരിക്കപ്പെടണമെന്നാണ് ആഗ്രഹം. തര്‍ക്കങ്ങള്‍ എല്ലാം അവസാനിക്കുമെന്നും ഷെയിന്‍ മടങ്ങിവരുമെന്നും പ്രതീക്ഷിക്കുകയാണ്. നവാഗതനായ എന്റെ മാത്രം സിനിമയല്ല വെയില്‍. അത് നായകവേഷം ചെയ്യുന്ന ഷെയിന്‍ നിഗത്തിന്റേതുകൂടിയാണ്.
ഷെയിനും ശരത്തും തമ്മില്‍ എന്താണ് തര്‍ക്കം?
അങ്ങനെയൊരു തര്‍ക്കമുണ്ടെന്ന് കരുതുന്നില്ല. സിനിമയുടെ നിര്‍മാതാവ് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഞാനും പങ്കെടുത്തിരുന്നു. പത്രസമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ഷെയിനെ അറിയിച്ചിരുന്നു. പത്രസമ്മേളനത്തില്‍ സംസാരിച്ചത് മുഴുവന്‍ വെയില്‍ സിനിമയെപ്പറ്റി മാത്രമാണ്. നിര്‍മാതാവിനൊപ്പം ഞാനും പങ്കെടുത്തത് ഒരുപക്ഷേ ഷെയിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അതാവാം എന്നോട് നീരസം തോന്നാന്‍ കാരണം. ലൊക്കേഷനില്‍ ഞാന്‍ മോശമായി പെരുമാറി എന്നതൊക്കെ വെറും കഥകളാണ്.
ലൊക്കേഷനില്‍ എന്താണ് നടന്നത്?
ധാരണ അനുസരിച്ച് 16ന് ഷെയിന്‍ ലൊക്കേഷനിലെത്തി. തുടര്‍ന്നുണ്ടായ കാര്യങ്ങളൊക്കെ ലൊക്കേഷനിലുണ്ടായിരുന്ന ആരോടു ചോദിച്ചാലും അറിയാം. 50ല്‍ അധികം പേര്‍ ലൊക്കേഷനിലുണ്ടായിരുന്നതാണ്. എല്ലാം കഴിഞ്ഞകാര്യങ്ങളല്ലേ? ഇനിയും പറയുന്നതുകൊണ്ട് എന്തുകാര്യം? എനിക്ക് എങ്ങനെയെങ്കിലും സിനിമ പൂര്‍ത്തിയാക്കണം. അത്രക്ക് സ്വപ്നം കണ്ട പ്രൊജക്ടാണ്. തര്‍ക്കങ്ങള്‍ക്കില്ല, പ്രശ്‌നങ്ങള്‍ക്കുമില്ല. ഷെയിനോട് സ്‌നേഹം മാത്രം.
പരാതി നല്‍കിയിട്ടുണ്ടോ?
ഉണ്ട്. ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണനുമായി സംസാരിച്ചു. പ്രശ്‌നം പരിഹരിച്ച് സിനിമ പൂര്‍ത്തീകരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതി?
സിനിമ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഞാന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പ്രതിസന്ധിയിലാണ്. പലരും മറ്റ് സിനിമകള്‍ ഉപേക്ഷിച്ചാണ് നില്‍ക്കുന്നത്. കണ്ടിന്യുവിറ്റി പ്രശ്‌നമുള്ളതിനാല്‍ പലര്‍ക്കും മറ്റ് സിനിമകള്‍ സാധ്യമാകുന്നില്ല. എന്തുചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് ഞാനടക്കമുള്ളവര്‍. തര്‍ക്കങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സിനിമ നിലനില്‍ക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമ ഇവിടെയുണ്ടാകും.
Content Highlights : veyil movie director sarath about shane nigam joby george