സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജ പ്രിന്റുകള്‍. ഇന്റര്‍നെറ്റില്‍ ഇത്തരം അനധികൃത സൈറ്റുകള്‍ സജീവമാണ്. വ്യാജ സിനിമകളെ തടയിടാന്‍ പലരും ശ്രമിച്ചിട്ടും, അതൊന്നു ഫലവത്തായില്ല. ഈയിടെ പുറത്തിറങ്ങിയ പല സിനിമകളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
ബോളിവുഡ് സിനിമ ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തിയേറ്ററുകളില്‍ എത്തിയത്. ഉറിയുടെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യുവാവിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വലിയ ചര്‍ച്ചാവിഷയം.
3.4 ജി.ബി ഫയല്‍ സൈസുള്ള ഉറി ടോറന്റില്‍ നിന്നും ഒരാള്‍ ഡൗണ്‍ലോഡ് ചെയ്തു. എന്നാല്‍ അയാള്‍ക്ക് കിട്ടിയതാകട്ടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നൊരു സന്ദേശവും. വ്യാജ സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്നും പൈറസിയെ തടയണം എന്നതുമായിരുന്നു സന്ദേശം. ഇത് പറയുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളും.
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രണവും തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ ആദിത്യ ധര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍ക്കായി ചിത്രത്തിന്റെ കളക്ഷനില്‍ നിന്ന് ഒരു കോടി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
വിക്കി കൗശലാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. യാമി ഗൗതം, പരേഷ് റാവല്‍, കൃതി സനോണ്‍, മോഹിത് റൈന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Content Highlights: Uri: The Surgical Strike movie piracy man downloaded 3.4 gb movie say no to piracy