സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. സംഭവത്തെ അനാസ്ഥയായും അലംഭാവമായും മാത്രം കാണാനാവില്ലെന്നും മറിച്ച് കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണെന്നും ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനുമാവും? ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ, നിനക്ക് ആദരാഞ്ജലികള്‍', ഉണ്ണി കുറിച്ചു.
ഇത് നീചമായ കുറ്റകൃത്യമാണെന്നാണ് നിവിന്‍ പോളി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനില്‍ക്കുകയായിരുന്നു.
പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛര്‍ദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
Content Highlights : Unni Mukundan's responds to Student death, snake bite