സിനിമാജീവിതം തുടങ്ങിയ കാലം മുതല്‍ക്കു തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ഉണ്ണി മുകുന്ദന്‍. അവിടെ വലിയൊരു ആരാധകസമ്പത്തുണ്ട് നടന്. എന്നാല്‍ അതോടൊപ്പം അന്നു തൊട്ടേ തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്നുണ്ടെന്നും ആള്‍മാറാട്ടവേലകള്‍ കാണിക്കുന്ന വ്യാജന്‍മാര്‍ക്കെതിരേ പല തവണ പരാതി നല്‍കിയിട്ടുള്ളതുമാണെന്നും ഉണ്ണി മുകുന്ദന്‍.
ചെറുപ്പക്കാരാണ് എന്നതിനാല്‍ ഭാവി നശിക്കേണ്ടെന്നു കരുതി പലരെയും താക്കീതു ചെയ്ത് വിട്ടയച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.
'നമ്മുടെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ ഐഡികളുണ്ടാക്കുന്നു. എന്നിട്ട് പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു. സിനിമയില്‍ വന്നപ്പോള്‍ മുതല്‍ മുതല്‍ ഇതുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഇതേ വിഷയത്തില്‍ പരാതി നല്‍കിയപ്പോള്‍ കൊല്ലത്ത് നിന്നും ചില പയ്യന്‍മാരെ പൊക്കിയിരുന്നു. പതിനേഴും പതിനെട്ടും വയസ്സുള്ള പിള്ളേരായിരുന്നു. അന്ന് അവര്‍ ചെറുപ്പമല്ലേയെന്നും കൈയബദ്ധം പറ്റിപ്പോയെന്നുമെല്ലാം അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും ഒക്കെ വന്നു കരഞ്ഞു പറഞ്ഞതുകൊണ്ട് അവര്‍ക്ക് താക്കീത് നല്‍കി വിട്ടയയ്ക്കുകയാണുണ്ടായിട്ടുള്ളത്. പെണ്‍കുട്ടികളുമായുള്ള സംഭാഷണങ്ങളും ഫോട്ടോകളുമെല്ലാം പുറത്തു വിട്ടാല്‍ അവരുടെ ഭാവി പോകുമെന്നെല്ലാം പറയുമ്പോള്‍ നമുക്കും പാവം തോന്നുല്ലോ. അവര്‍ തന്നെയാണോ ഇതിനു പിന്നില്‍ എന്നറിയില്ല, എങ്കിലും ഞാന്‍ ഇതിനെതിരെ പ്രതികരിക്കുന്നില്ല, നടപടിയെടുക്കുന്നില്ല എന്ന തോന്നലാകാം ഇത്തരക്കാരെ വീണ്ടും ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്.
ഒരിക്കല്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ മാനേജര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ ഞാനാണ് എന്നു പറഞ്ഞു ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് അവരോടു സംസാരിച്ചിട്ടുണ്ട്. എനിക്കു പേരുകള്‍ പുറത്തു പറയുവാന്‍ സാധിക്കില്ല. കഴിഞ്ഞമാസം മാട്രിമോണിയല്‍ സൈറ്റിന്റെ പ്രൊഫൈലില്‍ ഫോട്ടോ ആയി എന്റെ ചിത്രം നല്‍കിയിരുന്ന ഹരീഷ് എന്നയാളെയും കണ്ടെത്തിയിരുന്നു. അത്തരം പല കേസുകളും പോലീസ് പിടിച്ചിട്ടുമുണ്ട്. എന്നാല്‍ എല്ലാം ഒത്തുതീര്‍പ്പിലാണ് അവസാനിക്കാറ്.
iam unnimukundan എന്നാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ ഐഡി. അത് iam.unnimukundan എന്നെഴുതി, ഐഡി ഉണ്ടാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് റിക്വസ്റ്റുകള്‍ അയയ്ക്കുന്നു. ആളുകള്‍ അവര്‍ ഞാനെന്ന് വിശ്വസിച്ച് ചാറ്റ് ചെയ്യുന്നു. കുറച്ചുകാലമായി ഇത് തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നതുകൊണ്ട് സ്റ്റേഷനില്‍ പരാതി നല്‍കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇനിയെങ്കിലും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുവാന്‍ വേണ്ടി.
ഇനി ഇത്തരക്കാര്‍ ആരായാലും പ്രായം നോക്കാതെ പിടികൂടുക, ജയിലില്‍ പിടിച്ചിടുക. എന്നോടു ചോദിക്കരുത് എന്നതാണ് ഇനി എന്റെ നിലപാട്. പോലീസുകാരോടു സംസാരിച്ചിരുന്നു.' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlights : Unni Mukundan's father complaints to police about fake accounts in social media molesting ladies