മമ്മൂക്ക-ലാലേട്ടൻ ആരാധകര്‍ അറിയാന്‍, ഒരു രീതിയില്‍ ഉള്ള വേര്‍തിരിവും ഇവരോട് എനിക്കില്ല


2 min read
Read later
Print
Share

മലയാള സിനിമയെ സ്‌നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകന്‍ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയില്‍ ഉള്ള വേര്‍തിരിവും ഇവരോട് എനിക്കില്ല.

നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍. താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും അത് മമ്മൂക്കയ്ക്കും അറിയാമെന്നും സ്ഫടികം കണ്ടാണ് ഒരു നായകനാകണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും ഉണ്ണി മുൻപ് ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വീണ്ടും വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിക്കാൻ തുടങ്ങിയതോടെ താരങ്ങളുടെ ആരാധകര്‍ തമ്മില്‍ വാക്‌പോരും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇതോടെയാണ് ഉണ്ണി വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്.

ഇരുവരെയും പാഠപുസ്തകമാക്കിയാണ് അവരുടെ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാ ജീവിതം തുടങ്ങിയതെന്നും മലയാള സിനിമയെ സ്‌നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകന്‍ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയില്‍ ഉള്ള വേര്‍തിരിവും ഇവരോട് തനിക്കില്ലെന്നും ഉണ്ണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങളിലേക്ക് അതുല്യരായ ഈ കലാകാരന്മാരെ വലിച്ചിഴക്കുന്നത് അവരോട് കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണെന്നും ഉണ്ണി പരയുന്നു.

ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട മമ്മൂക്ക ആന്‍ഡ് ലാലേട്ടന്‍ ഫാന്‍സ് അറിയുന്നതിന്,

സിനിമ എന്ന വലിയ ലോകത്തേക്ക് അഭിനയം എന്ന കല ആധികാരികമായി പഠിക്കാതെയും, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയും എത്തിയ എനിക്ക്, അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങള്‍ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. അവര്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അനവധി കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്.

സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരെയും പോലെ ഈ രണ്ടു അതുല്യകലാകാരന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയില്‍, എന്റെ ശ്രദ്ധയില്‍പെട്ട ചില കാര്യങ്ങള്‍ വളരെ വിഷമിപ്പിച്ചു. എന്നെ പോലെ ചെറിയ ഒരു ആര്‍ട്ടിസ്റ്റ് ഇവരില്‍ ആരുടെ ഫാന്‍ ആണെന്ന വിഷയത്തിന്റെ പേരില്‍ ഓണ്‍ലൈനില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ആയി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല.

ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഇവര്‍ രണ്ടു പേരും. ശ്രീ മമ്മൂട്ടിയും ശ്രീ മോഹന്‍ലാലും എക്കാലവും അഭിനയത്തിന്റെ പകരക്കാരില്ലാത്ത ഉദാഹരണങ്ങളാണ്. മലയാള സിനിമയെ സ്‌നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകന്‍ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയില്‍ ഉള്ള വേര്‍തിരിവും ഇവരോട് എനിക്കില്ല.

ഈ ഒരു വിഷയത്തിന്റെ പേരില്‍ ഉള്ള ചേരി തിരിഞ്ഞുള്ള വെറുപ്പും വിധ്വേഷവും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. കല ദൈവീകമാണ്, ഇവര്‍ അനുഗ്രഹീതരായ കലാകാരന്മാരും. നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മള്‍ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്.

രണ്ടു പേരെയും ഇത്രയും കാലം നമ്മള്‍ എങ്ങനെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ചേര്‍ത്ത് നിര്‍ത്തിയോ, അത് തുടര്‍ന്നും നമുക്ക് ചെയ്യാം. മിഖായേല്‍ എന്ന സിനിമ റിലീസ് ആകാന്‍ ഇനി വളരെ കുറച്ച ദിവസങ്ങള്‍ മാത്രമേയുള്ളു. ഈ ഒരു അവസരത്തില്‍, തികച്ചും ദൗര്‍ഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം, ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്ത്. ഇനിയും ഒരുപാട് നല്ല സിനിമകള്‍ എല്ലാവര്‍ക്കും ഉണ്ടാവട്ടെ.

സ്‌നേഹത്തോടെ, ഉണ്ണി മുകുന്ദന്‍

Content highlights : Unni Mukundan Facebook Post Mohanlal Mammootty Fan Fight Unni Mukundan about Mammootty And Mohanlal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018


mathrubhumi

1 min

കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു, ആശാനാകാന്‍ ഈ പ്രമുഖ സംഗീത സംവിധായകന്‍

Apr 19, 2019


mathrubhumi

1 min

'മൊതലെടുക്കണേണാ സജീ'; മികച്ച നടന് ആശംസയുമായി കുമ്പളങ്ങി ടീം

Feb 28, 2019