ബോളിവുഡിലെ താരദമ്പതികളായിരുന്ന സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകള്‍ തൃഷാല ദത്തിന്റെ കാമുകന്‍ അകാലത്തില്‍ മരിച്ചത് വലിയ വാർത്തയായിരുന്നു സിനിമാലോകത്ത്. കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് തൃഷാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മരണവിവരം എല്ലാവരും അറിഞ്ഞത്.
ജൂലൈ രണ്ടിനായിരുന്നു മരണം. കാമുകന്റെ പേരോ മരണകാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ കാമുകനെക്കുറിച്ച് ഹൃദയംതൊടുന്ന മറ്റൊരു കുറിപ്പ് കൂടി തൃഷാല പങ്കുവച്ചിരിക്കുകയാണ്.
എന്റെയുള്ളിലെ പഴയ എന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ ആത്മാര്‍ഥ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നു. ഈ കഴിഞ്ഞ ആഴ്ച്ചകള്‍ എനിക്ക് സമ്മാനിച്ചത് വലിയ വേദനകളാണ്. പക്ഷേ പഴയ പോലെയാകാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാനവനെ മിസ് ചെയ്യുന്നു. ഞാന്‍ അവനെ സ്‌നേഹിക്കുന്നു. ഞാന്‍ അവനെ ആരാധിച്ചതുപോലെ തന്നെ അവന്‍ എന്നെയും ആരാധിച്ചിരുന്നു"-തൃഷാല കുറിച്ചു.
'എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. എന്നെ സ്നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും.
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എല്ലായ്പ്പോഴും നിന്റെ ബെല്ല മിയ.'-കാമുകന്റെ വിയോഗത്തില്‍ മനം നൊന്ത് തൃഷാല നേരത്തെ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
തൃഷാലയുടെ ഇന്‍സ്റ്റഗ്രാം പേജ് ഈയടുത്താണ് പ്രൈവറ്റ് ആക്കിയത്. 30000ത്തിലധികം ഫോളോവേഴ്സ് തൃഷാലയ്ക്ക് ഉണ്ടായിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും തൃഷാല പങ്കുവയ്ക്കാറുണ്ടായിരുന്നു.
സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. 1987 ലാണ് സഞ്ജയ് ദത്ത് റിച്ചയെ വിവാഹം ചെയ്തത്. 1996 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. 1989 ലാണ് തൃഷാലയുടെ ജനനം. അതേ വര്‍ഷം തന്നെ റിച്ചയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് മകളെയും കൂട്ടി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തില്‍ റിച്ച ശര്‍മയെക്കുറിച്ചോ തൃഷാലയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല.
Content Highlights : Trishala Dutt daughter of Sanjay Dutt heartbreaking post on Death of boyfriend