സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോട് പരാതിയില്ല; ഇവിടെ തോല്‍ക്കുന്നത് സിനിമയെന്ന കലാരൂപമാണ്


ഈ സിനിമയും തീയറ്റര്‍ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത് നിങ്ങളുടെ ഇഷ്ടമാണ്, നിങ്ങളുടെ തീരുമാനമാണ്

മായനദിയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ ടോവിനോ തോമസ്. തന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ടോവിനോ പോസ്റ്റ് ഇട്ടത്.

ആദ്യ ദിവസം മുതല്‍ തിയ്യേറ്ററില്‍ എത്തിയതിനും സിനിമ കണ്ടിഷ്ടപ്പെട്ട് കൂടുതല്‍ ആളുകളെ തിയ്യേറ്ററില്‍ എത്തിച്ചതിനും തങ്ങളെ നെഞ്ചേറ്റിയതിനും ആരാധകര്‍ക്ക് നന്ദി പറഞ്ഞ ടോവിനോ, സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചവരോട് തനിക്ക് പരാതിയോ പരിഭവമോ ഇല്ല എന്നും വ്യക്തമാക്കി. തീര്‍ത്തും നിസ്സാരമായ കാര്യങ്ങള്‍ കൊണ്ട് മായാനദി തിയ്യേറ്ററില്‍ കാണുന്നില്ല എന്ന തീരുമാനത്തില്‍ തോല്‍ക്കുന്നത് സിനിമ എന്ന കലാരൂപമാണെന്നും ടോവിനോ പറഞ്ഞു.

ടോവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

എല്ലാവര്‍ക്കും നമസ്‌കാരം..

ഒരുപാട് സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണു ഈ വാക്കുകള്‍ കുറിക്കുന്നത്.

മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതല്‍ ഇന്നു വരെ നേരിട്ടും, സോഷ്യല്‍ മീഡിയ വഴിയായുമൊക്കെ ഒരുപാട് പേഴ്‌സണല്‍ മെസേജുകള്‍ എനിക്ക് കിട്ടുന്നുണ്ട് - സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങള്‍ ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അറിയിച്ച് കൊണ്ട്.നേരിട്ട് മെസേജുകള്‍ക്ക് മറുപടി കൊടുക്കണമെന്നുണ്ട് , പക്ഷേ ഷൂട്ടിനിടയില്‍ അതിനു നിര്‍വ്വാഹമില്ലാത്തത് കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത് - എല്ലാവര്‍ക്കും ഒരുപാട് നന്ദി , ഒരുപാട് സ്‌നേഹം :) ആദ്യ ദിവസം മുതല്‍ തീയറ്ററുകളില്‍ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട് നല്ല വാക്കുകള്‍ മറ്റുള്ളവരോട് പറഞ്ഞ് കൂടുതല്‍ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സര്‍വ്വോപരി മാത്തനെയും അപ്പുവിനെയും ചേര്‍ത്തു പിടിച്ച് നെഞ്ചിലേറ്റിയതിനു ...!

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്തുള്ള തീയറ്ററുകളില്‍ പോയി കണ്ടു അഭിപ്രായങ്ങള്‍ അറിയിക്കണം.

ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല.കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകള്‍ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങള്‍ . ഈ സിനിമയും തീയറ്റര്‍ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത് നിങ്ങളുടെ ഇഷ്ടമാണു , നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങള്‍ക്ക് തരുന്ന ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് - തീര്‍ത്തും നിസ്സാരമായ കാരണങ്ങളുടെ പേരില്‍,അതു നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നാണു നിങ്ങള്‍ സ്‌നേഹിക്കുന്ന , നിങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് പറയാനുള്ളത്.

സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററില്‍ കാണില്ല എന്ന ഒരു തീരുമാനത്തില്‍ തോല്‍ക്കുന്നത് ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവര്‍ത്തകരോ അല്ല മറിച്ച് നമ്മള്‍ സ്‌നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണ്.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു.

2017 അവസാനിക്കുകയാണു.ഈ ഒരു വര്‍ഷകാലം നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിനു , പിന്തുണയ്ക്ക്, അംഗീകാരങ്ങള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി, സ്‌നേഹം.

പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ മാത്രം , നല്ലത് മാത്രം സംഭവിക്കട്ടെ.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുന്ന ആഷിക് അബുവിന്റെ ചിത്രമായ മായാനദി തിയ്യേറ്ററില്‍ കാണില്ലെന്ന നിലപാടുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ടോവിനോയെ ഇഷ്ടമായതിനാല്‍ സിനിമ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും 'ഫെമിനിച്ചികളെ' ഓര്‍ക്കുമ്പോള്‍ അത് വേണ്ടെന്ന് വയ്ക്കുകയാണെന്ന് പലരും പറഞ്ഞിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത് ഈ സംഭവങ്ങളുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത തന്നെപോലെയുള്ള നൂറുകണക്കിന് ആളുകളയാണെന്ന മറുപടിയുമായി ടോവിനോയും നേരത്തെ രംഗത്തെത്തിയിരുന്നു.

Tovino Thomas Thanking Fans For accepting Mayanadhi ,Tovino's fitting replay to a comment boycotting mayaanadhi, Tovino Thomas mayaanadhi, Parvathy kasaba Remark wcc, Mammootty Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram